Tue. Apr 23rd, 2024

കോവിഡ് വ്യാപനത്തിന് കുറവ് വന്നതോടെ കേരളം തുറക്കുന്നു,നാളെ മുതൽ ഇളവുകൾ; എല്ലാ കടകളും തുറക്കാം, ഓട്ടോ ടാക്സിക്ക് സർവീസ് നടത്താം

By admin Jun 16, 2021 #news
Keralanewz.com

കോവിഡ് വ്യാപനത്തിന് കുറവ് വന്നതോടെ കേരളം തുറക്കുന്നു. കോവിഡ് അതിതീവ്രമായ മേഖലയിൽ ഒഴികെ ഇന്ന് ലോക്ക്ഡൗൺ അവസാനിക്കും. നാളെ മുതൽ ടിപിആർ നിരക്കിൻറെ അടിസ്ഥാനത്തിൽ എ,ബി,സി,ഡി എന്നിങ്ങനെ നാലായി തിരിച്ചാണ് ഇളവുകൾ. കോവിഡ് വ്യാപനം കുറഞ്ഞ മേഖലകളിലെ എല്ലാ കടകളും തുറന്നു പ്രവർത്തിക്കും. ഓട്ടോ ടാക്സി സർവീസ് നടത്താനും അനുമതിയുണ്ട്. ബിവറേജ് ഔട്ട്ലെറ്റുകൾക്കും പ്രവർത്തനാനുമതിയുണ്ട്. 

തദ്ദേശസ്വയംഭരണപ്രദേശങ്ങളിലെ 7 ദിവസത്തെ ശരാശരി ടെസ്റ്റ്‌പോസിറ്റിവിറ്റി നിരക്ക് 8 ശതമാനം വരെ ആണെങ്കിൽ ‘കുറഞ്ഞ വ്യാപനമുള്ളത്’ എന്നാണ് കണക്കാക്കുക. 8 മുതൽ ഇരുപതുവരെ ശതമാനമാണെങ്കിൽ മിതമായ വ്യാപനമുള്ള പ്രദേശമായി കണക്കാക്കും. 20 ശതമാനത്തിന് മുകളിലാണെങ്കിൽ അതിവ്യാപന മേഖലയായി കണ്ട് നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. മുപ്പതുശതമാനത്തിലും കൂടിയാൽ നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കും. 

വ്യാവസായിക, കാർഷിക മേഖലകളിലെ പ്രവർത്തനങ്ങൾ എല്ലാ തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലും അനുവദിക്കും. ഈ മേഖലകളിലെ തൊഴിലാളികൾക്ക് ഗതാഗതം അനുവദിക്കും. അവശ്യവസ്തുക്കളുടെ കടകൾ എല്ലാ ദിവസവും രാവിലെ 7 മുതൽ വൈകുന്നേരം 7 വരെ തുറന്നു പ്രവർത്തിക്കാൻ അനുവദിക്കും. അക്ഷയകേന്ദ്രങ്ങൾ തിങ്കൾ മുതൽ വെള്ളി വരെ പ്രവർത്തനം അനുവദിക്കും.

ജൂൺ 17 മുതൽ കേന്ദ്ര-സംസ്ഥാന സർക്കാർ ഓഫീസുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, ഗവൺമെന്റ് കമ്പനികൾ, കമ്മീഷനുകൾ, കോർപറേഷനുകൾ, സ്വയംഭരണസ്ഥാപനങ്ങൾ എന്നിവയിൽ റോട്ടേഷൻ അടിസ്ഥാനത്തിൽ 25 ശതമാനം ജീവനക്കാരെ ഉൾക്കൊള്ളിച്ചു എല്ലാ ദിവസവും  പ്രവർത്തനം അനുവദിക്കും. ഗവൺമെന്റ് സെക്രട്ടേറിയറ്റിൽ നിലവിൽ ഉള്ളത് പോലെ റോട്ടേഷൻ അടിസ്ഥാനത്തിൽ 50 ശതമാനം വരെ ജീവനക്കർ പ്രവർത്തിക്കണം. 

എല്ലാ ശനി, ഞായർ ദിവസങ്ങളിൽ സംസ്ഥാനത്താകെ പൂർണ്ണ ലോക്ക്ഡൗൺ ആയിരിക്കും. പൊതുഗതാഗതം മിതമായ രീതിയിൽ അനുവദിക്കും. ബാങ്കുകളുടെ പ്രവർത്തനം നിലവിലുള്ളത് പോലെ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ  മാത്രം തുടരുന്നതാണ്.

വിവാഹങ്ങൾക്കും, മരണാനന്തര ചടങ്ങുകൾക്കും നിലവിലുള്ളത് പോലെ 20 പേരെ മാത്രമേ അനുവദിക്കൂ. മറ്റു ആൾക്കൂട്ടങ്ങളോ, പൊതു പരിപാടികളോ അനുവദിക്കില്ല.എല്ലാ അഖിലേന്ത്യാ സംസ്ഥാനതല പൊതുപരീക്ഷകളും അനുവദിക്കും. (സ്‌പോർട്‌സ് സെലക്ഷൻ ട്രയൽസ് ഉൾപ്പെടെ). റസ്റ്റോറന്റുകളിൽ  ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുവാദമുണ്ടാകില്ല.  ഹോം ഡെലിവറി, ടേക്ക് എവേ സംവിധാനം തുടരും.

വിനോദസഞ്ചാരം, വിനോദപരിപാടികൾ, ആളുകൾ കൂടുന്ന ഇൻഡോർ പ്രവർത്തനങ്ങൾ തുടങ്ങിയവ അനുവദിക്കില്ല (മാളുകൾ ഉൾപ്പെടെ)എല്ലാ ബുധനാഴ്ചയും ആ ആഴ്ചയിലെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളുടെ എഴു ദിവസത്തെ ശരാശരി വ്യാപനത്തോത് അവലോകനം ചെയ്ത് ഓരോ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളും ഏതു വിഭാഗത്തിൽ ഉൾപ്പെടുന്നുവെന്നത് ജില്ലാ ഭരണ സംവിധാനങ്ങൾ  പരസ്യപ്പെടുത്തും.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8 മുതൽ 20 ശതമാനം വരെയുള്ള പ്രദേശങ്ങളിൽ അവശ്യവസ്തുക്കളുടെ കടകൾ മാത്രം രാവിലെ 7 മുതൽ വൈകുന്നേരം 7 വരെ പ്രവർത്തനം അനുവദിക്കും. മറ്റു കടകൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ രാവിലെ 7 മുതൽ വൈകുന്നേരം 7 വരെ പ്രവർത്തനം അനുവദിക്കും. (50 ശതമാനം വരെ ജീവനക്കാരെ ഉൾപ്പെടുത്തി പ്രവർത്തിക്കാം. 50 ശതമാനം വരെ ജീവനക്കാരെ ഉൾപ്പെടുത്തി സ്വകാര്യ സ്ഥാപനങ്ങളുടെ പ്രവർത്തനം തിങ്കൾ, ബുധൻ, വെള്ളി അനുവദിക്കും.

Facebook Comments Box

By admin

Related Post