Sat. Apr 20th, 2024

വേണുഗോപാലിനെതിരെ ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ; പാര്‍ടി വിടുമെന്ന ഭീഷണിയുമായി വി എസ്‌ ശിവകുമാര്‍

Keralanewz.com

തിരുവനന്തപുരം
കെപിസിസി ഭാരവാഹി പ്രഖ്യാപനം നീളുന്നതിനിടെ കെ സി വേണുഗോപാലിനെതിരെ ഹൈക്കമാന്‍ഡിനെ അതൃപ്തി അറിയിക്കാന്‍ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും. പട്ടികയില്‍ ഉള്‍പ്പെടുത്തിയില്ലെങ്കില്‍ പാര്‍ടി വിടുമെന്ന ഭീഷണിയുമായി വി എസ് ശിവകുമാര്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍. വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി സ്ഥാനങ്ങളില്‍ പരിഗണിച്ച രമണി പി നായരെ പട്ടികയില്‍നിന്ന് ഒഴിവാക്കിയെന്ന് പരാതി. രാജി ഭീഷണി മുഴക്കിയ ആലപ്പുഴയിലെ ഡി സുഗതനെ ട്രഷററാക്കാമെന്ന് വാഗ്ദാനം.

വേണുഗോപാല്‍ പദവി ദുരുപയോഗം ചെയ്ത് വിശ്വസ്തരെ തിരുകിക്കയറ്റാന്‍ ശ്രമിക്കുന്നെന്നാണ് ചെന്നിത്തലയുടെയും ഉമ്മന്‍ചാണ്ടിയുടെയും പരാതി. ചികിത്സയിലുള്ള ഉമ്മന്‍ചാണ്ടിയുമായി ചെന്നിത്തല ആശയവിനിമയം നടത്തി.

സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം അംഗീകരിക്കുമെന്ന് ആവര്‍ത്തിക്കുമ്ബോഴും വേണുഗോപാല്‍ പട്ടിക വെട്ടിത്തിരുത്തുകയാണ്. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ വേണുഗോപാലിന് ഒത്താശ ചെയ്യുകയാണെന്നും എ, ഐ ഗ്രൂപ്പുകള്‍ ആരോപിച്ചു. പുനഃസംഘടനയില്‍ സാമുദായിക സമവാക്യം പാലിച്ചില്ലെന്നും പരാതി ഉയര്‍ന്നു.

ഐ ഗ്രൂപ്പ് പട്ടികയില്‍നിന്ന് ഒഴിവാക്കിയെന്ന് വ്യക്തമായതോടെയാണ് സുഗതനും ശിവകുമാറും ഇടഞ്ഞത്. ശിവകുമാറിനെ അവഗണിക്കാനാണ് കെപിസിസി നേതൃത്വത്തിന്റെ തീരുമാനം. ചെന്നിത്തലയുടെ പിന്തുണയുമില്ല.

അതേസമയം, കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ സുഗതന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി. തുടര്‍ന്നാണ് ട്രഷറര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലം വലിച്ചെന്ന പരാതി വീണ്ടും ഉയര്‍ന്നതിനാലാണ് രമണി പി നായരെ അവസാന നിമിഷം വെട്ടിയത്. പാര്‍ടി വിടുമെന്ന പ്രചാരണം വാസ്തവവിരുദ്ധമാണെന്ന് ശിവകുമാര്‍ പറഞ്ഞു.

വേണുഗോപാലിനെതിരെ മുതിര്‍ന്ന നേതാക്കള്‍തന്നെ രൂക്ഷവിമര്‍ശം ഉയര്‍ത്തുന്നതിനാല്‍ ഭാരവാഹി പ്രഖ്യാപനം നീളാനാണ് സാധ്യത. പട്ടിക വൈകാന്‍ കാരണം വേണുഗോപാലിന്റെ ഇടപെടലാണെന്ന് ഗ്രൂപ്പുകള്‍ ആരോപിച്ചിരുന്നു. താന്‍ പെട്ടെന്ന് പൊട്ടിമുളച്ചതല്ലെന്നായിരുന്നു വേണുഗോപാലിന്റെ മറുപടി.

Facebook Comments Box

By admin

Related Post