:ഹൈക്കമാന്‍ഡിനും കെപിസിസി പ്രസിഡന്റ് വി എം സുധീരനും എതിരെ തുറന്ന പോരാട്ടത്തിന് ഇറങ്ങിയ എ ഗ്രൂപ്പും ഉമ്മന്‍ചാണ്ടിയും വെട്ടില്‍.

കോട്ടയം:ഹൈക്കമാന്‍ഡിനും കെപിസിസി പ്രസിഡന്റ് വി എം സുധീരനും എതിരെ തുറന്ന പോരാട്ടത്തിന് കെല്‍പ്പില്ലാതെയും കീഴടങ്ങാന്‍ വഴികാണാതെയും എ ഗ്രൂപ്പും ഉമ്മന്‍ചാണ്ടിയും വെട്ടില്‍. ഉമ്മന്‍ചാണ്ടിയുടെ ഒറ്റയാള്‍പ്രതിഷേധം ഹൈക്കമാന്‍ഡും കെപിസിസി പ്രസിഡന്റും കണ്ടില്ലെന്ന് നടിക്കാന്‍ തുടങ്ങിയതോടെയാണ് ഇനിയെന്ത് എന്ന ചോദ്യം ഗ്രൂപ്പിനുമുന്നില്‍ ഉയരുന്നത്. അതിനിടെ ഗ്രൂപ്പില്‍പ്പെട്ടവര്‍ മറുകണ്ടം ചാടുന്നതും ക്ഷീണത്തിന് ആക്കംകൂട്ടുന്നു. ഏറ്റവുമൊടുവില്‍ ഗ്രൂപ്പിലെ പ്രമുഖരിലൊരാളായ കൊടിക്കുന്നില്‍ സുരേഷ് ഒരു ചാനല്‍ അഭിമുഖത്തില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ പരസ്യമായി രംഗത്തുവന്നതും വി എം സുധീരന് നേട്ടമായി. ഐ ഗ്രൂപ്പാകട്ടെ, എ ഗ്രൂപ്പിനും സുധീരനുമിടയില്‍നിന്ന് പരമാവധി നേട്ടം കൈവരിക്കാനുള്ള തന്ത്രം പയറ്റുകയാണ്.

കെപിസിസി പ്രസിഡന്റിന്റെ തീരുമാനത്തെ പരസ്യമായി വെല്ലുവിളിച്ചാണ് കഴിഞ്ഞദിവസം ഉമ്മന്‍ചാണ്ടി തൃശൂരിലെ സസ്പെന്‍ഡ് ചെയ്ത പ്രാദേശികനേതാവിന്റെ വീട്ടില്‍ പോയത്. ഇതില്‍ ശക്തമായ അമര്‍ഷമുണ്ടെങ്കിലും അതും ഗൌനിക്കാതെ നില്‍ക്കുകയാണ് നേതൃത്വം. ഉമ്മന്‍ചാണ്ടിയുടെ പ്രതിഷേധത്തിന്റെപേരില്‍ എന്തെങ്കിലും പ്രതികരണം ഉണ്ടായാല്‍ അതുയര്‍ത്തി പാര്‍ടിക്കകത്ത് കലാപമുണ്ടാക്കുകയെന്നതായിരുന്നു എ ഗ്രൂപ്പ് ലക്ഷ്യം. ഇത് മനസ്സിലാക്കിയാണ് സുധീരന്റെയും ഹൈക്കമാന്‍ഡിന്റെയും നീക്കം. അതിനിടെ ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ദേശീയനേതൃത്വം വിളിച്ചുചേര്‍ത്ത കണ്‍വന്‍ഷനില്‍നിന്ന് ഉമ്മന്‍ചാണ്ടി മാറിനിന്നേക്കും. ബുധനാഴ്ചയാണ് കണ്‍വന്‍ഷന്‍. ബിജെപി സര്‍ക്കാരിനെതിരെ സമരം നടത്തുന്നത് ചര്‍ച്ചചെയ്യാനാണ് പ്രധാന നേതാക്കളുടെയും ജനപ്രതിനിധികളുടെയും കണ്‍വന്‍ഷന്‍ വിളിച്ചത്. 14നാണ് കെപിസിസി രാഷ്ട്രീയകാര്യസമിതി യോഗം. ഈ യോഗത്തിലും ഡിസിസി പ്രസിഡന്റുമാരുടെ യോഗത്തിലും ഉമ്മന്‍ചാണ്ടി പങ്കെടുക്കില്ല.

അതേസമയം, ഉമ്മന്‍ചാണ്ടിമാത്രം ഇങ്ങനെ മാറിനിന്നതുകൊണ്ട് ഒരു കാര്യവുമില്ലെന്ന ആലോചനയിലാണ് എ ഗ്രൂപ്പ്. ഒന്നുകില്‍ പരസ്യയുദ്ധത്തിനിറങ്ങുക, അല്ലെങ്കില്‍ കീഴടങ്ങുക. എന്നാല്‍, പരസ്യയുദ്ധത്തിനുള്ള കെല്‍പ്പില്ല. കീഴടങ്ങുകയാണെങ്കില്‍ പിന്നെ ഗ്രൂപ്പ് തന്നെ ഇല്ലാതാകും. ഇപ്പോള്‍ 14 ഡിസിസി പ്രസിഡന്റുമാരില്‍ വെറും നാലുപേര്‍ മാത്രമാണ് ഗ്രൂപ്പിനോട് കൂറുപുലര്‍ത്തുന്നത്. ഇതില്‍ത്തന്നെ കോട്ടയം, കോഴിക്കോട് പ്രസിഡന്റുമാര്‍മാത്രമാണ് ഉറച്ച ഗ്രൂപ്പുകാര്‍ എന്ന് പറയാവുന്നത്.

പരസ്യയുദ്ധത്തിനിറങ്ങിയാലും കീഴടങ്ങിയാലും ഗ്രൂപ്പിന് വെറും രണ്ട് ഡിസിസി പ്രസിഡന്റുമാര്‍ എന്ന നിലയാകും. ഐ ഗ്രൂപ്പിനാകട്ടെ എട്ട് പ്രസിഡന്റുമാര്‍ കൂടെനില്‍ക്കുന്നു. രണ്ടുപേര്‍ സുധീരന്റെ ക്യാമ്പിലും. കെപിസിസി പ്രസിഡന്റ്, യുഡിഎഫ് കണ്‍വീനര്‍, പ്രതിപക്ഷനേതാവ് ഇങ്ങനെ മൂന്ന് പ്രധാന പദവികളില്‍ ഒന്നുപോലും ഗ്രൂപ്പിനില്ല. ഈ നിലയില്‍ പോയാല്‍ ഗ്രൂപ്പിന് പിടിച്ചുനില്‍ക്കാന്‍ അറ്റകൈ പ്രയോഗിക്കേണ്ടിവരും. അത് മുമ്പ് കെ കരുണാകരന്‍ നടത്തിയപോലെയുള്ള ഏറ്റുമുട്ടല്‍ ആയാല്‍മാത്രമേ ആധിപത്യം കിട്ടൂ. അതിനാകട്ടെ, ഉമ്മന്‍ചാണ്ടിക്ക് കരുത്തില്ല. അധികാരവും മറ്റ് സൌകര്യങ്ങളുമില്ലാത്തതാണ് പ്രശ്നം.

ഡല്‍ഹി കണ്‍വന്‍ഷനില്‍ ഉമ്മന്‍ചാണ്ടി പോയില്ലെങ്കില്‍ ഹൈക്കമാന്‍ഡ് ചര്‍ച്ചയ്ക്ക് സന്നദ്ധമായേക്കുമെന്ന നേരിയ പ്രതീക്ഷയാണിപ്പോള്‍ ഗ്രൂപ്പിനുള്ളത്. അതുമല്ലെങ്കില്‍ 14ന് ശേഷം രണ്ടിലൊന്ന് തീരുമാനിക്കേണ്ടിവരും.

Facebook Comments

 

Leave a Reply

Your email address will not be published. Required fields are marked *