പി ജെ ജോസഫ് മാണിയുടെ പേരിൽ സ്മാരകം വേണമെന്നാവശ്യപ്പെട്ട് പിണറായിക്ക് കത്ത് നൽകിയത് യുഡിഎഫിൽ ആലോചിക്കാതെ. കോൺഗ്രസിനും ലീഗിനും പ്രതിഷേധം. ജോയിയുടെ പ്രസ്താവന യുഡിഎഫിനുള്ള താക്കീതും. തെരഞ്ഞെടുപ്പ് കമ്മീഷൻ വിധിക്ക് കാതോർത്ത് കോൺഗ്രസും.

Please follow and like us:
190k

ജോസഫ് വിഭാഗത്തിന്റെ യോഗങ്ങൾ കലുഷിതമായി തുടരുന്നത് അവരുടെ അണികളിൽ ആശങ്കയ്ക്കു കാരണമായതായി പറയപ്പെടുന്നു. മാണി വിഭാഗം വിട്ടു വന്ന പഴയ നേതാക്കളെ അധികാരമോഹികളായി ചില ജോസഫ് വിഭാഗം നേതാക്കൾ കാണുന്നു എന്ന സ്ഥിരം പരാതി നിലനില്കുന്നു. ജോസഫ് വിഭാഗം ചർച്ചകളിൽ പഴയ മാണി വിഭാഗത്തിലെ ജോയ്  അബ്രാഹത്തിനെയും സജി മഞ്ഞകടമ്പനെയും മാത്രമേ പരിഗണിക്കുന്നുള്ളു എന്നാണ് നേതാക്കളുടെ പരാതി. എന്നാൽ പരാതിയോട് പി ജെ ജോസഫ് പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ ദിവസം നടന്ന യോഗത്തിൽ സജിയെ പി ജെ ശാസിച്ചതു പോലും ആസൂത്രിതമായ നാടകമാണെന്ന് ഈ കൂട്ടർ കരുതുന്നു. അല്ലാതെ സജി പറഞ്ഞ പി സി.ജോർജ് വിഭാഗത്തിലെ പ്രമുഖൻ പാർട്ടി വിടുന്ന സാഹചര്യം നിലനില്ക്കുന്നില്ല എന്നതും ഇവർ ചുണ്ടി കാണിക്കുന്നു. എന്നാൽ യോഗത്തിൽ സജി ഇത്തരമൊരു അവകാശവാദം ഉന്നയിക്കുകയും പി ജെ സജിയെ സ്നേഹത്തോടെ ശാസിക്കുകയുമാണ് ഉണ്ടായതു. ജോസഫ് വിഭാഗം ശ്രദ്ധിക്കേണ്ടത് ജോസ് കെ മാണിയെ നിർവീര്യനാക്കുക എന്നത് മാത്രമാണെന്ന് അദ്ദേഹം തന്റെ മറുപടിയിൽ സൂചിപ്പിച്ചു.

യോഗത്തിൽ മാണി ഗ്രൂപ്പ് വിട്ടു ജോസഫ് ഗ്രൂപ്പിൽ എത്തി ചേർന്ന പഴയ മാണി ഗ്രൂപ്പ് നേതാക്കൾ ജോസ് കെ മാണിയെ വ്യകതിഹത്യ ചെയുന്ന നിലപാട് തിരുത്തണം എന്ന് പി ജെ ജോസഫിനോട് ആവശ്യപ്പെട്ടതായി വാർത്തകൾ വന്നിരുന്നു. അതോടൊപ്പം പാർട്ടി ചെയർമാനാക്കാം എന്ന് സി എഫ് തോമസിന് നൽകിയ വാക് പാലിക്കണം എന്ന് ജോസഫിനോട് ആവശ്യപ്പെടുകയും തുടർന്ന് ഇതിനായി ഒരു സമയപരിധി നിശ്ചയിക്കാൻ  അന്ത്യശാസനം നൽകുകയും ചെയ്തു. ജോസ് കെ മാണിയെ അപമാനിക്കുക വഴി പാലാ ഉപതെരഞ്ഞെടുപ്പിലെ തോൽ‌വിയിൽ നിലതെറ്റിയ മാണി വിഭാഗത്തിന് മേലെ തങ്ങൾക്കുണ്ടായിരുന്ന മേൽകോയ്മ നഷ്ടമാക്കി എന്നായിരുന്നു നേതാക്കളുടെ പ്രധാന പരാതി. നേതാക്കളുടെ സമ്മർദ്ദത്തിന് കീഴടങ്ങിയ പി ജെ ജോസഫ് തന്റെ പ്രസ്താവനകളിൽ മിതത്വം പാലിക്കാം എന്ന് സമ്മതിച്ചിരുന്നു. എന്നാൽ തൊട്ടടുത്ത ദിവസം തന്നെ ജോസ് കെ മാണിയെ മരുഭൂമിയിൽ തെണ്ടി നടക്കുന്ന പട്ടിയോടു ഉപമിച്ചതു മാണിയുടെ നിഴലായി നിലനിന്നിരുന്ന സി എഫ് തോമസിനെ ക്ഷുഭിതനാക്കിയതായി പറയപ്പെടുന്നു.

ജോസഫ് ഗ്രൂപ്പിൽ എത്തിയതോടെ ചങ്ങനാശേരിയിലെ മാണി ഗ്രൂപ്പ് രണ്ടായി പിളർന്നിരുന്നെങ്കിലും പകുതിയോളം  നേതാക്കളെങ്കിലും സി ഫ് തോമസിനൊപ്പം നിലയുറപ്പിച്ചത് അദ്ദേഹത്തിന് ആത്മവിശ്വസം പകർന്നിരുന്നു. എന്നാൽ ജോസഫിന്റെ വില കുറഞ്ഞ പ്രസ്താവനകൾ മാണിയോട് പോലും അദ്ദേഹം പുലർത്തിയിരുന്ന വൈരാഗ്യത്തിന്റെ നേർകാഴ്ച്ചയായി സി എഫ് തോമസിനൊപ്പം നിലനിന്നിരുന്നവർ കരുതുകയും അവരിൽ ചിലർ മാണി വിഭാഗത്തിലേക്ക് മടങ്ങിയതുമാണ് സി എഫ് തോമസിനെ ചൊടിപ്പിച്ചത്. ഇതേ തുടർന്ന് സി എഫ് തോമസ്, തോമസ് ഉണ്ണിയാടൻ, വിക്ടർ തോമസ് മുതലായ പഴയ മാണി വിഭാഗം നേതാക്കൾക്കൊപ്പം യോഗം ചേരുകയും ജോസഫിനെ നേരിട്ടു വിളിച്ചു തങ്ങളുടെ വിയോജിപ്പും അനിഷ്ടവും അറിയിച്ചതായാണ് കേരള കോൺഗ്രസിന്റെ അകത്തളങ്ങളിൽ പറഞ്ഞു കേൾക്കുന്നത്. ഇതിനെ തുടർന്നു സി എഫ് തോമസിനെ പോലുള്ള നേതാക്കളെ ശാന്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് മാണിയുടെ സ്മാരകം തിരുവനന്തുപുരത്തു സ്ഥാപിക്കണം എന്ന ആവശ്യവുമായി പിണറായി വിജയന് കത്തയക്കുന്നത്.

കത്തയച്ചയുടൻ പി ജെ ജോസഫിന്റെ മകൻ അപ്പു ജോസഫ് നേതൃത്വം കൊടുക്കുന്നു എന്ന് മാണി ഗ്രൂപ്പ് ആരോപ്പിക്കുന്ന ജോസഫ് വിഭാഗം സൈബർ കൂട്ടായ്മ കത്തിന്റെ പകർപ്പ് സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെക്കുകയും ജോസഫിന്റെ നിലപാടിന് ജനമനസ്സിൽ സ്വീകാര്യത കിട്ടുകയുമുണ്ടായി. മാണിയെ വൈകാരികമായി കാണുന്ന അണികളെ മാണി വികാരത്തിലൂടെ മാത്രമേ കൂടെ കൂട്ടുവാൻ കഴിയുള്ളു എന്ന തന്ത്രം പയറ്റിയ പടവന്റെ ശൈലീ സ്വീകരിക്കുകയും അതോടൊപ്പം ജോസഫ് വിഭാഗത്തിനൊപ്പമുള്ള പഴയ മാണി വിഭാഗം നേതാക്കളുടെ അഭ്യർത്ഥന കണക്കിലെടുത്തു എന്ന് സ്ഥാപിക്കാനും ഇങ്ങനെ ഒരു നീക്കം വഴി അദ്ദഹത്തിനു കഴിഞ്ഞു.  തങ്ങൾ മാണിയെ സ്നേഹിക്കുന്നു എന്ന സന്ദേശം പ്രവർത്തകർക്കിടയിലേക്കു എത്തിക്കാൻ കഴിയുമെന്നാണ് ജോസഫ് വിഭാഗം നേതാക്കൾ അവകാശപെടുന്നത്. ജോസഫിൻറെ മകൻ അപ്പുവിന്റെ സഹകാരികൾ നയിക്കുന്ന നവമാധ്യമ സംഘം വളരെ മോശമായ രീതിയിലാണ് ജോസ് കെ മാണിയേയും മരണമടഞ്ഞ കെ എം മാണിയേയും ആക്ഷേപിക്കുന്നത്. ജോസഫ് വിഭാഗത്തിലെ പ്രവർത്തകർക്കു ആവേശം പകരാൻ എന്ന വ്യാജേനെ സൃഷ്ടിക്കപ്പെട്ട സാമൂഹ്യമാധ്യമ കൂട്ടായ്മയിൽ ജോസ് കെ മാണിക്കൊപ്പം നിലപാടെടുത്ത മാണി ഭാഗം എംൽഎ മാർ എംപി മാർ മറ്റു നേതാക്കൾക്കെല്ലാം എതിരെ അസഭ്യവരഷം തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ ജോസഫ് വിഭാഗത്തിലെ അസംതൃപ്‌തി എന്ന മാധ്യമ റിപ്പോർട്ടുകളുടെ ചുവടു പിടിച്ചു തങ്ങളുടെ വിഭാഗത്തിൽ എത്തിപ്പെട്ട പഴയ മാണി ഗ്രൂപ്പ് നേതാക്കളെ പോലും വെറുതെ വിട്ടില്ല. ഇതിൽ ജോസഫിന് ഒപ്പം നിൽക്കുന്ന മാണി വിഭാഗം നേതാക്കൾ ശക്തമായ നിലപാടെടുത്തതോടെ പി ജെ നേരിട്ടിടപെട്ടു ആക്രമണത്തിന്റെ മുന ജോസ് കെ മാണിയിൽ കേന്ദ്രികൃതമായിരിക്കണം എന്ന് ശക്തമായ താക്കിത് നൽകിയതായി പറയപ്പെടുന്നു.

ഒരേസമയം മാണിയെ സ്നേഹിക്കുന്നുണ്ടെന്ന് കാണിച്ച് മാണി ഗ്രൂപ്പ് കാരെ ആകർഷിക്കുവാനും അതോടൊപ്പം തന്നെ മാണി വിരുദ്ധരായ തങ്ങളോടൊപ്പം ഉള്ള ആളുകളെ സന്തോഷിപ്പിക്കാനുള്ള ദ്വിമുഖ തന്ത്രമാണ് അവർ പയറ്റുന്നത്. ജോയ് അബ്രാഹാമിനെ കൊണ്ട് പ്രസ്താവന നടത്തി പിളർപ്പിലേക്ക് തന്നെയാണ് എന്ന് സൂചന നൽകിയത് തങ്ങളുടെ ലക്ഷ്യത്തിൽ നിന്നും പിന്നോട്ടില്ല എന്ന സൂചന അണികൾക്ക് നൽകുവാൻ ആയിട്ടാണ്.പാർട്ടി പിളരുന്നതിന് യുഡിഎഫ് അനുകൂലിക്കുന്നില്ല എങ്കിൽ വേണ്ടിവന്നാൽ ഇടത് മുന്നണിയിലേക്ക് ചേക്കേറുമെന്ന് ഭംഗ്യന്തരേണ പറയുന്നതാണ് എന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു. യുഡിഎഫിനെ സമ്മർദത്തിലാക്കി തങ്ങളുടെ സ്വാധീനം ഉറപ്പിക്കാൻ ജോസഫ് നടത്തുന്ന രാഷ്ട്രീയ കളിയായി മാത്രമേ ഇതിനെ കാണാൻ കഴിയു. ഈ തന്ത്രത്തെ യുഡിഎഫ് എങ്ങനെ മറികടക്കുമെന്ന് കാത്തിരുന്ന് കാണാം.

എന്നാൽ യൂഡിഎഫിൽ ആലോചിക്കാതെ സ്വന്തം രാഷ്ട്രീയ ലാഭത്തിനായി യൂഡിഎഫ് ന്റെ അനിഷേധ്യ നേതാവും ലീഗിന്റെ എക്കാലത്തെയും  സഹോദരനായിരുന്ന കുഞ്ഞാലിക്കുട്ടിയുടെ ഏറ്റവും വലിയ മിത്രം  കെ എം മാണിയുടെ സ്മാരകം ആവശ്യപ്പെട്ട ജോസഫിന്റെ പ്രവർത്തി യൂഡിഎഫിന്റെ കെട്ടുറപ്പിനെ ബാധിച്ചു എന്ന് ചില  മുസ്ലിം ലീഗ് നേതാക്കൾ അഭിപ്രായപെട്ടതായി പറയപെടുന്നു. മാണിയുടെ മരണ ശേഷം ജോസ് കെ മാണിയോട് ലീഗ് കൂടുതൽ സഹൃദം കാണിക്കുന്നു എന്നൊരു പരാതി ജോസഫ് വിഭാഗത്തിലെ ചില നേതാക്കൾക്കുണ്ട്. യുഡിഎഫിൽ ആലോചിക്കാതെ ഇക്കാര്യം ഏകപക്ഷീയമായി ജോസഫ് ഉന്നയിച്ചത് ഒരു വിഭാഗം കോൺഗ്രസ് നേതാക്കളിൽ  അമർഷം ഉണ്ടാക്കിയിട്ടുണ്ട്. കോൺഗ്രസിന്റെ ഔദ്യോഗിക നേതൃത്വം ജോസഫിന്റെ നിലപാടിനെ പിന്തുണക്കുമോ എന്ന് കാത്തിരുന്നു കാണേണ്ടതാണ്. മാണിക്ക് സ്മാരകം ആവശ്യപ്പെട്ട അതെ ദിവസം തന്നെയാണ് പാർട്ടി പിളർത്തിയേക്കും എന്ന് മുന്നറിയിപ്പുമായി ജോയ് അബ്രാഹവും കളം നിറഞ്ഞതെന്നത് യാദ്ര്ശ്ചികമല്ലെന്നാണ് മാണി വിഭാഗത്തിന്റെ വിലയിരുത്തൽ. മാണി വിഭാഗത്തെ തകർക്കാൻ കച്ച കെട്ടിയിറങ്ങിയ ജോസഫ് വിഭാഗം അദ്ദേഹത്തിനായി പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി വിളിച്ചൊരു അനുസ്മരണം പോലും നടത്താതെ സ്മാരകം എന്ന രാഷ്ട്രീയ തന്ത്രം പയറ്റുമ്പോൾ മാണിയുടെ ആത്മാവ് പോലും പി ജെ ജോസഫിനോട് പൊറുക്കില്ല എന്നാണ് മാണി വിഭാഗം നേതാക്കൾ അഭിപ്രായപ്പെട്ടത്.

മാണി വിഭാഗം നേതാക്കളായ ജോസ് കെ മാണിയും, ജയരാജും റോഷിയും ചാഴികാടനും എളിമപ്പെട്ടു പി ജെ ജോസഫിനെ അംഗീകരിച്ചു നിന്നില്ലേൽ പാർട്ടി പിളർത്താനും മുതിരില്ല എന്നു പറയാതെ പറയുകയായിരുന്നു ജോസഫ് വിഭാഗം നേതാവ് ജോയ് എബ്രഹാം. പി ജെ ജോസഫിന്റെ നേതൃത്വം അംഗീകരിച്ചാൽ പാർട്ടി ഒറ്റകെട്ടായി മുൻപോട്ടു പോകുമെന്നും അല്ലാത്ത സാഹചര്യത്തിൽ  കേരള കോൺഗ്രസിൽ വീണ്ടും ഒരു പിളർപ്പ് അനിവാര്യം എന്ന ധ്വനി നൽകുന്ന പ്രസ്താവനയാണ് ജോയ് എബ്രഹാം മാധ്യമങ്ങൾക്കു നൽകിയത്. ഒരു കാലത്തു മാണിയുടെ നിഴലായി തഴച്ചു വളർന്ന ജോയ് ഇന്ന് ജോസഫ് വിഭാഗത്തിന്റെ തീപ്പൊരി നേതാവാണ്. പാലായിലെ കേരള കോൺഗ്രസ് വേദികളിൽ നിറസാന്നിധ്യമായിരുന്ന ജോയ് അബ്രാഹത്തിനെ  കാണണമെങ്കിൽ ഇപ്പോൾ തൊടുപുഴയിൽ പി ജെ യുടെ പുറപ്പുഴയിലെ വീട്ടിൽ ചെല്ലണം എന്നാണ് മാണി വിഭാഗം നേതാക്കൾ അടക്കം പറയുന്നത്. എന്നാൽ അദ്ദേഹത്തിന്റെ പേരും പെരുമയും പാലായും കടന്നു തൊടുപുഴയിലും  എത്തിയതിനാലാണ് അദ്ദേഹവും സജിയും കൂടുതൽ സമയം തൊടുപുഴയിൽ ചിലവഴിക്കുന്നതെന്നാണ് ജോസഫ് വിഭാഗം അവകാശപ്പെടുന്നത്. രാഷ്ട്രീയ കേരളം ജോസഫ് വിഭാഗം നടത്തിയ ചടുല നീക്കങ്ങളെ സസൂക്ഷ്മം വീക്ഷിക്കുന്നു. കേരള കോൺഗ്രസിൻറെ ഗതിവിഗതികൾ സസൂക്ഷ്മം നിരീക്ഷിക്കുന്ന യുഡിഎഫ് രണ്ടു കൂട്ടരോടും മൃദു സമീപനമാണ് നിലവിൽ കൈകൊള്ളുന്നത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ അന്തിമ വിധി രണ്ടുകൂട്ടർക്കും. ഒരുപക്ഷേ അതിനു ശേഷമായിരിക്കും കോൺഗ്രസ് തീരുമാനം എടുക്കുക. ആരെ കൊള്ളണം ആരെ തള്ളണമെന്ന് .

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Leave a Reply

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.

Enjoy this news portal? Please spread the word :)