News Updates :

എം.ടി.വാസുദേവൻ നായർക്കും സംവിധായകൻ കമലിനുമെതിരായ സംഘപരിവാർ പ്രതിഷേധം വർഗവെറിയുടെ ഉദാഹരണമാണെന്ന് ധനമന്ത്രി തോമസ് ഐസക്.

തിരുവനന്തപുരം: എം.ടി.വാസുദേവൻ നായർക്കും സംവിധായകൻ കമലിനുമെതിരായ സംഘപരിവാർ പ്രതിഷേധം വർഗവെറിയുടെ ഉദാഹരണമാണെന്ന് ധനമന്ത്രി തോമസ് ഐസക്. തന്റെ പുസ്തക പ്രകാശന ചടങ്ങിൽ എംടി മണ്ടത്തരങ്ങളുടെ കുലപതിയായ മുഹമ്മദ് ബിൻ തുഗ്ലക്കിനെപ്പറ്റിയാണു സംസാരിച്ചതെന്നും ഇത് എങ്ങനെയാണ് സംഘികളെ പ്രകോപിപ്പിച്ചതെന്നും തോമസ് ഐസക് ചോദിക്കുന്നു.

ദേശീയഗാനം പാടിയപ്പോൾ കമൽ എഴുന്നേൽക്കാതിരുന്നിട്ടില്ല. മറിച്ച്, ചലച്ചിത്രോത്സവ പ്രതിനിധികൾ എഴുന്നേറ്റുനിന്നു സഹകരിക്കണമെന്ന് അഭ്യർഥിക്കുകയാണു ചെയ്തത്. എന്നിട്ടും കമലിനെതിരെ ആക്രമണം അഴിച്ചുവിട്ടതിൽ അവരുടെ മനസിലെ മുറ്റിയ കാളകൂടവിഷം അല്ലാതെ മറ്റൊന്നുമില്ലെന്നും ധനമന്ത്രി പറഞ്ഞു. ഫേസ്ബുക്കിലെഴുതിയ കുറിപ്പിലാണ് തോമസ് ഐസക്കിന്റെ ഐക്യദാർഢ്യം.

തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം…

എന്റെ പുസ്തകം പ്രകാശനം ചെയ്യവെ മലയാളത്തിന്റെ സാഹിത്യക്കാരണവരായ എം.ടി നടത്തിയ പ്രസംഗമാണ് സംഘികളെ അദ്ദേഹത്തിനെതിരെ തിരിച്ചത്. അദ്ദേഹം ബിജെപി അടക്കം സംഘപരിവാറിലെ ഏതെങ്കിലും സംഘടനയെയോ മോദി അടക്കം അവയിൽ ഏതിന്റെയെങ്കിലും നേതാക്കളെയോപറ്റി അവിടെ ഒന്നും പറഞ്ഞില്ല. അദ്ദേഹം പറഞ്ഞത് പതിനാലാം നൂറ്റാണ്ടിൽ വടക്കേ ഇന്ത്യയിൽ സാമ്രാജ്യം സ്‌ഥാപിച്ചു ഭരിച്ച മുഹമ്മദ് ബിൻ തുഗ്ലക്കിനെപ്പറ്റിയാണു സംസാരിച്ചത്. തുഗ്ലക്കിന്റെ കാലത്ത് ഇവിടം സന്ദർശിച്ച വിദേശസഞ്ചാരി എഴുതിയതും നമ്മിൽ പലർക്കും അറിയാത്തതുമായ കൗതുകകരമായ ചിലകാര്യങ്ങളാണ് എം.ടി പറഞ്ഞത്. കൂട്ടത്തിൽ, നാണയവ്യവസ്‌ഥ വച്ചു കളിച്ച രാജ്യങ്ങളൊക്കെ അപകടത്തിലേക്കു പോയതിനെയും സർക്കാരിന്റെ വീണ്ടുവിചാരമില്ലാത്ത നോട്ടുനിരോധ നടപടി ഉണ്ടാക്കിയ ബുദ്ധിമുട്ടുകളെയും പറ്റി പൊതുവെ പറയുകയും ചെയ്തു. അതും വളരെ സൗമ്യമായി. പ്രകോപനകരമായി ഒന്നും ആ ഭാഗത്തും ഉണ്ടായിരുന്നില്ല.

ഇക്കാര്യങ്ങളൊക്കെ ഇതിലും ശക്‌തിയായി വേറെ പലരും പറഞ്ഞിട്ടുള്ളതുമാണ്. അപ്പോൾ, ഇതിൽ സംഘികളെ ഇത്ര പ്രകോപിപ്പിച്ചത് എന്താണ്? ആദ്യം എനിക്കു പിടികിട്ടിയില്ല. പിന്നീടാണു കാര്യം മനസിലായത്. തുഗ്ലക്കിനെപ്പറ്റി പറഞ്ഞതാകണം പ്രകോപനമായത്. തുഗ്ലക്ക് എന്നു കേട്ടപ്പോൾ തങ്ങളുടെ ഏതോ നേതാവിനെ അവർക്ക് ഓർമ വന്നിട്ടുണ്ടാകണം. ആ നേതാവിന്റെ പ്രവർത്തികൾക്ക് തുഗ്ലക്കിന്റെ മണ്ടത്തരങ്ങളുമായും അധികാരപ്രമത്തതയുമായും അസഹിഷ്ണുതയുമായും ക്രൂരതയുമായും ഒക്കെ സാദൃശ്യവും തോന്നിയിരിക്കണം. അതോ തുഗ്ലക്കാണോ ഇക്കൂട്ടരുടെ കുലപതി? ഇവിടെ അറ്റാച്ച് ചെയ്യുന്ന എം.ടിയുടെ പ്രസംഗം നിങ്ങൾ ഒന്നു കേട്ടുനോക്കൂ. നിങ്ങൾക്കും തോന്നും ഇതേ സംശയങ്ങൾ.

സമാദരണീയനായ ഒരു സാംസ്ക്കാരികനായകൻ താൻ വായിച്ച ഒരു യാത്രാവിവരണത്തിൽ പതിനാലാം നൂറ്റാണ്ടിലെ ഒരു ചക്രവർത്തിയെപ്പറ്റി പറഞ്ഞ കാര്യങ്ങൾ ഇത്രവലിയ പ്രകോപനമാകുന്നതിന്റെ കാരണം ഈ താദാത്മ്യവും തുഗ്ലക്കിനുണ്ടായിരുന്നതായി എം.ടി പ്രസംഗത്തിൽ പറയുന്ന, വിമർശനങ്ങളോടുള്ള അസഹിഷ്ണുതയും തന്നെയാണ്. ശിക്ഷയെന്ന നിലയിൽ താൻ ദിവസവും വെട്ടിക്കൊല്ലുന്നവരുടെ ജഡങ്ങൾ കൊട്ടാരവാതിലിൽ രണ്ടുദിവസം ഇടണം. സന്ദർശകർ അതു കടന്നുവേണം തന്റെ അടുത്ത് എത്താൻ. പ്രജകളെ ഭയചകിതരാക്കി ഭരിക്കാനുള്ള ഈ തന്ത്രം എം.ടി ഉദ്ധരിക്കുന്നുണ്ട്. തന്റെ ഭരണപരാജയങ്ങളെപ്പറ്റി ആരെങ്കിലും വിമർശിക്കുന്നത് കേൾക്കാനുള്ള സഹിഷ്ണുത ഇല്ലാഞ്ഞതിനാലാണ് അദ്ദേഹം തലസ്‌ഥാനം മാറ്റിയതെന്നും വിദേശസഞ്ചാരി രേഖപ്പെടുത്തിയിട്ടുണ്ടത്രേ.

ഈ സ്വഭാവങ്ങൾ– ഭയപ്പെടുത്തിനിർത്തലും എതിർശബ്ദങ്ങളെ ഭയക്കലും അസഹിഷ്ണുതയും– തന്നെയാണ് സംഘപരിവാറിലെ എല്ലാവരിലും കാണുന്നത്. എല്ലാ മലയാളികളും സ്നേഹിക്കുന്ന സംവിധായകൻ കമലിന്റെയും എഴുത്തുകാരനും അധ്യാപകനുമായ എം.എം. ബഷീറിന്റെയുമൊക്കെ കാര്യത്തിൽ ഇവയ്ക്കൊപ്പം വർഗീയവെറികൂടി കലരുന്നു. ദേശീയഗാനം പാടിയപ്പോൾ കമൽ എഴുന്നേൽക്കാതിരിക്കുകയോ എഴുന്നേൽക്കാതിരുന്നവരെ പ്രേരിപ്പിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ തീയറ്ററിൽ ദേശീയഗാനം പാടുന്നതിനെ വിമർശിക്കുകയോ ചെയ്തിട്ടില്ല. മറിച്ച്, ചലച്ചിത്രോത്സവ പ്രതിനിധികൾ എഴുന്നേറ്റുനിന്നു സഹകരിക്കണമെന്ന് അഭ്യർഥിക്കുകയാണു ചെയ്തത്. എന്നിട്ടും കമലിനെതിരെ ആക്രമണം അഴിച്ചുവിട്ടതിൽ അവരുടെ മനസിലെ മുറ്റിയ കാളകൂടവിഷമല്ലാതെ മറ്റൊന്നുമില്ല. ഏതുമതക്കാരനാണെന്ന് ഇത്രകാലവും മലയാളികളെ മനസിലാക്കിക്കാതെ മതനിരപേക്ഷനായി ജീവിച്ച കമലിന്റെമേൽ മതത്തിന്റെ മുദ്രചാർത്തി ആക്രമിച്ചതുതന്നെ ആ മനസുകളിലെ അധമത്വത്തിന്റെ സാക്ഷ്യമാണ്. ഇന്ത്യൻ ഇതിഹാസങ്ങളെപ്പറ്റി മുസ്ലിമായ പണ്ഡിതൻ എഴുതിക്കൂടാ എന്നു പറയുന്നതിലെ സംസ്കാരശൂന്യത എത്ര കടുത്തതാണ്.

ഇത് ഭാരതസംസ്ക്കാരമല്ല. മതസഹിഷ്ണുതയിൽ പുലർന്നുവന്ന സാത്വികമായ ഭാരതസമൂഹത്തെ വിദ്വേഷത്തിന്റെ വിഷം കലർത്തി എന്നെത്തേക്കുമായി തകർക്കുകയാണവർ. ഇവർ ഭാരതത്തിനു ഭൂഷണമല്ല. എന്നിട്ട്, ഇവരാണു ഭാരതീയതയോടെ ജീവിക്കുന്ന മറ്റുള്ളവരോടു പറയുന്നത് രാജ്യം വിട്ടുപോകാൻ! എന്തൊരു അസംബന്ധവും ധാർഷ്‌ട്യവുമാണിത്. നമ്മുടെയെല്ലാം ഇന്ത്യയെ ഇവർക്ക് ആരെങ്കിലും എഴുതിക്കൊടുത്തിട്ടുണ്ടോ ആവോ? എന്താ,ഏതാ എന്നറിയാതെ എസ്എംഎസ് അയച്ചവരെയെല്ലാം ചേർത്തിട്ടും ജനസംഖ്യയുടെ പത്തുശതമാനം മാത്രം അംഗത്വമുള്ള ഇവരെല്ലാംകൂടി രാജ്യംവിട്ട് എങ്ങോട്ടെങ്കിലും പോകുന്നതല്ലേ എളുപ്പം. ബാക്കി 90 ശതമാനം പേരും സന്തോഷവും സമാധാനവുമായി മുമ്പത്തെപ്പോലെ ജീവിച്ചുകൊള്ളുമല്ലോ.

Facebook Comments

 

Leave a Reply

Your email address will not be published. Required fields are marked *