Fri. Apr 26th, 2024

എന്റെ മുത്തശ്ശി കോട്ടയംകാരിയാണ്; ഞാനുമൊരു ക്വാര്‍ട്ടര്‍ മലയാളിയെന്ന് പ്രിയങ്ക ചോപ്ര

By admin Dec 9, 2021 #filim
Keralanewz.com

ടൊവിനോ തോമസ് നായകനാവുന്ന ‘മിന്നല്‍ മുരളി’ റിലീസിന് മുമ്പ് തന്നെ ആരാധകരുടെ ഹൃദയം കീഴടക്കിയതാണ്. ഏവരും കാത്തിരിക്കുന്ന സിനിമയാണ് ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ഈ സിനിമ. ഇപ്പോള്‍ മിന്നല്‍ മുരളിയുടേതായി ട്രെന്‍ഡിംഗ് ആകുന്ന വാര്‍ത്ത ആ സിനിമയ്ക്കു വേണ്ടി നടിയും നിര്‍മ്മാതാവുമായ പ്രിയങ്ക ചോപ്ര കാത്തിരിക്കുന്നു എന്നതാണ്

മുംബൈയില്‍ വെച്ച് നടക്കുന്ന ജിയോ മുംബൈ അക്കാദമി ഓഫ് മൂവിങ് ഇമേജ് (MAMI) ഫിലിം ഫെസ്റ്റിവലില്‍ മിന്നല്‍ മുരളി പ്രീമിയര്‍ ചെയ്യുന്നതിനോട് അനുബന്ധിച്ച് ടൊവിനോ തോമസിനെയും ബേസില്‍ ജോസഫിനെയും അഭിമുഖം നടത്തുകയായിരുന്നു താരം. ജിയോ മാമിയുടെ ചെയര്‍ പേഴ്‌സണാണ് പ്രിയങ്ക ചോപ്ര. ചിത്രത്തിന്റെ വേള്‍ഡ് പ്രീമിയര്‍ പ്രഖ്യാപിക്കാന്‍, മുംബൈ ഫിലിം ഫെസ്റ്റിവലിലെ അഭിനേതാവും ജിയോ മാമിയുടെ ചെയര്‍പേഴ്‌സണുമായ പ്രിയങ്ക ചോപ്ര ജോനാസും ജിയോ മാമിയുടെ ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ സ്മൃതി കിരണും മിന്നല്‍ മുരളി, ടൊവിനോ, സംവിധായകന്‍ ബേസില്‍ ജോസഫ് എന്നിവരുടെ ടീമിനൊപ്പം ചേര്‍ന്നു.

ആ വെര്‍ച്വല്‍ സെഷനില്‍, പ്രിയങ്ക, ബേസില്‍, ടൊവിനോ, സ്മൃതി എന്നിവര്‍ ഇന്ത്യയിലെ സൂപ്പര്‍ ഹീറോ സിനിമകളെ കുറിച്ചും മിന്നല്‍ മുരളിയെക്കുറിച്ച് പ്രിയങ്കയ്ക്ക് ഇഷ്ടപ്പെട്ടതും ആ സിനിമ എങ്ങനെയുണ്ടായി എന്നതും മറ്റും ചര്‍ച്ച ചെയ്തു

”എന്റെ മുത്തശ്ശി കോട്ടയംകാരിയാണ്. അതുകൊണ്ട് ഞാനുമൊരു ക്വാര്‍ട്ടര്‍ മലയാളിയാണ്. ‘മിന്നല്‍ മുരളി’ക്കു വേണ്ടി ഞാനും കാത്തിരിക്കുകയാണ്. ഭാവിയില്‍ ബേസില്‍ കഥയും കൊണ്ടുവരികയാണെങ്കില്‍ മിന്നല്‍ മുരളിയുടെ അടുത്ത ഭാഗങ്ങളില്‍ അഭിനയിക്കാന്‍ ഞാന്‍ തയ്യാറാണ്.” സംസാരത്തിനിടയില്‍ പ്രിയങ്ക പറഞ്ഞത് ഇങ്ങനെയാണ്.

അഭിമുഖത്തില്‍ ജിയോ മാമിയുടെ ആര്‍ട്ടിസ്റ്റിക്ക് ഡയറക്ടര്‍ സ്മൃതി കിരണും പങ്കെടുത്തിരുന്നു. ഡിസംബര്‍ 16 നാണ് മിന്നല്‍ മുരളിയുടെ വേള്‍ഡ് പ്രീമിയര്‍ ജിയോ മാമി ഫിലിം ഫെസ്റ്റിവലില്‍ നടക്കുന്നത്. സംവിധായിക അഞ്ജലി മേനോന്‍, അനുപമ ചോപ്ര, ഇഷാ അംബാനി, വിശാല്‍ ഭരദ്വാജ്, ഫര്‍ഹാന്‍ അക്തര്‍, ആനന്ദ് മഹീന്ദ്ര, കബീര്‍ ഖാന്‍, വിക്രമാദിത്യ മൊടവാനി, സോയ അക്തര്‍, റാണ ദഗുപതി, സിദ്ധാര്‍ഥ് റോയ കപൂര്‍, സ്മൃതി കിരണ്‍ എന്നിവരാണ് ജിയോ മാമി ഫിലിം ഫെസ്റ്റിവല്‍ ട്രസ്റ്റീ ബോര്‍ഡിലെ അംഗങ്ങള്‍.

Facebook Comments Box

By admin

Related Post