ഐഎഎസ് സമരം: സംസ്‌ഥാനത്ത് ഭരണസ്തംഭനംമന്ത്രിമാർ വാക്കാൽ നിർദേശിക്കുന്ന ഫയലുകളിൽ ഒപ്പുവയ്ക്കേണ്ടതില്ലെന്നാണ് ഐഎഎസുകാരുടെ തീരുമാനം

തിരുവനന്തപുരം:  മുഖ്യമന്ത്രി പിണറായി വിജയൻ ശകാരിച്ചതിൽ പ്രതിഷേധിച്ചു രാജിക്കൊരുങ്ങിയ സംസ്‌ഥാന ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദിനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളുമായി ഇന്നലെ മന്ത്രിമാരെത്തി.

ധനമന്ത്രി തോമസ് ഐസക്കും ജലവിഭവ മന്ത്രി മാത്യു ടി. തോമസും ഇന്നലെ പല തവണ ചീഫ് സെക്രട്ടറിയുമായി സംസാരിച്ചതിന്റെ അടിസ്‌ഥാനത്തിൽ രാജി തീരുമാനത്തിൽനിന്ന് അദ്ദേഹം പിന്മാറിയതായാണു സൂചന. മന്ത്രിമാർ ഇക്കാര്യങ്ങൾ മുഖ്യമന്ത്രിയെയും ധരിപ്പിച്ചു.
ഔദ്യോഗിക ആവശ്യത്തിനു ചീഫ് സെക്രട്ടറി ഇന്നലെ മുഖ്യമന്ത്രിയെ ബന്ധപ്പെട്ടിരുന്നു. വിശ്വാസമില്ലെന്ന തരത്തിലല്ല സംസാരിച്ചതെന്നും കടുത്ത തീരുമാനം എടുക്കേണ്ട സാഹചര്യമില്ലെന്നും മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയെ അറിയിച്ചു.

മുഖ്യമന്ത്രി ശാസിച്ചെന്നും താൻ രാജിക്കൊരുങ്ങിയെന്നുമുള്ള വാർത്തയിൽ കഴമ്പില്ലെന്നു ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ് പറഞ്ഞു. ഇതൊരു കെട്ടുകഥ മാത്രമാണ്. ഐഎഎസ് അസോസിയേഷൻ പ്രതിനിധിയായിട്ടല്ല, താൻ മുഖ്യമന്ത്രിയുടെ മുന്നിലെത്തിയത്. ഐഎഎസുകാരുടെ പ്രശ്നങ്ങൾ മുഖ്യമന്ത്രിയുടെ മുന്നിൽ അവതരിപ്പിക്കുന്നതിനും മധ്യസ്‌ഥശ്രമം നടത്തുന്നതിനുമായാണു താൻ ചർച്ചയിൽ പങ്കെടുത്തതെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.

ഐഎഎസുകാരെ അനാവശ്യമായി വിജിലൻസ് കേസുകളിൽ പ്പെടുത്തുന്നതിൽ പ്രതിഷേധിച്ചു മുഖ്യമന്ത്രിയെ കാണാനെത്തിയ ചീഫ് സെക്രട്ടറിയെ മറ്റ് ഉദ്യോഗസ്‌ഥരുടെ മുന്നിൽവച്ചു മുഖ്യമന്ത്രി ശകാരിച്ചതിൽ പ്രതിഷേധിച്ചു ചീഫ് സെക്രട്ടറി രാജിക്കൊരുങ്ങിയെന്ന് അഭ്യൂഹം പരന്നിരുന്നു.

അതേസമയം, വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെതിരേ മുഖ്യമന്ത്രിയെ കണ്ടു പരാതിപ്പെടാൻ മുന്നിൽ നിന്ന ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ.എം. ഏബ്രഹാം ഇന്നലെ സെക്രട്ടേറിയറ്റിലെ ഓഫീസിലെത്തിയില്ല. പനി ബാധിച്ചതിനെത്തുടർന്നാണ് ഓഫീസിലെത്താതിരുന്നത് എന്നാണു വിശദീകരണം. അവധി ഏതാനും ദിവസങ്ങൾകൂടി തുടരും.

സർക്കാർ നിലപാടിൽ പ്രതിഷേധിച്ചു മറ്റു ചില ഐഎഎസ് ഉദ്യോഗസ്‌ഥർകൂടി നീണ്ട അവധി എടുക്കാൻ ആലോചിക്കുന്നുണ്ടെന്നാണു വിവരം. അവധിയിൽ പോകുന്ന കാര്യം ചില ഐഎഎസുകാർ മന്ത്രിമാരെ അറിയിച്ചിട്ടുണ്ട്. എന്നാൽ, എല്ലാം ചർച്ച ചെയ്തു പരിഹരിക്കാമെന്നാണു മന്ത്രിമാർ അറിയിച്ചത്. മറ്റ് ഐഎഎസ് ഉദ്യോഗസ്‌ഥർ ജോലിക്കെത്തിയെങ്കിലും മുഖ്യമന്ത്രിയുടെ നിലപാടിലുള്ള പ്രതിഷേധത്തിലാണ് മുതിർന്ന ഉദ്യോഗസ്‌ഥർ. ഇതിനാൽ ഫയലുകളിൽ തീരുമാനമെടുക്കാൻ ഐഎഎസ് ഉദ്യോഗസ്‌ഥർ മടികാട്ടിത്തുടങ്ങിയിട്ടുണ്ട്.

മന്ത്രിമാർ വാക്കാൽ നിർദേശിക്കുന്ന ഫയലുകളിൽ ഒപ്പുവയ്ക്കേണ്ടതില്ലെന്നാണ് ഐഎഎസുകാരുടെ തീരുമാനം. നടപടിക്രമം പൂർണമായി പാലിച്ചെത്തുന്ന ഫയലുകളിൽ മാത്രമേ ഇനി ഐഎഎസുകാർ ഒപ്പിടുകയുള്ളൂ. വിജിലൻസ് നടപടിയെ സർക്കാർ പിന്തുണയ്ക്കുന്ന സാഹചര്യത്തിലാ ണു നടപടി.

ഐഎഎസ് അസോസിയേഷന്റെ പേരിൽ മുതിർന്ന ഉദ്യോഗസ്‌ഥർ ധന അഡീഷണൽ ചീഫ് സെക്രട്ടറി കെ.എം. ഏബ്രഹാമിന്റെ മുറിയിൽ യോഗം ചേർന്നു പ്രതിഷേധിക്കാൻ തീരുമാനിക്കുകയും മുഖ്യമന്ത്രി വിരട്ടിയപ്പോൾ പ്രതിഷേധം പിൻവലിക്കുകയും ചെയ്ത നടപടിയിൽ ഐഎഎസിലെ ഒരു വിഭാഗത്തിന് എതിർപ്പുണ്ട്.

ഐഎഎസ് അസോസിയേഷന്റെ ചില സജീവ ഭാരവാഹികൾ പോലും അറിയാതെയായിരുന്നു സീനിയർ ഉദ്യോഗസ്‌ഥരുടെ നടപ ടികളെന്നാണു പരാതി.

മുൻ മന്ത്രി ഇ.പി. ജയരാജൻ ഉൾപ്പെട്ട ബന്ധുനിയമന കേസുമായി ബന്ധപ്പെട്ടു വ്യവസായ അഡീഷണൽ ചീഫ് സെക്രട്ടറി പോൾ ആന്റണിയെ പ്രതിയാക്കിയ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിന്റെ നിലപാടിനെതിരേ അവധിയെടുത്തു പ്രതിഷേധിക്കാനുള്ള ഐഎഎസ് ഉദ്യോഗസ്‌ഥരുടെ തീരുമാനമാണു മുഖ്യമന്ത്രിയുടെ ശാസനയ്ക്ക് ഇടയാക്കിയത്.

Facebook Comments

 

Leave a Reply

Your email address will not be published. Required fields are marked *