ജോസഫിന്റെ സർജിക്കൽ സ്‌ട്രൈക്കർ: വൈക്കംകാരനായ ഇരിങ്ങാലക്കുടക്കാരൻ ഉണ്ണിയാടൻ

Please follow and like us:
190k

മാണി ഗ്രൂപ്പിൽ പി ജെ ജോസഫ് നടത്തിയ സർജിക്കൽ സ്ട്രിക്കിൽ അന്ധാളിച്ചു നിൽക്കുകയാണ് ജോസ് കെ മാണി, റോഷി അഗസ്റ്റിൻ, തോമസ് ചാഴികാടൻ, ജയരാജിനെ പോലുള്ള മാണി വിഭാഗം നേതാക്കൾ. മാണി വിഭാഗത്തിനെ തുടച്ചു നീക്കും എന്ന് ശപഥം ചെയ്ത പടപ്പുറപ്പാട് തുടങ്ങിയ പി ജെ ജോസഫിന്റെ കൈകൾക്കു ശക്തി പകരുന്നത് മാണി ഗ്രൂപ്പിന്റെ താങ്ങും തണലുമായി വര്ഷങ്ങളോളം ആ വിഭാഗത്തിനെ പരിപാലിച്ച നേതാക്കളാണെന്നുള്ളടത്താണ് പി ജെ എന്ന ചാണക്യന്റെ തന്ത്രങ്ങൾ ജോസ് കെ മാണിയെയും കൂട്ടരെയും കൊഴപ്പിക്കുന്നത്. പത്ര സമ്മേളനങ്ങളിലൂടെ പി ജെ മാണി വിഭാഗം ചെയർമാനായ ജോസ് കെ മാണിയെ വെല്ലുവിളിച്ചിട്ടും വ്യ്കതിഹത്യ നടത്തിയിട്ടു പോലും പ്രതികരിക്കാൻ ശേഷിയില്ലാതെ ഉലഞ്ഞാടുകയാണ് മാണി വിഭാഗം. ചരിത്രത്തിന്റെ ഏടുകളിൽ കേട്ട് കേൾവിപോലുമിലാത്ത കാര്യമാണ് ജോസഫ് വിഭാഗത്തിന് ഇപ്പോൾ മാണി വിഭാഗത്തിനുമേൽ കിട്ടിക്കൊണ്ടിരിക്കുന്ന അപ്രമാദിത്യം. എന്നാൽ മാണി വിഭാഗത്തിന്റെ നേതാക്കളെ അടർത്തി മാറ്റുമ്പോളും മാണിയോട് വൈകാരികമായി അടുപ്പം പുലർത്തുന്ന പാർട്ടിയുടെ അണികൾ മാണി വിഭാഗത്തിനൊപ്പം നിൽക്കുന്നതാണ് ജോസഫിന് മുൻപോട്ടു കുതിക്കുന്നതിനുള്ള ഏക വിലങ്ങു തടി.

മാണി ഗ്രൂപ്പിനെ വെട്ടിലാക്കിയ മാണി വിഭാഗം നേതാക്കളെക്കുറിച്ചുള്ള ലേഖന പരമ്പരയിൽ ആദ്യം പരിചയപ്പെടുത്തുന്ന നേതാവാണ് – തോമസ് ഉണ്ണിയാടൻ. ലേഖനത്തിൽ പഴയ മാണി ഗ്രൂപ്പിലെ പ്രധാനികൾ എന്ത് കൊണ്ട് ജോസഫിനൊപ്പം നിലപാടെടുക്കുന്നു എന്ന് പരിശോധിക്കുന്നു. അതോടൊപ്പം ജോസഫ് ഗ്രൂപ്പിൽ എത്രകണ്ട് വളരാൻ ഇവർക്ക് സാധിച്ചേക്കും എന്നതും വിലയിരുത്തുന്നു.

തോമസ് ഉണ്ണിയാടൻ
മാണി ഗ്രൂപ്പിലെ പ്രധാനി ഇന്ന് ജോസഫ് ഗ്രൂപ്പിന്റെ മുഖ്യ ഉപദേഷ്ട്ടാവാണ്. മാണി ഗ്രൂപ്പിന്റെ അകകള്ളികൾ മുഴുവൻ അറിയാവുന്ന ഉണ്ണിയാടനെ അടർത്തി എടുക്കുക വഴി മാണി ഗ്രൂപ്പിന് ശക്തമായ അടിയാണ് പി ജെ ജോസഫ് നൽകിയതെന്നും നിസംശയം പറയാം. കെ എം മാണിയിൽ നിന്നും നേടാവുന്നതെല്ലാം നേടിയ നേതാവാണ് ഉണ്ണിയാടൻ. ചീഫ് വിപ് സ്ഥാനം ജയരാജിനെയും റോഷിയെയും മറികടന്നാണ് മാണി ഉണ്ണിയാടന് നൽകിയത്. അതിനാൽ തന്നെ ഉണ്ണിയാടൻ ജോസെഫിനൊപ്പം പോയത് പാർട്ടിയോട് ചെയ്ത കൊടിയ വഞ്ചന എന്നാണ് മാണി വിഭാഗം വിലയിരുത്തുന്നത്. ഉണ്ണിയാടൻ ജോസഫ് ഗ്രൂപ്പിൽ പോയതിനു രണ്ടു കാരണമാണ് പ്രധാനമായും പറയപ്പെടുന്നത് 1 . ലഭിക്കാതെ പോയ ധനമന്ത്രി സ്ഥാനവും 2 . ഭാവിയിൽ ഇരിങ്ങാലക്കുട സീറ്റിലെ നിലനിൽപ്പും.

കിട്ടാതെ പോയ ധനമന്ത്രി സ്ഥാനം:
ബാർ കോഴയുമായി ബന്ധപെട്ടു കെ എം മാണി യൂഡിഎഫ് മന്ത്രിസഭയിൽ നിന്നും രാജിവെച്ചു പുറത്തു വരുമ്പോൾ യൂഡിഎഫിലെ കേരള കോൺഗ്രസ് മാണി വിഭാഗത്തിന്റെ സ്ഥാനങ്ങളെല്ലാം ഒഴിയാം എന്നൊരു തീരുമാനം കൈകൊണ്ടിരുന്നു. എന്നാൽ ഇതിനു ഘടകവിരുദ്ധമായ നിലപാടെടുത്തത് പി ജെ ജോസഫായിരുന്നു. ഇതിനു പിന്നിൽ മോൻസ് ജോസെഫിന്റെ അദൃശ്യകാര്യങ്ങളാണെന്നു അന്നേ രാഷ്ട്രീയവൃത്തങ്ങൾ സംശയം രേഖപ്പെടുത്തിയിരുന്നു. ഒരു പരിധി വരെ കേരള കോൺഗ്രസ് പാർട്ടിയിൽ ഇന്ന് സംഭവിച്ചിട്ടുള്ള അന്തച്ഛിദ്രങ്ങൾക്കുള്ള തുടക്കം ജോസഫ് അന്നെടുത്ത തീരുമാനം തന്നെയാണ്. എന്നാൽ ഏവരെയും ഞെട്ടിച്ചു കൊണ്ട് തോമസ് ഉണ്ണിയാടൻ ചീഫ് വിപ് സ്ഥാനം വല്ലച്ചെറിഞ്ഞു തനിക്കു മാണി കഴിഞ്ഞേ നേതാവുള്ളു എന്ന് വിളിച്ചു പറഞ്ഞതും രാഷ്ട്രീയ കേരളം കാണുവാനിടയായി. എന്നാൽ ഉണ്ണിയാടൻ രാജിവച്ചതിന് ശേഷം നടന്ന സംഭവവികാസങ്ങൾ ചില സിനിമ തിരക്കഥകളെ പോലും വെല്ലുന്നതായിരുന്നു. രാഷ്ട്രീയ അകത്തളങ്ങളിൽ കേട്ട കഥ ഇപ്രകാരമായിരുന്നു രാജി വെച്ച ഉണ്ണിയാടൻ പി ജെ ജോസഫിനെ തള്ളിപ്പറഞ്ഞു മാണിയുടെ വിശ്വസ്യത നേടിയ ശേഷം നേരെ പോയത് ക്ലിഫ് ഹൗസിലേക്ക്. ഉമ്മൻ ചാണ്ടിയെ കാണുന്നു മാണിക്ക് പകരം തനിക്കു ധന മന്ത്രി സ്ഥാനം ചോദിക്കുന്നു. ആലോചിച്ചു പറയാം എന്ന് പറഞ്ഞു കുഞ്ഞ്ഞ്ഞു ഉണ്ണിയാടനെ മടക്കി അയ്യക്കുന്നു. ശേഷം ഉണ്ണിയാടന്റെ ആത്മാർത്ഥതയിൽ അഭിമാനപുളകിതനായ മാണിയെ ഉമ്മൻ ചാണ്ടി വിളിക്കുകയും ഉണ്ണിയാടന്റെ തന്നോട് ആവശ്യപ്പെട്ട കാര്യം വെളിപ്പെടുത്തുകയും ചെയ്യുന്നു. ഒപ്പമുള്ളവർ എന്നും ഒപ്പമുണ്ടെന്നു ഒറപ്പിച്ചോളാൻ മാണിക്ക് ഒരു ഉപദേശവും കൊടുത്തു ഉമ്മൻ ചാണ്ടി. അന്ന് ഉണ്ണിയാടന്റെ ചതി ഓർത്തു മാണിയുടെ കണ്ണുനിറഞ്ഞതായി പറയപ്പെടുന്നു. ഇതോടെയാണ് കെ എം മാണിയും തോമസ് ഉണ്ണിയാടനും അകലുന്നത്. എന്നാൽ ഇടക്കാലത്തു തന്റെ തെറ്റുകൾ ഏറ്റു പറഞ്ഞു മാണിയുമായി വീണ്ടും ഉണ്ണിയാടൻ അടുക്കുകയും ചെയ്തു. അന്ന് മാണി ഗ്രൂപ്പിലുണ്ടായിരുന്നവർ ഇദ്ദേഹത്തെ ഇനിയും വിശ്വസിക്കരുതെന്നു മാണിയോട് ആവശ്യപെട്ടിരുന്നതായി പറയപ്പെടുന്നു. ജോസ് കെ മാണിയിൽ നിന്നും മാണി തന്നോട് കാണിച്ച വിട്ടുവീഴചയുണ്ടാകില്ല എന്ന് ഉണ്ണിയാടൻ ഭയപ്പെട്ടിരുന്നതായി പറയപ്പെടുന്നു.

ഇരിങ്ങാലക്കുട സീറ്റ്:

ഇരിങ്ങാലക്കുട സീറ്റ് വളരെ കഠിനാധ്വാനം നടത്തിയാണ് ഉണ്ണിയാടൻ സ്വാന്തമാക്കിയത്. ഇരിങ്ങാലക്കുടയിൽ കേരള കോൺഗ്രസ് ഉണ്ടെങ്കിലും കോൺഗ്രസിനും തത്തുല്യമായ ശക്തിയുണ്ടെന്ന് നിസംശയം പറയുവാൻ സാധിക്കും. കഴിഞ്ഞ കുറെ കാലങ്ങളായി കെ എം മാണിയുടെ ഉറച്ച പിന്തുണയുണ്ടായിരുന്ന ഉണ്ണിയാടൻ ഇരിങ്ങാലക്കുട സീറ്റ് തന്റെ കുത്തക സീറ്റാക്കി മാറ്റി. ഇരിങ്ങാലക്കുടയിലെ കോൺഗ്രസ് നേതാക്കളെ തന്റെ കൂർമ്മ ബുദ്ധി കൊണ്ട് വരുതിയിലാക്കിയ ഉണ്ണിയാടനു ആദ്യകാലങ്ങളിൽ കോൺഗ്രസിന്റെ പിന്തുണയുണ്ടായിരുന്നു. എന്നാൽ ഇടക്കാലത്തു കോൺഗ്രസ്സുമായി പ്രശ്നങ്ങൾ തുടങ്ങി. കോൺഗ്രസ് വോട്ട് നേടി ജയിച്ച ഉണ്ണിയാടൻ യൂഡിഎഫിൽ ചീഫ് വിപ്പ് സ്ഥാനം ലഭിച്ചതോടെ തങ്ങളെ തിരിഞ്ഞു നോക്കിയില്ല എന്ന പരാതി കോൺഗ്രസ് നേതാക്കളുയർത്തി കൊണ്ട് വന്നതാണ് പിന്നീട് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ പരാജയത്തിന് പോലും കാരണമായത്. ഉണ്ണിയാടൻ കോൺഗ്രസിൽ പൊതുവേ ഉമ്മൻ ചാണ്ടിയോട് അടുത്ത് നിന്നതും അദ്ദേഹത്തിനെതിരെ നീക്കം നടത്തിയ എം പി ജാക്സൺ രമേശ് ചെന്നിത്തലയുടെ അടുത്ത ആളായതും യാദൃച്ഛികം മാത്രം. തെരഞ്ഞെടുപ്പ് പരാജയം ഉണ്ണിയാടന്റെ കണ്ണുതുറപ്പിച്ചു. അടുത്ത തവണ തനിക്കു സീറ്റിനായി വാദിക്കാൻ മാണി ഇല്ല അതോടൊപ്പം കോൺഗ്രസ് ഇരിങ്ങാലക്കുട സീറ്റിനായി അവകാശവാദം ഉന്നയിച്ചു കഴിഞ്ഞു. ഐ ഗ്രൂപ്പിലെ പ്രമുഖനെ വെട്ടാൻ ഉമ്മൻ ചാണ്ടിക്ക് സാധിക്കില്ല എന്ന തിരിച്ചറിവും ഒരു പരിധി വരെ ജോസഫ് ഗ്രൂപ്പിൽ ചേക്കേറാൻ കാരണമായി. പി ജെ ജോസഫ് വഴി രമേശിനെ വരുതിയിലാക്കി ജാക്‌സനെ ഒതുക്കം എന്ന കണക്കുകൂട്ടലുകൾ വിജയം കാണും എന്ന് ഉറപ്പിക്കാം. അതുപോലെ പിണങ്ങി നില്കുന്ന കോൺഗ്രസ് നേതാക്കളെ വരുതിയിലാക്കാനും ഇരിങ്ങാലക്കുടയിൽ കോൺഗ്രസ് വരുന്നതിലും താൻ വരുന്നതാണെന്ന് പൊതു ജനങൾക്ക് പ്രയോജനകരം എന്ന് പ്രതീതി സൃഷ്ട്ടിക്കാൻ ഉണ്ണിയാടന് കഴിഞ്ഞു എന്നുറപ്പിക്കാം. ഒരു കാലത്തു ഇരിങ്ങാലക്കുട സീറ്റ് ചോദിച്ച ഇന്നസെന്റിനെ പോലും തഴഞ്ഞു ഉണ്ണിയാടനായി സീറ്റ് വിട്ടു നൽകിയതും കെ എം മാണി എന്നതാണ് ചരിത്രം.

തന്ത്രശാലിയായ ഉണ്ണിയാടൻ തന്റെ വിഭാഗത്തിന് ഒരു മുതല്കൂട്ടാണെന്നു പി ജെ തിരിച്ചറിയുകയും മാണിയുടെ മരണത്തിനു മുൻപ് തന്നെ ഉണ്ണിയാടനെ ആകർഷിക്കാനുള്ള പദ്ധതികൾ ആവഷ്കരിച്ചിരുന്നു. അതോടൊപ്പം ഭാവിയിൽ മോൻസ് ജോസഫിന് പാർട്ടിയിൽ ഉണ്ടായേക്കാവുന്ന അപ്രമാദിത്യം ചോദ്യം ചെയ്യാൻ ഉണ്ണിയാടാനുള്ളത് ഗുണം ചെയ്യും എന്നദ്ദേഹം തിരിച്ചറിഞ്ഞു. പി ജെ യുടെ മകനെ അദ്ദേഹത്തിന് ശേഷം തൊടുപുഴയിൽ വിജയിപ്പിക്കുന്നതിനുള്ള പൂർണ്ണ പിന്തുണ ഉണ്ണിയാടനും മാണി ഗ്രൂപ്പ് വിട്ടു വന്ന മറ്റു നേതാക്കളും പി ജെ ക്കു നൽകിയതായി പറയപ്പെടുന്നു. ഭാവിയിൽ മോൻസ് ജോസെഫിന്റെ ഭാഗത്തു നിന്ന് വിമത സ്വരമുയർന്നാൽ അതിനു തടയിടാനും ജോസഫിന് ഈ നീക്കത്തിലൂടെ കഴിഞ്ഞു. ജോസഫ് എന്ന തന്ത്രശാലിയായ രാഷ്ട്രീയക്കാരനെ മലയാളിക്കര തിരിച്ചറിഞ്ഞില്ല എന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു. അദ്ദേഹത്തിന്റെ നീക്കങ്ങളിൽ പ്രകടമാകുന്ന ചാണക്യബുദ്ധി അത്രകണ്ട് വാഴ്ത്തേണ്ടിയിരിക്കുന്നു.

മാണിയുടെ മരണ ശേഷം ഉണ്ണിയാടന് മനസ്സാന്തരമുണ്ടായെന്നു മാണി വിഭാഗത്തിലെ ഒരു വിഭാഗം കരുതിയിരുന്നു. അതിനാൽ തന്നെ മാണിയുടെ വീട്ടിലെ സ്ഥിരം സന്ദര്ശകനായിരുന്നു ഉണ്ണിയാടൻ കെ മാണിയുടെ പത്നിയായ കുട്ടിയമ്മച്ചിയുടെ കൈ പിടിച്ചോണ്ടാണ് ജോസ് കെ മാണിക്ക് തന്റെ പരിപൂർണ്ണ പിന്തുണ അറിയിച്ചത്. ജോസഫിനെ നമ്മുക്ക് ഒറ്റകെട്ടായി നേരിടണം എന്ന് പറഞ്ഞു പാലായിലെ മാണിയുടെ വീട്ടിൽ നിന്നും പുറത്തിറങ്ങിയ ഉണ്ണിയാടന് ഒരു രാത്രി പകലാകേണ്ട താമസ്സമേ വേണ്ടി വന്നുള്ളൂ ജോസഫ് ആണ് തന്റെ പ്രിയ നേതാവെന്ന് മാലോകരോട് പറയുവാൻ, ഇതാണ് ഉണ്ണിയാടനെ എന്നും “പ്രാക്ടിക്കൽ പൊളിറ്റീഷ്യന്” എന്ന് മറ്റു രാഷ്ട്രീയക്കാർ വിളിക്കുന്നത്. ഉണ്ണിയാടന്റെ തീരുമാനം ജോസ് കെ മാണിക്ക് കൊടുത്ത ഞെട്ടൽ ചെറുതല്ല താനും. ജോസ് കെ മാണിയെയും സാക്ഷാൽ കെ എം മാണിയെയും വരുതിയിലാക്കാനും തരം പോലെ വെള്ളത്തിലാക്കാനും കഴിഞ്ഞ വൈക്കംകാരനായി ഇരിഞ്ഞാലകുടയിൽ എത്തി അവിടം തന്റെ സ്വന്തമാക്കിയ ഉണ്ണിയാടൻ മാണി വിഭാഗത്തിന്റെ അണികളെ തന്റ്റെ കൂടെ നിറുത്തുന്നതിനു ഒരു ബുദ്ധിമുട്ടും കാണുകയുമില്ല. സ്ഥാനമാനങ്ങളിൽ വീഴാത്ത മാണിക്കാരുണ്ടോന്നാണ് അദ്ദേഹം പറയാതെ പറയുന്നത്.

കോൺഗ്രസിന്റെ എതിർപ്പ്:
ജോസ് കെ മാണിയുടെ നേതൃത്വത്തിൽ ഉള്ള മാണി വിഭാഗത്തിന് ഔദ്യോകിയ പദവി ലഭിച്ചാൽ കാര്യങ്ങൾ ഉണ്ണിയാടനും അത്ര എളുപ്പമാകണമെന്നില്ല കാരണം ജോസഫ് ഗ്രൂപ്പ് യൂഡിഎഫ് വിട്ടാൽ എൽഡിഎഫ് ന്റെ ബാനറിൽ സീറ്റ് ലഭിക്കുക എളുപ്പമാകില്ല. ഇനി അതല്ല യൂഡിഎഫിൽ തുടർന്നാൽ മാണി വിഭാഗം പിളർന്നതോടെ ഉണ്ണിയാടനെ പിന്തുണച്ച അണികളിൽ ഭൂരിഭാഗവും ജോസ് കെ മാണിയോടൊപ്പം നിലകൊള്ളുന്നു എന്ന ഒറ്റ കാരണത്താൽ ഇരിങ്ങാലക്കുട സീറ്റ് തിരിച്ചെടുക്കാൻ കോൺഗ്രസ് ശ്രെമിച്ചാൽ അത്ഭുതപ്പെടേണ്ടതില്ല. ഇതിനായി ശ്രെമങ്ങൾ അണിയറയിൽ തുടങ്ങിയതായും സംശയം കൂടാതെ പറയുവാൻ സാധിക്കും. അടുത്ത കാലത്തു ഉണ്ണിയാടൻ പങ്കെടുത്ത ഇരിങ്ങാലക്കുട യൂഡിഎഫ് യോഗത്തിൽ കേരള കോൺഗ്രസ് മാണി ഗ്രൂപ്പിന് യൂഡിഎഫ് നൽകിയ മണ്ഡലം കമ്മിറ്റി ചെയര്മാന് സ്ഥാനത്തു തുടരാൻ ഉണ്ണിയാടന് അവകാശമില്ല എന്ന് കോൺഗ്രസ് നേതാക്കൾ അവകാശപെട്ടതോടെ അദ്ദേഹം യോഗത്തിൽ നിന്നും ഇറങ്ങി പോയതായി പറയപ്പെടുന്നു. അതോടൊപ്പം ഇരിങ്ങാലക്കുടയിൽ ജനിച്ചു വളർന്ന ഒരു സ്ഥാനാർഥി വേണം ഇനി മണ്ഡലത്തെ പ്രീതിനിധികരിക്കേണ്ടതെന്ന വാദം വൈക്കംകാരനായ ഉണ്ണിയാടൻ എങ്ങനെ മറികടക്കുമെന്നതും കാണേണ്ടതാണ് പ്രത്യേകിച്ചു എന്നും യൂഡിഎഫിൽ ഉണ്ണിയാടനായി വാദിച്ചിരുന്ന മാണിയുടെ അഭാവത്തിൽ.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Leave a Reply

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.

Enjoy this news portal? Please spread the word :)