Fri. Mar 29th, 2024

തോമ്മാ ശ്ലീഹായുടെ മാർഗത്തെ,മാർ പിശാച് മാർഗം എന്ന് വിശേഷിപ്പിച്ച് ഫാ.കുരിയാക്കോസ് മുണ്ടാടന്‍. വിമത വിഭാഗത്തിനെതിരെ വരുന്നത് വ്യാജവാര്‍ത്തകള്‍ എന്നും വാദം. വിവാദമൊഴിയാതെ വിമതവൈദീകന്‍!.

By admin Sep 6, 2021 #Mundadan
Keralanewz.com


എറണാകുളം: മുന്‍പൊരിക്കലും കേട്ടുകേള്‍വി ഇല്ലാത്ത കാര്യങ്ങളാണ് കേരള കത്തോലിക്ക സഭയില്‍ ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. സീറോമലബാര്‍ സഭയില്‍ 2017 ആരംഭത്തില്‍ കുര്‍ബാന ഏകീകരണ നടപടികള്‍ ആരംഭിച്ചതിനു ശേഷം വലിയ വിവാദങ്ങളാണ് ഒന്നിന് പുറകെ ഒന്നായി സംഭവിച്ചുകൊണ്ടിരിക്കുന്നത്. കുര്‍ബാന ഏകീകരണങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന സഭാധ്യക്ഷന്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും, തൃശൂര്‍ അതിരൂപതാധ്യക്ഷന്‍ മാര്‍ ആണ്ട്രൂസ് താഴത്തും രാജിവെയ്ക്കണം എന്ന മുറവിളിയും, തെരുവ് ജാഥകളും, സത്യാഗ്രഹവും, കോലം കത്തിക്കലുമെല്ലാം ഒന്നിനുപുറകെ ഒന്നായി നടന്നുകൊണ്ടിരിക്കുകയാണ്.

ഏറ്റവും അവസാനമായി ഇപ്പോള്‍ കുര്‍ബാന മദ്ധ്യേ ക്രൈസ്തവര്‍ സംപൂജ്യമായി കരുതുന്ന അള്‍ത്താരയില്‍ കയറി പുരോഹിതനെ ആക്രമിക്കാനും പ്രശ്നങ്ങള്‍ സൃഷ്ടിക്കാനും ശ്രമിക്കുന്നതുവരെയെത്തി നില്‍ക്കുന്നു വിമത വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍!.

വിമത വിഭാഗത്തിന്റെ പ്രധാന നേതാവായ ഫാ.കുരിയാക്കോസ് മുണ്ടാടനാണ് വിമത പ്രവര്‍ത്തനങ്ങളെ കുറിച്ച് പുറത്തുവരുന്ന വാര്‍ത്തകള്‍ക്കെതിരെ ഫെയിസ്ബുക്ക് കുറിപ്പിട്ടിരിക്കുന്നത്. ഇന്ത്യയിലെ ക്രൈസ്തവര്‍ അവരുടെ സ്ഥാപകനും വിശ്വാസപിതാവുമായി കരുതുന്ന വിശുദ്ധ തോമസ്‌ അപ്പോസ്തോലന്റെ നാമമാണ് ഫാ.കുരിയാക്കോസ് മുണ്ടാടന്‍ മാറ്റി പിശാച് എന്ന് ചേര്‍ത്ത് പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. കേരളത്തിലെ സീറോമലബാര്‍ കത്തോലിക്ക സഭ “മാര്‍ത്തോമ മാര്‍ഗ്ഗം” എന്ന് വിളിക്കുന്ന ഭാരതീയ ക്രൈസ്തവ വിശ്വാസസംഹിതയെ “മാര്‍ പിശാച് മാര്‍ഗ്ഗം” എന്നാണ് വിമത പുരോഹിതന്‍ തിരുത്തിയിരിക്കുന്നത്. തുടര്‍ന്ന് തങ്ങള്‍ക്കെതിരെ വരുന്ന വാര്‍ത്തകള്‍ വ്യാജമാണന്നും പോസ്റ്റില്‍ പ്രസ്താവിക്കുന്നുണ്ട്. വിമതപ്രവര്‍ത്തനങ്ങളെ എതിര്‍ക്കുന്ന സീറോമലബാര്‍ വിശ്വാസികളെ ഉദ്ദേശിച്ചാണ് വൈദീകന്റെ കുറിപ്പ്. സുറിയാനി ഭാഷയില്‍ “മാര്‍” എന്നാല്‍ വിശുദ്ധന്‍, നാഥന്‍ എന്നൊക്കെയാണ് അര്‍ത്ഥം. വിശുദ്ധ തോമസ്‌ അപ്പോസ്തോലന്‍ എന്നതിന്റെ സുറിയാനിയാണ് ‘മാര്‍ തോമാ ശ്ലീഹ’ എന്ന പ്രയോഗം. കേരള കത്തോലിക്ക സഭ വലിയ പ്രാധാന്യമാണ് യേശു ക്രിസ്തുവിന്റെ പന്ത്രണ്ടു ശിഷ്യന്മാരില്‍ ഒരാളായ വിശുദ്ധ തോമസിന് നല്‍കുന്നത്. വിശുദ്ധന്റെ മരണതിരുന്നാളായ ജൂലൈ 3, സഭാദിനമായും ആചരിക്കുന്നു. ഈ കഴിഞ്ഞ ജൂലൈ മൂന്നിനാണ് മാര്‍പാപ്പ കുര്‍ബാന ഏകീകരിക്കുവാന്‍ ആവശ്യപ്പെട്ടുകൊണ്ട് കല്‍പ്പന അയച്ചതെന്നത് വിശുദ്ധനു കേരളത്തിലെ കത്തോലിക്ക സഭയുമായുള്ള ബന്ധം കത്തോലിക്ക പരമാധ്യക്ഷന്‍ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്നതിന് തെളിവാണ്.

ഫാ.കുരിയാക്കോസ് മുണ്ടാടന്‍ ചീഫ് എഡിറ്ററായ സത്യദീപത്തിന്റെ മുന്‍ സാരഥിയായ ഫാ.പോള്‍ തേലെക്കാട്ടില്‍ മുന്‍പൊരിക്കല്‍ വിശുദ്ധ തോമാ ശ്ലീഹ ഇന്ത്യയില്‍ വന്നിട്ടില്ല എന്ന് പ്രസ്താവിച്ചുകൊണ്ട് ഒരു പ്രമുഖ മലയാളം പത്രത്തില്‍ ലേഖനം എഴുതിയിരുന്നത് വിവാദമായിരുന്നു. ഇദ്ദേഹവും വിമതവിഭാഗത്തിലെ പ്രമുഖ വൈദീകനാണ്. കത്തോലിക്ക സഭയിലെ മെത്രാന്മാര്‍ക്കെതിരെ വ്യാജരേഖ ചമച്ചതിന്റെ പേരിലുള്ള കേസ് നേരിട്ടുകൊണ്ടിരിക്കുകയാണ് ഫാ.തേലെക്കാട്ടില്‍.

ഫാ.കുരിയാക്കോസ് മുണ്ടാടന്‍ ആദ്യമായല്ല വിവാദ പരാമര്‍ശങ്ങള്‍ നടത്തുന്നത്. സത്യദീപം വാരികയുടെ അസോസിയേറ്റ് എഡിറ്ററായി പ്രവര്‍ത്തിക്കുന്ന ഫാ.ജെയിംസ് പനവേലിയുടെ വിവാദ ‘ക്രിസംഘി’ പ്രസംഗത്തിൽ അദ്ദേഹത്തിനു പരസ്യമായി പിന്തുണയറിയിച്ചും ഫാ.മുണ്ടാടന്‍ ഫേസ്ബുക്ക് പോസ്റ്റ്‌ ഇട്ടിരുന്നു.
എറണാകുളം അതിരൂപതയിലെ വിമത വിഭാഗത്തിന് തീവ്ര മതസംഘടനകളുമായുള്ള ബന്ധം സോഷ്യല്‍മീഡിയയില്‍ സജീവ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്ന സമയത്താണ് എരിതീയില്‍ എണ്ണയൊഴിക്കുന്ന രീതിയിലുള്ള വിമത വൈദീകനേതാവിന്റെ ഫേസ്ബുക്ക് കുറിപ്പ് വന്നിരിക്കുന്നത്.

https://www.facebook.com/kuriakose.mundadan/posts/4658334064179862

Facebook Comments Box

By admin

Related Post