Fri. Apr 26th, 2024

ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ സ്ത്രീകളെ അധിക്ഷേപിച്ചാല്‍ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി

By admin Oct 4, 2021 #news
Keralanewz.com

തിരുവനന്തപുരം: സ്ത്രീകള്‍ക്കെതിരായ സൈബര്‍ ആക്രമണങ്ങള്‍ ശക്തമായി നേരിടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ സ്ത്രീകളെ അപമാനിക്കാനും അധിക്ഷേപിക്കാനും ശ്രമിച്ചാല്‍ കര്‍ശന നടപടിയെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ട് നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

സ്ത്രീകള്‍ക്ക് അന്തസ്സോടെ ജീവിക്കാനുള്ള പദ്ധതികള്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നുണ്ട്. അതിന് രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണ വേണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പരിശുദ്ധ പ്രണയത്തെ കൊലപാതകത്തില്‍ എഴുതുന്ന സാഹചര്യം ഒഴിവാക്കണം. പാലാ സംഭവം ആവര്‍ത്തിക്കാതിരിക്കാന്‍ ബോധവത്കരണം വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഹരിത വിഷയത്തില്‍ മുസ്ലിം ലീഗിനെ പരോക്ഷമായി മുഖ്യമന്ത്രി വിമര്‍ശിച്ചു. സ്ത്രീവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ നിന്ന് രാഷ്ട്രീയപാര്‍ട്ടികളും നേതാക്കളും മാറിനില്‍ക്കണം. പൊതു സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കരുതെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിന് അധിക സീറ്റ് അനുവദിക്കില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി നിയമസഭയില്‍ വ്യക്തമാക്കി. ഏഴ് ജില്ലകളില്‍ 20 ശതമാനം പ്ലസ് വണ്‍ സീറ്റ് വര്‍ധിപ്പിച്ചതായും മന്ത്രി വി.ശിവന്‍കുട്ടി നിയമസഭയില്‍ പറഞ്ഞു. സാമ്പത്തിക സാഹചര്യം അനുകൂലമല്ലാത്തതിനാല്‍ അധിക ബാച്ച് അനുവദിക്കാനാകില്ലെന്നും പത്താംക്ലാസ് പാസായ എല്ലാവര്‍ക്കും പ്ലസ് വണ്‍ പ്രവേശനം നല്‍കാനാകില്ലെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു. പ്ലസ് വണ്‍ സീറ്റിലെ അപര്യാപ്തത ചൂണ്ടിക്കാട്ടി പാലക്കാട് എംഎല്‍എ ഷാഫി പറമ്പിലാണ് അടിയന്തര പ്രമേയ നോട്ടിസ് നല്‍കിയത്. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി.

രണ്ടാമത്തെ അലോട്ട്മെന്റോടെ അപേക്ഷിച്ച എല്ലാവര്‍ക്കും പ്രവേശനം ലഭിക്കും. വിഎച്ച്എസ്എസ്ഇ, ഐടിഐ മേഖലയില്‍ ഒരു ലക്ഷത്തോളം സീറ്റുകളുണ്ട്. ഈ മാസം 20ന് മാത്രമേ ആവശ്യമായ സീറ്റുകളുടെ ലഭ്യത അറിയാന്‍ കഴിയൂ’ എന്നും വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കി.

ചരിത്ര വിജയം നേടിയിട്ടും വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാന്‍ കഴിയാത്ത സാഹചര്യമാണെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ കുറ്റപ്പെടുത്തി. ശാസ്ത്രീയമായ പഠനം നടത്തി സീറ്റ് വര്‍ധിപ്പിക്കണം. പാലക്കാട് മാത്രം ആയിരത്തോളം സീറ്റ് കുറവാണ്. മുഴുവന്‍ എ പ്ലസ് കിട്ടിയിട്ടും സീറ്റില്ലെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ കുറ്റപ്പെടുത്തി. പ്ലസ് വണ്‍ പ്രവേശനത്തിന് പുതിയ ബാച്ചുകള്‍ അനുവദിക്കാത്തതാണ് വിദ്യാഭ്യാസരംഗത്തെ ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്ന് പ്രതിപക്ഷം ആരോപിച്ചു.

മലപ്പുറം, പാലക്കാട് ഉള്‍പ്പെടെയുള്ള ജില്ലകളിലെ സീറ്റ് വിവരം തെറ്റാണെന്നും അവിടെയും എല്ലാവര്‍ക്കും പഠിക്കാന്‍ സാഹചര്യമുണ്ടെന്ന് വിദ്യാഭ്യാസമന്ത്രി പറഞ്ഞു. അതേസമയം തങ്ങള്‍ പങ്കുവച്ചത് രക്ഷിതാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും ആശങ്കയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ സഭയില്‍ പറഞ്ഞു. മന്ത്രി പറഞ്ഞ വാക്കുകള്‍ക്ക് യാതൊരു പ്രസക്തിയുമില്ല. മന്ത്രിയുടെ മറുപടി കളവായി പരിഗണിക്കേണ്ടിവരുമെന്നും വി.ഡി സതീശന്‍ പ്രതികരിച്ചു.

Facebook Comments Box

By admin

Related Post