സഹകരണ ബാങ്കുകളില്‍ 16,000 കോടി കള്ളപ്പണം

ന്യൂദല്‍ഹി: കള്ളപ്പണം വെളുപ്പിച്ച് നല്‍കിയെന്ന കണ്ടെത്തലുകളെത്തുടര്‍ന്ന് സഹകരണ ബാങ്കുകളില്‍ ആദായ നികുതി വകുപ്പ് പിടിമുറുക്കി. . മൊത്തം 16000 കോടിയുടെ കള്ളപ്പണം എത്തിയിട്ടുണ്ടെന്നാണ് സൂചന.
ദല്‍ഹിയിലും മുംബൈയിലും വിവിധ സഹകരണ ബാങ്കുകളില്‍ ആദായ നികുതി വകുപ്പ് പരിശോധന തുടങ്ങി.

സഹ. ബാങ്കുകള്‍ക്കു മേല്‍ നിയന്ത്രണമില്ലാത്തതാണ് ഇതിനു കാരണമെന്നാണ് വകുപ്പിന്റെ വിലയിരുത്തല്‍. ദല്‍ഹി ദരിയാഗഞ്ജ് സഹകരണ ബാങ്കില്‍ 1200 ബിനാമി അക്കൗണ്ടുകള്‍ തുറന്ന് 120 കോടി രൂപ നിക്ഷേപിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇതിനുപുറമേ 3.2 കോടിയുടെ പഴയ നോട്ട് മാറി പുതിയ നോട്ടും നല്‍കിയിട്ടുണ്ട്. ബാങ്ക് ഉദ്യോഗസഥരും ഡയറക്ടര്‍ ബോര്‍ഡംഗങ്ങളും ചേര്‍ന്നാണ് തട്ടിപ്പിന് സഹായം നല്‍കിയത്.

നോട്ട് അസാധുവാക്കലിനു ശേഷം മുംബൈയിലെ ഒരു ജില്ലാ സഹകരണ ബാങ്കില്‍ 1400 കോടി രൂപയുടെ നിക്ഷേപം എത്തിയിട്ടുണ്ടെന്നായിരുന്നു ബാങ്ക് അധികൃതര്‍ നല്‍കിയ കണക്ക്. എന്നാല്‍ 900 കോടി മാത്രമാണ് നിക്ഷേപിച്ചതെന്നും 500 കോടി ലഭിച്ചതായി വെറുതേ കണക്ക് നല്‍കിയ ശേഷം പിന്നീട് കള്ളപ്പണം അതിന്റെ മറവില്‍ മാറ്റി നല്‍കുകയായിരുന്നുവെന്നും പരിശോധനയില്‍ കണ്ടെത്തി.

രാജ്യത്തെ ആയിരക്കണക്കിന് സഹകരണ ബാങ്കുകള്‍ ആദായ നികുതി വകുപ്പിന്റെയും എന്‍ഫോഴ്‌സ്‌മെന്റിന്റെയും സിബിഐയുടേയും നിരീക്ഷണത്തിലാണ്. ആദായ നികുതി വകുപ്പാണ് സംസ്ഥാന സഹകരണ ബാങ്കുകള്‍ പരിശോധിക്കുക. സിബിഐ അര്‍ബന്‍ ബാങ്കുകളും എന്‍ഫോഴ്‌സ്‌മെന്റ് ജില്ലാ സഹകരണബാങ്കുകളും. നോട്ട് അസാധുവാക്കലിനു ശേഷം സഹകരണ ബാങ്കുകളില്‍ തുടങ്ങിയ മിക്ക അക്കൗണ്ടുകളും ബിനാമികളാണെന്നാണ് സംശയം.

ഇതുവരെ 1156 പരിശോധനകളിലായി 5343 കോടി രൂപയുടെ കണക്കില്‍പ്പെടാത്ത പണം കണ്ടെത്തിയിട്ടുണ്ട്. ബാങ്കുകളിലെ രണ്ടര ലക്ഷത്തിനു മുകളിലുള്ള മുഴുവന്‍ നിക്ഷേപങ്ങളും ആദായ നികുതി വകുപ്പ് പരിശോധിച്ചുവരികയാണ്.

നോട്ട് അസാധുവാക്കലിനു ശേഷം 50 ദിവസം കൊണ്ട് ബാങ്കുകളില്‍ എത്തിയതില്‍ മൂന്നു ലക്ഷം കോടി മുതല്‍ നാലു ലക്ഷം കോടി വരെ കള്ളപ്പണം. സംശയമുള്ള നിക്ഷേപങ്ങളുടെ വിശദാംശങ്ങള്‍ ആദായ നികുതി വകുപ്പ് ശേഖരിച്ചുവരികയാണ്.

നവംബര്‍ എട്ടിനു ശേഷം 60 ലക്ഷം അക്കൗണ്ടുകളിലായി എത്തിയ 7.34 ലക്ഷം കോടി രൂപയില്‍ രണ്ടു ലക്ഷം കോടി രൂപ കണക്കില്‍ പെടാത്തതായിരുന്നുവെന്നാണ് സൂചന. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ അക്കൗണ്ടുകളില്‍ നിക്ഷേപിച്ചത് 10,700 കോടി രൂപയാണ്.
ഇടപാടുകളില്ലാതെ കിടന്ന അക്കൗണ്ടുകളില്‍ മാത്രം 25,000 കോടി രൂപ നിക്ഷേപിക്കപ്പെട്ടു.

ഇതിനു പുറമെ നവംബര്‍ എട്ടിനു ശേഷം വിവിധ വായ്പകളിലായി 80,000 കോടി രൂപയാണ് തിരിച്ചടച്ചത്. കള്ളപ്പണമെന്ന് സംശയമുള്ള അക്കൗണ്ടുകളുടെ വിവരങ്ങള്‍ ആദായ നികുതി വകുപ്പിനും സിബിഐക്കും എന്‍ഫോഴ്‌സ്‌മെന്റിനും നല്‍കിക്കഴിഞ്ഞു. ഇതിനു പുറമെ സഹകരണ ബാങ്കുകളിലുള്ള 16,000 കോടി രൂപ, മേഖലാ ഗ്രാമീണ ബാങ്കുകളിലുള്ള 13,000 കോടി രൂപ എന്നിവ സംബന്ധിച്ച വിശദാംശങ്ങളും അന്വേഷണ ഏജന്‍സികള്‍ക്ക് കൈമാറിക്കഴിഞ്ഞു.

 

Facebook Comments

 

Leave a Reply

Your email address will not be published. Required fields are marked *