Fri. Apr 26th, 2024

വീഡിയോ കോണ്‍ഫറന്‍സ് വഴി വിവാഹം രജിസ്റ്റര്‍ ചെയ്യാം; സര്‍ക്കാര്‍ അനുമതി

By admin Sep 16, 2021 #news
Keralanewz.com

തിരുവനന്തപുരം:  വിവാഹിതരായി വര്‍ഷങ്ങളായി ഒന്നിച്ച് താമസിക്കുകയും തദ്ദേശ സ്ഥാപനങ്ങളില്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കാത്തവരുമായ ദമ്പതിമാര്‍ക്ക് വീഡിയോ കോണ്‍ഫറന്‍സ് ഉള്‍പ്പെടെയുള്ള ആധുനിക സൗകര്യങ്ങള്‍ ഉപയോഗിച്ച് വിവാഹം ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി. കോവിഡ്19 വ്യാപന സാഹചര്യം നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് നടപടിയെന്ന് മന്ത്രി എം വി ഗോവിന്ദ്ന്‍ മാസ്റ്റര്‍ പറഞ്ഞു. 

തദ്ദേശ രജിസ്ട്രാര്‍ മുമ്പാകെ നേരിട്ട് ഹാജരാകുവാന്‍ കഴിയാത്ത സാഹചര്യം ഉണ്ടെന്ന് ബോധ്യപ്പെടുന്ന പക്ഷം വിവാഹ മുഖ്യ രജിസ്ട്രാര്‍ ജനറലിന്റെ പ്രത്യേക അനുമതിയോടെ 2008ലെ കേരള വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യല്‍ ചട്ടങ്ങളുടെ ഭേദഗതി നിലവില്‍ വരുന്ന തീയതി വരെയാണ് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാന്‍ അനുമതി. 

ഓണ്‍ലൈനായി വിവാഹം രജിസ്റ്റര്‍ ചെയ്യുമ്പോള്‍ വ്യാജ ഹാജരാക്കലുകളും ആള്‍മാറാട്ടവും ഉണ്ടാകാതിരിക്കാന്‍ തദ്ദേശ രജിസ്ട്രാര്‍മാരും വിവാഹ മുഖ്യ രജിസ്ട്രാര്‍ ജനറലും പ്രത്യേകം ശ്രദ്ധ ചെലുത്തണമെന്ന് മന്ത്രി സൂചിപ്പിച്ചു.

വിവാഹ രജിസ്‌ട്രേഷന്‍ നടപടികള്‍ പാലിക്കാതെ വിദേശത്ത് പോയതിനുശേഷം വിദേശത്തുനിന്നും കോവിഡ് 19 പശ്ചാത്തലം ചൂണ്ടിക്കാണിച്ച് പലരും ഓണ്‍ലൈനായി വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ കോടതിയെ സമീപിക്കുകയും കോടതി ഉത്തരവുകള്‍ ലഭ്യമാക്കിക്കൊണ്ട് പല രജിസ്ട്രാര്‍മാരും വിവാഹം രജിസ്റ്റര്‍ ചെയ്തു നല്‍കിവരുന്നുമുണ്ട്. 

കോവിഡ് 19 വ്യാപനസാഹചര്യം മുന്‍നിര്‍ത്തി വിദേശരാജ്യങ്ങളില്‍ സ്ഥിരതാമസമാക്കിയവരുടെ തൊഴില്‍ സംരക്ഷണം ലഭിക്കുന്നതിനും,  താമസസൗകര്യം ലഭിക്കുന്നതിനുള്ള നിയമസാധുതയ്ക്കും വിവാഹ സര്‍ട്ടിഫിക്കറ്റ് ആധികാരിക രേഖയായി ആവശ്യപ്പെടുന്നുമുണ്ട്. ഈ സാഹചര്യത്തിലാണ് വിവാഹം ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി

Facebook Comments Box

By admin

Related Post