ധനലക്ഷ്മി ബാങ്ക് ഏഴ് ശാഖകള്‍ പൂട്ടി

ബാങ്കുകള്‍ ബിസിനസും ശാഖകളും വര്‍ധിപ്പിക്കുന്നതിനിടെ കേരളം ആസ്ഥാനമായ ധനലക്ഷ്മി ബാങ്ക് കേരളത്തിനുപുറത്തെ ഏഴ് ശാഖകള്‍ പൂട്ടി. ബിസിനസ് മോശമായതാണ് കാരണമെന്ന് അറിയുന്നു. പ്രവര്‍ത്തനച്ചെലവ് കുറക്കുന്നത് ഉള്‍പ്പെടെ കാരണങ്ങളുമുണ്ട്. ശാഖകളെ ലയിപ്പിക്കുകയാണ് ചെയ്തതെന്നാണ് അനൗദ്യോഗിക വിശദീകരണം. ഡിസംബര്‍ 31നാണ് പ്രവര്‍ത്തനം നിര്‍ത്തിയത്.

ഉത്തര്‍പ്രദേശിലെ ഗാസിയാബാദ്, നോയ്ഡ, ഡല്‍ഹിയിലെ രോഹിണി, പഞ്ചാബി ബാഗ്, കൊല്‍ക്കത്ത ബര്‍ബോണ്‍ റോഡ്, ഹൗറ, മുംബൈ മിര ബായിന്തര്‍ ശാഖകളാണ് പൂട്ടിയത്. ഇവയെല്ലാം 2010ല്‍ ആരംഭിച്ചതാണ്. ഗാസിയാബാദ്, നോയ്ഡ ശാഖകള്‍ ഡല്‍ഹി കൊണാട്ട് പ്ളേസ് ശാഖയുമായും രോഹിണി, പഞ്ചാബി ബാഗ് ശാഖകള്‍ കരോള്‍ ബാഗുമായും ലയിപ്പിച്ചുവെന്നാണ് അനൗദ്യോഗിക വിശദീകരണം. മുംബൈ മിര ബായിന്തര്‍ ശാഖ ബോറിവ്ലി ശാഖയുമായും കൊല്‍ക്കത്ത ബര്‍ബോണ്‍ റോഡ്, ഹൗറ ശാഖകള്‍ മിന്‍േറാ പാര്‍ക്കുമായും ലയിപ്പിച്ചുവെന്നും പറയുന്നു. എന്നാല്‍, ലയിപ്പിച്ചതെല്ലാം വിദൂര ശാഖകളുമായാണ്. അതോടെ ഇടപാടുകാരെല്ലാം കൊഴിഞ്ഞുപോകും. ഫലത്തില്‍, ബിസിനസ് മോശമായതിനെ തുടര്‍ന്ന് പൂട്ടുകയാണ് ചെയ്തത്.

ബാങ്കിന്‍െറ ബിസിനസ് കുറച്ചുകാലമായി മോശമാണ്. പുതിയ ശാഖകള്‍ തുറക്കാന്‍ റിസര്‍വ് ബാങ്ക് അനുമതി നല്‍കുന്നില്ല. കൊല്‍ക്കത്ത ആസ്ഥാനമായ മൈക്രോഫിനാന്‍സ് സ്ഥാപനമായ ‘ബന്ധന്‍’ പോലുള്ള ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ബാങ്കിങ് ലൈസന്‍സ് ലഭിക്കുകയും അവര്‍ തൃശൂരില്‍ ഉള്‍പ്പെടെ ശാഖ തുടങ്ങുകയും ചെയ്യുമ്പോഴാണ് പുതിയ ശാഖക്ക് ലൈസന്‍സ് കിട്ടാന്‍പോലും അവസരമില്ലാത്ത ധനലക്ഷ്മി ബാങ്ക് നിലവിലെ ഏഴ് ശാഖകള്‍ പൂട്ടിയത്. ഇതോടെ ശാഖകളുടെ എണ്ണം 280ല്‍നിന്ന് 273 ആയി.

Facebook Comments

 

Leave a Reply

Your email address will not be published. Required fields are marked *