കേരളം കാത്തിരിക്കുന്നത് സമീപകാലത്തെ ഏറ്റവും വലിയ വരള്‍ച്ച..നേരിടാന്‍ മുന്നൊരുക്കവുമായി സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് വരള്‍ച്ച നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ ദ്രുതഗതിയില്‍ മുന്നോട്ട്. സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കി വിപുലമായ തയ്യാറെടുപ്പുകള്‍ പുരോഗമിക്കുന്നുണ്ട്. സ്ഥിതിഗതികളും പ്രവര്‍ത്തനപുരോഗതിയും വിലയിരുത്താന്‍ 31ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉന്നതതലയോഗം വിളിച്ചിട്ടുണ്ട്. മന്ത്രിമാരും കലക്ടര്‍മാരും മറ്റ് ഉന്നതോദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും.

മുന്നൊരുക്കങ്ങളുടെ ഭാഗമായി ജലലഭ്യത കുറഞ്ഞ പ്രദേശങ്ങളിലും വാര്‍ഡുകളിലും കുടിവെള്ളവിതരണത്തിനായി പ്രത്യേക വാട്ടര്‍ കിയോസ്കുകള്‍ സ്ഥാപിച്ച് തുടങ്ങി. ആദ്യഘട്ടത്തില്‍ 11,210 കിയോസ്ക് സ്ഥാപിക്കാന്‍ അനുമതി നല്‍കിക്കഴിഞ്ഞു. തദ്ദേശസ്ഥാപനങ്ങളുടെ നിര്‍ദേശപ്രകാരമാണിത്. കുടിവെള്ളലഭ്യത കുറഞ്ഞ സ്ഥലങ്ങളില്‍ ഇതിനോടകം 764 കിയോസ്ക് സ്ഥാപിച്ചു.

ജലസംഭരണികള്‍ വറ്റിവരണ്ട സാഹചര്യത്തില്‍ കൂടുതല്‍ ക്വിയോസ്കുകള്‍ സ്ഥാപിക്കും. കുടിവെള്ളവിതരണത്തിനായി 50 ലക്ഷം രൂപ കലക്ടര്‍മാരുടെ ഫണ്ടിലേക്ക് നല്‍കിയിട്ടുണ്ട്. ദുരന്ത നിവാരണ അതോറിറ്റിയുടെ മാര്‍ഗനിര്‍ദേശപ്രകാരമാണ് സംസ്ഥാനത്തുടനീളം തയ്യാറെടുപ്പുകള്‍ ആരംഭിച്ചത്.

വരള്‍ച്ച രൂക്ഷമാകുമെന്ന മുന്നറിയിപ്പ് വന്നയുടന്‍ ഒക്ടോബറില്‍തന്നെ മുന്നൊരുക്കം തുടങ്ങിയിരുന്നു. മുഖ്യമന്ത്രി ഉന്നതതലയോഗം വിളിച്ചുചേര്‍ത്ത് നിര്‍ദേശങ്ങള്‍ നല്‍കി. ജില്ലകളില്‍ മന്ത്രിമാരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക. വേനല്‍ കടുക്കുന്ന സാഹചര്യത്തില്‍ കുടിവെള്ളക്ഷാമം മുന്‍കാലങ്ങളേക്കാള്‍ രൂക്ഷമാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

ജലസ്രോതസ്സുകള്‍, സംരക്ഷണം ഉറപ്പാക്കാനും മലിനമാകാതെ സൂക്ഷിക്കാനുമുള്ള നടപടികളും നേരത്തെതന്നെ തുടങ്ങിയിട്ടുണ്ട്. കുടിവെള്ളത്തിന്റെ ദുരുപയോഗം തടയാനും നടപടി തുടങ്ങി. വിപുലമായി ബോധവല്‍ക്കരണ പരിപാടികളും തുടങ്ങി.

സമീപകാലത്തെ ഏറ്റവും വലിയ വരള്‍ച്ചയാണ് കേരളം അഭിമുഖീകരിക്കാന്‍ പോകുന്നതെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. കാലവര്‍ഷം ചതിച്ചത് കൊടുംവരള്‍ച്ചയ്ക്ക് കാരണമാകും. ജൂണ്‍മുതലുള്ള ഇടവപ്പാതിയില്‍ 34 ശതമാനം കുറവുണ്ടായപ്പോള്‍ ഒക്ടോബര്‍മുതലുള്ള തുലാവര്‍ഷം 62 ശതമാനവും കുറഞ്ഞു. ജനുവരി ഒരാഴ്ച പിന്നിട്ടപ്പോള്‍ 100 ശതമാനം മഴക്കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വരുംമാസങ്ങളില്‍ വേനല്‍മഴ കാര്യമായി പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് പ്രവചനം.

 

Facebook Comments

 

Leave a Reply

Your email address will not be published. Required fields are marked *