അച്ഛാദിൻ’ 2019–ൽ കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തുമ്പോൾ: രാഹുൽ ഗാന്ധി

 

 

 

 

 

 

 

ന്യൂഡൽഹി: നോട്ട് പിൻവലിക്കൽ വിഷയത്തിൽ കേന്ദ്ര സർക്കാരിനെയും നരേന്ദ്ര മോദിയെയും കടന്നാക്രമിച്ച് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി വീണ്ടും രംഗത്ത്. ഡൽഹിയിൽ കോൺഗ്രസ് സംഘടിപ്പിച്ച ‘ജൻ വേദന’ പ്രതിഷേധ സമരത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ.

2019–ൽ കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തുമ്പോൾ രാജ്യത്തെ ജനങ്ങൾക്ക് ‘അച്ഛാദിൻ’ (നല്ല ദിനങ്ങൾ) ലഭിക്കും. മോദി ഉദ്ദേശിച്ച നല്ല സമയം അടുത്തെങ്ങും വരുമെന്ന് തോന്നുന്നില്ല. നോട്ട് പിൻവലിക്കലിന് ശേഷം രാജ്യത്ത് എന്ത് സംഭവിച്ചു എന്ന് പ്രധാനമന്ത്രി തന്നെ ആലോചിച്ച് നോക്കണം. രാജ്യത്തെ വാഹന വിപണി ഇത്ര കണ്ട് പിന്നോട്ട് പോയത് എന്തുകൊണ്ടെന്ന് അദ്ദേഹം ചിന്തിക്കണം. ഗ്രാമങ്ങളിലെ തൊഴിലാളികളുടെ ജീവിതം എങ്ങനെയെന്ന് അദ്ദേഹം പറയണം. ഇതല്ല രാജ്യത്തെ ജനങ്ങൾ ആഗ്രഹിച്ച നല്ല ദിനങ്ങളെന്നും രാഹുൽ പരിഹസിച്ചു.

കഴിഞ്ഞ 70 വർഷത്തിനിടെ രാജ്യത്ത് നടക്കാത്തതൊക്കെ രണ്ടര വർഷം കൊണ്ട് മോദി തിരിച്ചുകൊണ്ടുവന്നു. റിസർവ് ബാങ്ക്, ജുഡീഷ്യറി തുടങ്ങിയ രാജ്യത്തിന്റെ എല്ലാ സ്‌ഥാപനങ്ങളും മോദിയും ആർഎസ്എസും ചേർന്ന് ദുർബലമാക്കി. രാജ്യം പിന്നോട്ട് പോയതു മറയ്ക്കാനാണ് മോദി നോട്ട് പിൻവലിച്ച് ജനങ്ങളുടെ ശ്രദ്ധതിരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ക്ലീൻ ഇന്ത്യ പദ്ധതിക്ക് വേണ്ടി ചൂലെടുക്കാൻ ആഹ്വാനം ചെയ്ത പ്രധാനമന്ത്രിക്ക് ചൂല് പിടിക്കാൻ അറിയാമോ എന്നും യോഗ നന്നായി ചെയ്യുന്ന മോദിക്ക് പത്മാസനം ചെയ്യാൻ അറിയില്ലെന്നും രാഹുൽ കളിയാക്കി.

മുതിർന്ന നേതാക്കളായ ഗുലാം നബി ആസാദ്, മല്ലിഖാർജുന ഖാർഗെ, ഷീലാ ദീക്ഷിത്, എ.കെ.ആന്റണി, മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് തുടങ്ങി കോൺഗ്രസിലെ പ്രമുഖ നേതാക്കളെല്ലാം ഡൽഹിയിലെ പ്രതിഷേധത്തിൽ അണിചേർന്നു. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പ്രതിഷേധത്തിൽ പങ്കെടുക്കാൻ എത്തിയില്ല. ആരോഗ്യകാരണങ്ങളെ തുടർന്നാണ് സോണിയ വിട്ടുനിന്നതെന്നാണ് കോൺഗ്രസിന്റെ വിശദീകരണം.

Facebook Comments

 

Leave a Reply

Your email address will not be published. Required fields are marked *