പോലീസുകാരനെ സിപിഎം സംഘം അക്രമിച്ചു.

ശബരിമല സീസണിനോടനുബന്ധിച്ച് ഇടത്താവാളമായ കുമളിയില്‍ സ്‌പെഷ്യല്‍ ഡ്യൂട്ടിക്ക് എത്തിയ പോലീസുകാരനെ മര്‍ദ്ദിച്ചതായി പരാതി. തൊടുപുഴ കരിമണ്ണൂര്‍ പോലീസ് സ്റ്റേഷനിലെ ഷാജി എം എസ് (42)നാണ് മര്‍ദ്ദനമേറ്റത്. പരിക്കേറ്റ ഷാജിയെ തൊടുപുഴ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സംഭവം ഇങ്ങനെ; സിപിഎം കുമളി തേക്കടി ലോക്കല്‍ സെക്രട്ടറി ദേവസ്യയുടെ വാഹനം കുമളി ബസ് സ്റ്റാന്റിന് സമീപം പാര്‍ക്ക് ചെയ്തിരുന്നത് മാറ്റുവാന്‍ ഡ്യൂട്ടിയിലായിരുന്ന ഷാജി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിന് ദേവസ്യ തയ്യാറാകാതെ വന്നതോടെ ഇരുവരും തമ്മില്‍ വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. ഈ സമയം ഇത് വഴി മഫ്ത്തിയിലെത്തിയ മറ്റൊരു പൊലീസുകാരന്‍ പ്രശ്‌നത്തില്‍ ഇടപെടുകയും കുമളി സി.ഐയെ വിവരമറിയിക്കുകയും ചെയ്തു.

സ്ഥലത്തെത്തിയ സി.ഐ പ്രശ്‌ന പരിഹാരത്തിനായി സ്റ്റേഷനിലേക്ക് ഇരുവരെയും വിളിച്ച് വരുത്തുകയും ചെയ്തു. പ്രശ്‌നം പരിഹാരത്തിനായി ചര്‍ച്ച നടക്കുന്നതിനിടെയാണ് ഡ്യൂട്ടികഴിഞ്ഞ് റൂമിലേക്ക് പോയ ഷാജിയെ താമസിക്കുന്ന ലോഡ്ജിലെത്തി കണ്ടാലറിയാവുന്ന സിപിഎം ഗുണ്ടകളായ എഴുപേര്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു എന്നാണ് വിവരം. ഇത് സംബന്ധിച്ച് എഫ്‌ഐആര്‍ ഇട്ട് അന്വേഷണം നടത്തിവരുകയാണെന്ന് എസ്‌ഐ പറഞ്ഞു. മകരവിളക്ക് അടുത്തതോടെ കുമളിയില്‍ തിരക്കേറി വരികയാണ്. ഒരേ സമയം വിവിധ ജങ്ഷനുകളിലായി 12ലധികം പോലീസുകാരാണ് ഡ്യൂട്ടി നോക്കുന്നത്. ഇത്തരത്തില്‍ തന്നെ രണ്ടാഴ്ച മുമ്പ് വനം വകുപ്പ് ഉദ്യോഗസ്ഥനെ തമിഴ്‌നാട് സ്വദേശി മര്‍ദ്ദിച്ചതും വന്‍ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്ക് തടസ്സം ഉണ്ടാക്കുകയും മര്‍ദ്ദിക്കുകയും ചെയ്യുന്നത് കൂടിവരുന്നതില്‍ പോലീസ് സേനയില്‍ തന്നെ കടുത്ത വിമര്‍ശനങ്ങള്‍ക്ക് വഴിയൊരിക്കിയിട്ടുണ്ട്. അക്രമത്തിന് നേതൃത്വം നല്‍കിയ സിപിഎം ഗുണ്ടകളെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ശക്തമാകുകയാണ്.

Facebook Comments

 

Leave a Reply

Your email address will not be published. Required fields are marked *