പി.ജെ ജോസഫ് ഇലക്ഷന്‍ കമ്മീഷന് കൊടുത്ത ലിസ്റ്റ് നിറയെ വ്യാജന്മാര്‍ : ജോസ് കെ.മാണി

Please follow and like us:
190k

കോട്ടയം : കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷന് പി.ജെ ജോസഫ് സമര്‍പ്പിച്ച സംസ്ഥാന കമ്മറ്റി അംഗങ്ങളുടെ ലിസ്റ്റില്‍ പകുതിയിലേറെ വ്യാജന്മാരെന്ന് ജോസ് കെ.മാണി എം.പി. കേരളാ കോണ്‍ഗ്രസ്സ് (എം) നെ കുതന്ത്രങ്ങളിലൂടെ കേരളാ കോണ്‍ഗ്രസ്സ് (ജെ) ആക്കി ഹൈജാക്ക് ചെയ്യാന്‍ നടത്തിയ നീക്കങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ ഭരണഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പ് കമ്മീഷനെപ്പോലും വ്യാജരേഖ ചമച്ച് തെറ്റിദ്ധരിപ്പിക്കാനുള്ള അതിഹീനമായ നീക്കമാണ് ജോസഫ് നടത്തുന്നത്. തൊടുപുഴ, കട്ടപ്പന, ഇടുക്കി കോടതികളില്‍ സംസ്ഥാന റിട്ടേണിംഗ് ഓഫീസര്‍ ഒപ്പിട്ട് സമര്‍പ്പിച്ച 450 പേരുടെ ലിസ്റ്റിന് വിരുദ്ധമായി തെരെഞ്ഞെടുപ്പ് കമ്മീഷനില്‍ പി.ജെ ജോസഫ് തന്റെ പാര്‍ശവര്‍ത്തികളെ കുത്തിനിറച്ചിരിക്കുകയാണ്. ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള പലരും പാര്‍ട്ടിയില്‍ പ്രാഥമിക അംഗത്വം പോലും ഇല്ലാത്തവരാണ് .

പി.സി തോമസും, പി.ജെ ജോസഫും വേര്‍പിരിഞ്ഞപ്പോള്‍ പി.ജെ ജോസഫ് തെരെഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച ലിസ്റ്റും രേഖകളും വ്യാജമാണെന്ന് കമ്മീഷന്‍ തന്നെ കണ്ടെത്തിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് അന്ന് പി.സി തോമസ് വിഭാഗത്തിന് കേരളാ കോണ്‍ഗ്രസ്സ് എന്ന അംഗീകാരം ലഭിച്ചത്. വ്യാജരേഖ ചമച്ചവരും അതിന് കൂട്ട് നിന്നവരും അതില്‍ ഉള്‍പ്പെട്ടിട്ടുള്ളവരും ഭരണഘടനാസ്ഥാപനമായ തെരെഞ്ഞെടുപ്പ് കമ്മീഷനെ തെറ്റിദ്ധരിപ്പിക്കാന്‍ നടത്തിയ നീക്കത്തിന് മറുപടി പറയേണ്ടിവരും. ഉദാഹരണത്തിനായി തിരുവനന്തപുരം ജില്ലയില്‍ സംഘടനാ തെരെഞ്ഞെടുപ്പ് നടക്കാതിരുന്നത് മൂലം മുന്‍ ജില്ലാ പ്രസിഡന്റ് കൊട്ടാരക്കര പൊന്നച്ചന്‍, നിലവിലെ ജില്ലാ പ്രസിഡന്റ് സഹായദാസ് നാടാര്‍ എന്നീ രണ്ട് പേരെ മാത്രമാണ് സംസ്ഥാന കമ്മറ്റിയിലേക്ക് ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഇവര്‍ സമര്‍പ്പിച്ച ലിസ്റ്റില്‍ ഇവരെക്കൂടാതെ 14 പേരെ കൂടി കൃത്രിമമായി ഉള്‍പ്പെടുത്തിയിരിക്കുകയാണ്്. എല്ലാ ജില്ലകളില്‍ നിന്നും ഇതേപോലെയുള്ള വ്യാജ ലിസ്റ്റാണ് നല്‍കിയിട്ടുള്ളത്. പി.ജെ ജോസഫ് തെരെഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിക്കുന്നഎല്ലാ രേഖകളുടേയുടേയും പകര്‍പ്പ് തനിക്ക് നല്‍കണമെന്ന് തെരെഞ്ഞെടുപ്പ് കമ്മീഷന്‍ കര്‍ശന നിര്‍ദേശം നല്‍കിയിരുന്നതാണ്. വ്യാജന്മാര്‍ ആരൊക്കെയെന്ന് മനസ്സിലാക്കാതിരിക്കാനാണ് കമ്മീഷന്‍ നിര്‍ദേശിച്ച സമയപരിധി തീരുന്നതിന്റെ അവസാന നിമിഷം തനിക്ക് രേഖകളുടെ പകര്‍പ്പ് നല്‍കിയത്. ഈ രേഖകള്‍ വിശദമായി പഠിച്ചതിന്‌ശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും ജോസ് കെ.മാണി പറഞ്ഞു.

600 പേജുള്ള കത്ത് കൊടുത്തു എന്ന് മേനിനടിക്കുന്ന പി.ജെ ജോസഫ് 14 പേജുള്ള കത്തും അനുബന്ധ രേഖകളായി സമര്‍പ്പിച്ചത് കോടതികളില്‍ ഉള്ള കേസുകളുടെ പകര്‍പ്പുമാണ്്. തെരെഞ്ഞെടുപ്പ് കമ്മീഷന് ഞങ്ങള്‍ സമര്‍പ്പിച്ച രേഖകളില്‍ 28 പേജുള്ള വിശദീകരണവും സംസ്ഥാന റിട്ടേണിംഗ് ഓഫീസര്‍ അംഗീകരിച്ച 450 പേരുടെ ലിസ്റ്റും, അതില്‍ ഉള്‍പ്പെട്ട 319 പേരുടെ വ്യക്തിഗത സത്യവാങ്ങ്മൂലവും ഉള്‍പ്പടെ 800 ഓളം പേജുകളുണ്ടെന്നും ജോസ് കെ.മാണി പറഞ്ഞു

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)