കുമളിയില്‍ വന്‍ സ്‌ഫോടക ശേഖരം പിടികൂടി

പിടിച്ചെടുത്ത ഡിറ്റനേറ്ററുകള്‍

കുമളി : കുമളി ചെക്ക്‌പോസ്റ്റില്‍ അത്യുഗ്ര ശേഷിയുള്ള സ്‌ഫോടകവസ്തുക്കള്‍ പിടികൂടി. 2500 സാധാരണ ഡിറ്റനേറ്ററുകളും 3000 ഇലക്ട്രിക് ഡിറ്റനേറ്ററുകളുമാണ് പിടിച്ചെടുത്തത്. തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്ക് വന്ന ബസ് പരിശോധിച്ചപ്പോഴാണ് ഇവ പിടികൂടിയത്. ഇന്നലെ രാവിലെ പതിനൊന്നുമണിയോടെ മധുരയില്‍ നിന്ന് തിരുവല്ലയിലേക്ക് പോയ കെഎസ്ആര്‍ടിസിയുടെ സൂപ്പര്‍ ഫാസ്റ്റ് ബസില്‍ നിന്നാണ് സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്.

അതിര്‍ത്തി ചെക്ക്‌പോസ്റ്റിലെ എക്‌സൈസ് ഉദ്യോഗസ്ഥരും വാണിജ്യ നികുതി ഉദ്യോഗസ്ഥരും സംയുക്തമായി നടത്തിയ പരിശോധനയില്‍ ഉടമസ്ഥരില്ലാത്ത മൂന്നു ബാഗുകള്‍ കണ്ടെത്തി. ഇത് തുറന്ന് പരിശോധിച്ചപ്പോഴാണ് അടുക്കി വച്ച നിലയില്‍ ഡിറ്റനേറ്ററുകള്‍ കണ്ടത്. പരിശോധന സമയത്ത് മൂന്ന് പേര്‍ ബസില്‍ നിന്നു രക്ഷപ്പെട്ടിരുന്നു. ഇവരുടെ ചിത്രങ്ങള്‍ അതിര്‍ത്തി ചെക്ക്‌പോസ്റ്റിലെ നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ഇവരെ ബസ് ജീവനക്കാര്‍ തിരിച്ചറിഞ്ഞു.

പ്രതികളെന്ന് സംശയിക്കുന്നവരുടെ ചിത്രം കാമറയില്‍ പതിഞ്ഞപ്പോള്‍

കമ്പത്തിന് രണ്ടു കിലോമീറ്റര്‍ മുന്‍പാണ് യുവാക്കള്‍ ബസില്‍ കയറിയതെന്ന് ജീവനക്കാര്‍ പറഞ്ഞു. പീരുമേട്ടിലേക്ക് ടിക്കറ്റെടുത്ത ഇവര്‍ കോളേജില്‍ നിന്ന് വരികയാണെന്നും ബാഗിനുള്ളില്‍ പുസ്തകങ്ങളാണെന്നും മറുപടി നല്‍കിയതായി കണ്ടക്ടര്‍ പറയുന്നു. പുറമെയുള്ള പരിശോധനയില്‍ പുസ്തകങ്ങളായി തോന്നിയത് കൊണ്ടാണ് തുറന്ന് പരിശോധന നടത്താതിരുന്നത് എന്നാണ് ബസ് ജീവനക്കാര്‍ പറയുന്നത്. പിടിച്ചെടുത്ത സ്‌ഫോടക വസ്തുക്കള്‍ പോലീസിന് കൈമാറി. ജില്ലാ പോലീസ് ചീഫ് വേണുഗോപാല്‍, കട്ടപ്പന ഡിവൈഎസ്പി രാജ്‌മോഹന്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തി. സംഭവത്തെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തി വരികയാണെന്ന് പോലീസ് അറിയിച്ചു.

 

Facebook Comments

 

Leave a Reply

Your email address will not be published. Required fields are marked *