സഹകരണ ബാങ്കുകൾക്ക് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ പിൻവലിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു.

ന്യൂഡൽഹി: നോട്ട് പിൻവലിക്കലിനെ തുടർന്ന് സഹകരണ ബാങ്കുകൾക്ക് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ പിൻവലിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു. ഇപ്പോൾ ഇളവ് അനുവദിച്ചാൽ കേന്ദ്ര സർക്കാരിന്റെ ഉദ്ദേശശുദ്ധിയെ ബാധിക്കില്ലെ എന്ന് നിരീക്ഷിച്ച കോടതി കേന്ദ്ര സർക്കാർ പറഞ്ഞ കാലാവധിക്ക് ശേഷം കാര്യങ്ങൾ എങ്ങനെ പോകുമെന്ന് നിരീക്ഷിക്കാമെന്നും വ്യക്‌തമാക്കി. സഹകരണ ബാങ്കുകൾ സമർപ്പിച്ച ഹർജികളും നോട്ട് പിൻവലിക്കൽ നടപടി ചോദ്യം ചെയ്ത പൊതുതാത്പര്യ ഹർജികളും പരിഗണിച്ചാണ് കോടതി വിധി.

നവംബർ 10 മുതൽ 14 വരെ സ്വീകരിച്ച നിക്ഷേപങ്ങൾ സഹകരണ ബാങ്കുകൾക്ക് റിസർവ് ബാങ്കിൽ നിക്ഷേപിക്കാം. കോടികൾ ആസ്തിയുള്ള സഹകരണ ബാങ്കുകൾക്ക് രണ്ടാഴ്ച കൂടി കാത്തിരുന്നാൽ എന്താണ് പ്രശ്നമെന്നും സുപ്രീം കോടതി ചോദിച്ചു.

നോട്ട് പിൻവലിക്കലിനെ തുടർന്ന് പൊതുജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ടിൽ കേന്ദ്ര സർക്കാരിനെതിരേ രൂക്ഷ വിമർശനമാണ് കോടതി ഉന്നയിച്ചത്. സാധാരണക്കാർക്ക് 24,000 രൂപ പോലും ആഴ്ചയിൽ ലഭിക്കുന്നില്ല. ഇങ്ങനെ നോട്ട് പ്രതിസന്ധിയുള്ള സമയത്ത് ചിലരുടെ കൈയിൽ മാത്രം ലക്ഷങ്ങളുടെ പുതിയ നോട്ടുകൾ എങ്ങനെ വരുന്നുവെന്നും സുപ്രീം കോടതി ചോദിച്ചു. ലക്ഷക്കണക്കിന് രൂപ കേന്ദ്ര സർക്കാർ പിടിച്ചെടുത്ത് കഴിഞ്ഞിട്ടും സാധാരണക്കാരന് നോട്ട് പ്രതിസന്ധി തുടരുകയാണെന്നും കോടതി നിരീക്ഷിച്ചു.

Facebook Comments

 

Leave a Reply

Your email address will not be published. Required fields are marked *