ജോസ് കെ മാണി കോട്ടയം ഒഴിഞ്ഞത് കാല് വാരൽ ഭയന്നല്ല, മറിച്ച് മാണി ഗ്രൂപ്പിനെ വെട്ടിലാക്കാൻ തന്ത്രമൊരുക്കിയ പി ജെ ജോസഫിന്റെ കെണിയിൽ…

ജോസ് കെ മാണി കോട്ടയംഎം പി സ്ഥാനം രാജി വച്ച് രാജ്യസഭയിലേക്ക് പോയത് കോൺഗ്രസ് കാല് വാരലിനെ ഭയന്നിട്ടല്ല എന്നും അതിന് പിന്നിൽ കേരളാ കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റ് പി. ജെ. ജോസഫിന്റെ കളിയായിരുന്നെന്നും വ്യക്തമാവുന്നു . വൻ വികസന പ്രവർത്തനങ്ങൾ നടത്തിയ കോട്ടയം പാർലമെന്റ് മണ്ഡലം കയ്യൊഴിയുന്നതിൽ ജോസ് കെ മാണിക്ക് തീരെ താൽപര്യമുണ്ടായിരുന്നില്ല . വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട നാലോളം ബ്രഹത് പദ്ധതികൾ അണിയറയിൽ ജോസ് കെ മാണിയുടെ പ്രവർത്തന ഫലമായി പൂർത്തിയായി വരുന്നു . കോട്ടയത്തേ കേരളത്തിന്റെ വിദ്യാഭ്യാസ ഹബ്ബാക്കുക എന്ന തന്റെ ഡ്രീം ലക്ഷ്യം മുൻ നിർത്തി കുറവിലങ്ങാട് കോഴയിൽ സയൻസ് സിറ്റി , പാലാ വലവൂരിൽ ട്രിപ്പിൾ ഐ ടി , ഐ ഏച്ച് ആർ എം എന്നീ മെഗാ പ്രോജക്ട്കളാണ് നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിൽ ഇരിക്കുന്നത് .
അതുപോലെ അടിസ്ഥാന വികസന മേഖലയിലും വലിയ പദ്ധതികൾ അദ്ദേഹം പുർത്തീകരിച്ചു . കോട്ടയം നാഗമ്പടം മേൽപ്പാലം , ഏറ്റുമാനൂർ സ്റ്റേഷൻ നവീകരണം വിവിധ റോഡുകൾ ഇവയെല്ലാം അദ്ദേഹത്തിന്റെ ശ്രമഫലമായി പൂർത്തീകരിക്കപ്പെട്ടതാണ് . കേരളത്തിലെ ഏതൊരു മണ്ഡലത്തേക്കാൾ വൻ വികസനം പ്രവർത്തനം നടത്തിയ കോട്ടയം അതുമൂലം ഒഴിയാൻ ജോസ് കെ മാണിക്ക് തരിമ്പും യോജിപ്പില്ലായിരുന്നു . കോട്ടയത്തിന് ഒരു MP ഉണ്ടായതെ ജോസ് കെ മാണി MP ആയപ്പോളാണ് എന്നാണ് പൊതു ജന സംസാരം . ഒന്നേകാൽ ലക്ഷം ഭൂരിപക്ഷത്തിന് ജയിച്ച മണ്ഡലം പിന്നെന്തിന് ജോസ് കെ മാണി കയ്യൊഴിഞ്ഞു .

കോൺഗ്രസുമായുളള പ്രശ്നത്തെ തുടർന്ന് വ്യാപകമായ കാല് വാരൽ കോൺഗ്രസുകാരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്ന് ഭയന്നാണ് അദ്ദേഹം രാജി വച്ചത് എന്നാണ് മാധ്യമങ്ങളും മറ്റ് രാഷ്ട്രീയ പാർട്ടികളും പ്രചരിപ്പിച്ചത് . എന്നാൽ പിജെ ജോസഫിന്റെ കുശാഗ്ര ബുദ്ധിയാണ് രാഷ്ട്രീയ ചാണക്യനായ കെ എം മാണിക്ക് പോലും മനസിലാക്കാൻ കഴിയാതെ ജോസ് കെ മാണിക്ക് MP സ്ഥാനം രാജിവയ്ക്കാൻ ഇടവന്നത് .
കേരളാ കോൺഗ്രസ് മാണി ഗ്രൂപ്പ് യുഡിഎഫിൽ തിരിച്ചെത്തിയ ശേഷം കിട്ടിയ രാജ്യസഭാ സീറ്റിൽ ആര് വേണമെന്ന് ആലോചന വന്നപ്പോൾ കെഎം മാണി പിജെ ജോസഫ് രാജ്യസഭയിലേക്ക് പോകട്ടെ എന്നാണ് പറഞ്ഞത് . ജോസ് കെ മാണി ഉൾപ്പെടെ എല്ലാ ജനപ്രതിനിധികൾക്കും
അത് സമ്മതമായിരുന്നു . എന്നാൽ ജോസഫ് ജോസ് കെ മാണി പോകണമെന്ന് ശാഠ്യം പിടിച്ചു . കോട്ടയം ജില്ലാ പഞ്ചായത്തിലെ പ്രശ്നങ്ങൾ കാരണം ജോസ് കെ മാണിയെ കോൺഗ്രസുകാർ കാല് വാരുമെന്ന് അദ്ദേഹം ധരിപ്പിച്ചു . തന്റെ വികസന പ്രവർത്തനങ്ങളിൽ പൂർണ്ണ വിശ്വാസമുണ്ടായിരുന്ന ജോസ് കെ മാണി അത് തളളി . എന്നാൽ വളരെ നീണ്ട ചർച്ചയിലൂടെ തന്റെ ഭാഗം വിശ്വസിപ്പിക്കാൻ ജോസഫിന് കഴിഞ്ഞു .

താൻ കോട്ടയം MP സ്ഥാനം ഒഴിയുമ്പോൾ തങ്ങളുടെ ഗ്രൂപ്പു കാരനായ മറ്റാരെന്കിലും ആയിരിക്കും എന്ന് കെ എം മാണിക്കും ജോസ് കെ മാണിക്കും
ഉറപ്പായിരുന്നു . കാരണം ജോസഫുമായുളള ലയന സമയത്ത് സീറ്റുകളും സ്ഥാനമാനങ്ങളും 3:1 എന്ന അനുപാതത്തിലായിരുന്നു പങ്കുവയ്കാൻ ധാരണ. ഇതേവരെ അത് പാലിക്കുകയും ചെയ്തു . ജോസഫ് ഗ്രൂപ്പിൽ നിന്നും ഫ്രാൻസിസ് ജോർജിന്റെ നേതൃത്വത്തിൽ വലിയൊരു വിഭാഗം അടർന്ന് പോയപ്പോഴും പഴയ 3:1 ധാരണ തന്നെ തുടർന്നു . അതിൽ എന്തെന്കിലും മാറ്റം വരുത്തുന്നതിൽ ഒരാലോചന പോലും നടന്നില്ല . അതിനാൽ കോട്ടയം പാർലമെന്റ് സീറ്റ് ആർക്കെന്ന കാര്യത്തിർ കേരളാ കോൺഗ്രസിലെ മാണിഗ്രൂപ്പിന് ഒരു സംശയവും ഉണ്ടായിരുന്നില്ല . എന്നാൽ ജോസഫ് ചിന്തിച്ചത് മറ്റൊന്നായിരുന്നു . ജോസ് കെ മാണി രാജി വയ്കുന്നതിലൂടെ മണ്ഡലം കയ്യൊഴിഞ്ഞു എന്ന പഴി ജോസ് കെ മാണിക്ക് ഉണ്ടാകും . അതോടൊപ്പം പാർലമെന്റ് ഇലക്ഷൻ വരുമ്പോൾ കോട്ടയം സീറ്റ് തനിക്ക് വേണമെന്ന് ആവശ്യപ്പെടുകയും ചെയ്യാം . യുഡിഎഫ് വിട്ട സമയത്ത് കോൺഗ്രസുമായി നടത്തിയ ചങ്ങാത്തം കോൺഗ്രസിന്റെ പിന്തുണ തനിക്ക് നേടിത്തരും .


ജോസ് കെ മാണി രാജ്യസഭയിലേക്ക് പോയി ഒൻപത് മാസത്തോളം നിശബ്ദമായിരുന്ന ജോസഫ് പാർലമെന്റ് ഇലക്ഷൻ അടുത്തയുടനെ ഒരിക്കലും കിട്ടില്ല എന്ന രണ്ടാം സീറ്റെന്ന വാദം എല്ലാവരെയും ഞെട്ടിച്ച് ഉന്നയിച്ചു . തന്റെ ഉറ്റ അനുയായിരുന്ന ഫ്രാൻസിസ് ജോർജ് കൂടെയുണ്ടായിരുന്നപ്പോൾ പോലും രണ്ടാം സീറ്റിന്റെ കാര്യത്തിൽ മൗനം പാലിച്ച ജോസഫ് ഇപ്പോൾ കടുംപിടിത്തം പിടിക്കുന്നത് രാഷ്ട്രീയ നിരീക്ഷകരെ പോലും അമ്പരപ്പിച്ചു . രണ്ടാം സീറ്റ് കിട്ടിയില്ലെങ്കിൽ ഉളള കോട്ടയം സീറ്റിൽ തനിക്ക് മത്സരിക്കണമെന്ന ആഗ്രഹം അനുയായികളെകൊണ്ട് പ്രചരിപ്പിക്കുകയും ചെയ്തു . കഴിഞ്ഞ ഒമ്പത് മാസക്കാലം നിശബ്ദമായി ആലോചിച്ചുറപ്പിച്ച തീരുമാനം ദൃഢമായി നടപ്പിലാക്കുകയാണ് ജോസഫ് ചെയ്യുന്നത് . കരുണാകരന് പോലും മുട്ടുകുത്തിക്കാൻ കഴിയാത്ത കെഎം മാണി ജോസഫിന്റെ പൂഴിക്കടകനിൽ പതറുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത് . രാജ്യ സഭാ സീറ്റ് ജോസ് കെ മാണി ഏറ്റെടുത്തപ്പോൾ ഒഴിഞ്ഞ കോട്ടയം പാർലമെന്റ് സീറ്റിനെകുറിച്ച് അന്ന് ചർച്ച നടത്താത്തതിൽ മാണി ഗ്രൂപ്പിന് ഇപ്പോൾ ഖേദമുണ്ട് . അന്ന് ജോസഫിനെ വിശ്വസിച്ചത് മണ്ടത്തരമായിപ്പോയി എന്ന് അവർ കരുതുന്നു .

വിമാനസംഭവം ഉൾപ്പെടെ ജോസഫിന് എതിരെ ആരോപണങ്ങൾ ഉണ്ടായപ്പോളും മന്ത്രിസ്ഥാനം രാജി വച്ചപ്പോളും എതിർ മുന്നണിയിൽ ആയിരുന്നപ്പോൾ പോലും മാണി ഗ്രൂപ്പ് അത് സംബന്ധിച്ച് ജോസഫിനെതിരെ ഒരു പരാമർശമോ രാഷ്ട്രീയ ആക്രമണങ്ങളോ നടത്തിയിരുന്നില്ല . അതുപോലെ ഫ്രാൻസിസ് ജോർജ് ജോസഫിനെ വിട്ടു പോയി ജോസഫ് ഗ്രൂപ്പ് ദുർബലമായപ്പോളും 3:1 എന്ന അനുപാതത്തിൽ മാണി ഒരു മാറ്റവും വരുത്തിയില്ല . അതിലും ഉപരി ജോസഫ് ലയിക്കുന്നതിന് മുൻപ് യുഡിഎഫിൽ മാണിഗ്രൂപ്പിന് ഒരു പാർലമെന്റ് സീറ്റും ഒരു രാജ്യസഭാ സീറ്റും ഉണ്ടായിരുന്നു . ഇതെല്ലാം കൊണ്ടും കോട്ടയം പാർലമെന്റ് സീറ്റ് ക്ലെയിം ചെയ്യാൻ ജോസഫിന് ഒരു അവകാശവും ഇല്ലാതിരിക്കേ അദ്ദേഹം കോട്ടയം സീറ്റിന് ശാഠ്യം പിടിക്കുന്നത് മാണി കേന്ദ്രങ്ങളെ അമ്പരപ്പിക്കുകയാണ് . പക്ഷേ എന്തൊക്കെ വന്നാലും കോട്ടയം സീറ്റിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചക്കും ഇല്ലെന്നാണ് കെ എം മാണിയും ജോസ് കെ മാണിയും അവരോട് അടുപ്പമുളള കേരളാ കോൺഗ്രസിലെ ഭൂരിഭാഗം നേതാക്കളും പറയുന്നത് . യുഡിഎഫിലെ സീറ്റ് വിഭജന ചർച്ച 26 ന് നടക്കുമ്പോൾ വളരും തോറും പിളരുക എന്ന കേരളാ കോൺഗ്രസ് ആപ്തവാക്യം സംഭവിക്കുമോ എന്ന കൗതുകത്തിലാണ് രാഷ്ട്രീയ കേരളം .

Facebook Comments

 

Did you enjoy the blog?
Like me!

Get the latest.

Shares