കേരള കോൺഗ്രസ്എം. ലെ അധികാരത്തർക്കം മധ്യകേരളത്തിലെ രാഷ്ട്രീയ അന്തരീക്ഷം കലുഷിതമാക്കുന്നു. കടുത്തുരുത്തിയിൽ ജോസ് വിഭാഗത്തിന്റെ മഹാസമ്മേളനം ഇന്ന്

Please follow and like us:
190k

കോട്ടയം:കേരള കോൺഗ്രസ് രാഷ്ട്രീയം മധ്യകേരളത്തിൽ ചേരിപ്പോരും വാഗ്വാദവും പോർവിളിയും പരസ്പരമുള്ള ആരോപണ പ്രത്യാരോപണങ്ങളും വഴി അരങ്ങ് കൊഴുപ്പിക്കുമ്പോൾ കേരള കോൺഗ്രസ് പാർട്ടിയുടെ തട്ടകമായ പാലായിൽ ഒരേ ദിവസം തന്നെ ജോസ് കെ മാണി, പി ജെ ജോസഫ് വിഭാഗങ്ങൾ ഓഫീസ് ഉദ്ഘാടനം നടത്തിയാണ് പോരിന് വീറും വാശിയും കൂട്ടുന്നത്. കെഎം മാണി ജീവിച്ചിരുന്നപ്പോൾ നിയോജക മണ്ഡലം കമ്മിറ്റിക്ക് പ്രത്യേക ഓഫീസ് ഒന്നും തന്നെ ഇല്ലായിരുന്നു. അന്ന് എംഎൽഎ ഓഫീസും പാർട്ടി ഓഫീസും എല്ലാം കെ എം മാണിയുടെ കരിങ്ങോഴയ്ക്കൽ വീടായിരുന്നു . മാണിയുടെ മരണശേഷം മാണി സി കാപ്പൻ തന്റെഎംഎൽഎ ഓഫീസ് ആരംഭിച്ചു കഴിഞ്ഞു. തൊട്ടടുത്ത് തന്നെയാണ് കേരള കോൺഗ്രസ് എമ്മിലെ ജോസ് കെ മാണി വിഭാഗത്തിന്റെ നിയോജകമണ്ഡലം കമ്മിറ്റി ഓഫീസ് എന്നതും ഏറെ കൗതുകകരമായി. ജോസ് കെ മാണി വിഭാഗം ഓഫീസ് തുറക്കുവാൻ തീരുമാനിച്ചതോടെ ജോസഫ് വിഭാഗത്തിനും ഇരിക്കപ്പൊറുതിയില്ലാതായി. അവരും ഒരു ഓഫീസ് എടുക്കാൻ തീരുമാനിച്ചു. എന്തായാലും ഇന്ന് ഇരുകൂട്ടരും ഓഫീസ് ഉദ്ഘാടനം നടത്തുമെന്നാണ് വിവരം. പാലായിലെ കഥ ഇങ്ങനെയാണെങ്കിൽ കടുത്തുരുത്തിയിൽ ശക്തി പ്രകടനവും സമ്മേളനവും ആണെന്ന് മാത്രം. ഇന്ന് വൈകിട്ട് കടുത്തുരുത്തിയിൽ അയ്യായിരത്തിലധികം ആളുകൾ പങ്കെടുക്കുന്ന മഹാസമ്മേളനത്തിന് ജോസ് കെ മാണി പക്ഷം തീരുമാനിച്ചിട്ടുണ്ട്. മറുപടിയായി ഡിസംബർ രണ്ടിന് കടപ്പൂരാൻ ഓഡിറ്റോറിയത്തിൽ നേതൃസമ്മേളനം ജോസഫ് വിഭാഗം വിളിച്ചുചേർക്കും. കേരള കോൺഗ്രസ് എം ലെ ഔദ്യോഗികപക്ഷം ഏതെന്ന് ഇലക്ഷൻ കമ്മീഷൻ പ്രഖ്യാപിക്കുംവരെ യഥാർഥ കേരള കോൺഗ്രസ് എം തങ്ങളാണെന്ന വാദം ഇരുപക്ഷവും ഉയർത്തും. അതിനിടെ ജോസഫ് വിഭാഗം തെരഞ്ഞെടുപ്പ് കമ്മീഷന് കൊടുത്ത ലിസ്റ്റ് വ്യാജരേഖ ചമച്ചും വ്യാജന്മാരെ ഉൾപ്പെടുത്തിയും ആണെന്ന് ജോസ് കെ മാണി പറഞ്ഞു കഴിഞ്ഞു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ മറ്റ് പതിനൊന്ന് ജില്ലാ കമ്മിറ്റികളുടെ തെരഞ്ഞെടുപ്പ് നടന്ന സമയത്ത് ഈ മൂന്നിടത്തും തെരഞ്ഞെടുപ്പ് നടത്തുവാൻഅവിഭക്ത മാണി വിഭാഗത്തിന് കഴിഞ്ഞിരുന്നില്ല. ഈ മൂന്ന് സ്ഥലത്തെ ജില്ലാ പ്രസിഡൻറ്മാർ നിലവിൽ ജോസഫ് പക്ഷത്താണ് നിലയുറപ്പിച്ചിരിക്കുന്നത്. ഇവിടങ്ങളിൽ നിന്നും വ്യാജ അംഗങ്ങളുടെ ലിസ്റ്റ് ഉണ്ടാക്കി ജോസഫ് തെരഞ്ഞെടുപ്പ് കമ്മീഷൻ സമർപ്പിച്ചിരിക്കുകയാണത്രെ. തെരഞ്ഞെടുപ്പ് കഴിഞ്ഞ സമയത്ത് ഈ മൂന്ന് ജില്ലാ കമ്മിറ്റികളിൽ നിയമാനുസൃത തെരഞ്ഞെടുപ്പ് നടന്നില്ല എന്ന് കാണിച്ചുകൊണ്ട് ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി ജോയി എബ്രഹാം എക്സ് എംപി തെരഞ്ഞെടുപ്പ് കമ്മീഷൻ അയച്ച കത്ത് തെളിവായി ജോസ് കെ മാണി പക്ഷം ഉയർത്തിക്കാട്ടുന്നു. കേരള കോൺഗ്രസ് ജെ ജോസഫും പി സി തോമസുമായി പിളർന്ന ഘട്ടത്തിൽ ജോസഫ് വ്യാജ ലിസ്റ്റ് കൊടുത്തതാണ് പാർട്ടിയും അംഗീകാരവും പിസി തോമസിന് പോകുവാൻ കാരണമായതെന്ന് ജോസ് കെ മാണി പക്ഷം ആരോപിക്കുന്നു. ആരോപണ പ്രത്യാരോപണങ്ങൾ വരുംദിവസങ്ങളിൽ ഇതിലും മൂർച്ഛിക്കുമെന്നത് തീർച്ചയാണ് . മധ്യകേരളത്തിലെ രാഷ്ട്രീയ അന്തരീക്ഷം കേരള കോൺഗ്രസുകളുടെ തർക്കവിതർക്കങ്ങളിൽ പെട്ട് കലുഷിതമാണെന്ന യാഥാർത്ഥ്യം അംഗീകരിക്കാതെ വയ്യാ.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)