Thu. Apr 18th, 2024

വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചു: പ്രധാനമന്ത്രി

By admin Nov 19, 2021 #news
Keralanewz.com

ന്യൂഡല്‍ഹി>>കര്‍ഷകര്‍ക്ക് മുന്നില്‍ മുട്ടു മടക്കി കേന്ദ്ര സര്‍ക്കാര്‍. 3 കാര്‍ഷിക നിയമങ്ങളും പിന്‍വലിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. 3 നിയമങ്ങളും പിന്‍വലിക്കുമെന്നും നിയമം ചിലര്‍ക്ക് ബുദ്ധിമുട്ടുണ്ടായ സാഹചര്യത്തിലാണ് പിന്‍വലിക്കാന്‍ തീരുമാനമെടുത്തതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്ത് പറഞ്ഞു.
കര്‍ഷകരുടെ പ്രതിസന്ധി തനിക്ക് മനസിലാക്കാനായെന്നും കര്‍ഷകരുടെ അഭിവൃദ്ധിക്കാണ് പ്രാധാന്യം നല്‍കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

പാര്‍ലമെന്റിന്റെ അടുത്ത സമ്മേളനത്തില്‍ തന്നെ ഇതുമായി ബന്ധപ്പെട്ട നടപടികള്‍ ഉണ്ടാവും. നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്‍ അടുത്ത പാര്‍ലമെന്റ് ശൈത്യകാല സമ്മേളനത്തില്‍ കൊണ്ടുവരുമെന്നും പ്രധാനമന്ത്രി അറിയിച്ചു. പഞ്ചാബ്, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് കേന്ദ്രസര്‍ക്കാരിന്റെ പ്രഖ്യാപനം.
കര്‍ഷകര്‍ രാജ്യത്തിന്റെ നട്ടെല്ലാണ്. കര്‍ഷകരെ സഹായിക്കാന്‍ ആത്മാര്‍ഥതയോടെയാണ് നിയമങ്ങള്‍ കൊണ്ടുവന്നത്. ചെയ്ത കാര്യങ്ങളെല്ലാം കര്‍ഷകരുടെ നന്‍മയ്ക്ക് വേണ്ടിയായിരുന്നു. എന്നാല്‍ ചില കര്‍ഷകര്‍ക്ക് അത് മനസിലാക്കാന്‍ സാധിച്ചില്ലെന്നും മോദി പറഞ്ഞു. രാജ്യത്തോട് ക്ഷമ ചോദിച്ച പ്രധാനമന്ത്രി രാജ്യതലസ്ഥാനത്ത് സമരം ചെയ്യുന്ന കര്‍ഷകര്‍ മടങ്ങി പോകണമെന്നും ആവശ്യപ്പെട്ടു

നിയമങ്ങളെ എതിര്‍ത്ത കര്‍ഷകരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ സാധിച്ചില്ല. കര്‍ഷക ക്ഷേമത്തിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. രാജ്യത്തെ കര്‍ഷകരുടെ വേദന മനസിലാക്കുന്നു. കര്‍ഷകരുടെ പ്രയത്നം നേരില്‍കണ്ടയാളാണ് താന്‍. രണ്ട് ഹെക്ടറില്‍ താഴെ മാത്രം ഭൂമിയുള്ളവരാണ് ഭൂരിഭാഗം കര്‍ഷകരും. അവരുടെ ഉന്നമനത്തിന് മുന്‍ഗണന നല്‍കുമെന്നും മോദി പറഞ്ഞു.
പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ നിയമങ്ങള്‍ക്കെതിരായ സമരം തുടരുന്നതിനിടെയാണ് പിന്‍വലിക്കല്‍ പ്രഖ്യാപനം. മാസങ്ങളോളമായി കര്‍ഷകര്‍ സമരത്തിലാണ്.

അതേസമയം മോദിയുടെ ധാര്‍ഷ്ട്യത്തിന് ലഭിച്ച മറുപടിയാണിതെന്ന് ജോണ്‍ ബ്രിട്ടാസ് എം പി പ്രതികരിച്ചു. കേന്ദ്ര സര്‍ക്കാരിനേറ്റ കനത്ത പ്രഹരമാണിതെന്നും ജോണ്‍ ബ്രിട്ടാസ് എം പി പറഞ്ഞു. കര്‍ഷക സമരത്തിന്റെ വിജയമാണിതെന്ന് സി പി ഐ എം വ്യക്തമാക്കി

Facebook Comments Box

By admin

Related Post