നിശ്ചയം കഴിഞ്ഞ പ്രതിശ്രുത വധുവിനെ അസമയത്ത് കാണാനെത്തിയ വരന് നാട്ടുകാരുടെ വക സ്വീകരണം അടിയും ഇടിയും.വരന്‍ കത്തിയെടുത്തു.സംഘര്‍ഷം മൂത്തു 5 പേര്‍ക്ക് പരിക്ക്

കൊല്ലം: വിവാഹനിശ്ചയം കഴിഞ്ഞ യുവതിയെ കാണാനെത്തിയ പ്രതിശ്രുതവരനെ അയൽവാസികൾ തടഞ്ഞത് സംഘർഷത്തിനിടയാക്കി. വാക്കേറ്റത്തിനിടെ യുവാവിന്റെ കുത്തേറ്റ് മൂന്നുപേർക്കും തിരിച്ചുള്ള ആക്രമണത്തിൽ പ്രതിശ്രുത വരനും സുഹൃത്തിനും പരിക്കേറ്റു. വെള്ളിയാഴ്ച രാത്രി 9 മണിയോടെ ഇരവിപുരം താന്നി സുനാമി കോളനിയിലായിരുന്നു സംഭവം.
പ്രദേശവാസിയായ രാജേഷിനെയാണ് അയൽവാസികളായ ഇരവിപുരം തെക്കുംഭാഗം ആദിച്ചമൺതോപ്പ് ജോബിൻവില്ലയിൽ മൈജോ (31), സഹോദരൻ ലെബി, ബന്ധുവായ ജോബിൻ എന്നിവർ തടഞ്ഞത്. രാജേഷും പ്രതിശ്രുത വധുവായ യുവതിയും ഒരുമിച്ച് യാത്രചെയ്യുന്നതും രാജേഷ് പെൺകുട്ടിയുടെ വീട്ടിൽ വന്നുപോകുന്നതും ഇവർ ചോദ്യം ചെയ്തതാണ് സംഭവത്തിന് തുടക്കം. വിവാഹത്തിനു മുമ്പ് രാജേഷ് രാത്രിസമയത്ത് പെൺകുട്ടിയുടെ വീട്ടിൽ വരാൻ അനുവദിക്കില്ലെന്ന അയൽവാസികളുടെ നിലപാടിനെ രാജേഷ് എതിർത്തതാണ് സംഘർഷത്തിന് കാരണമായത്. സംഘർഷം മൂർച്ഛിച്ചതോടെ രാജേഷ് കത്തിയെടുത്ത് ഇവരെ കുത്തുകയായിരുന്നുവെന്ന് ഇരവിപുരം പൊലീസ് പറഞ്ഞു. കോളനി നിവാസികളായ ലെബി, മൈജോ, ജോബിൻ എന്നിവരെ ഗുരുതരമായ പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിസാര പരിക്കേറ്റ രാജേഷ്, സുഹൃത്ത് ജോമോൻ എന്നിവരെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലെബി, മൈജോ, ജോബിൻ എന്നിവരുടെ മൊഴിപ്രകാരം ഇരവിപുരം പൊലീസ് കേസെടുത്തു. അയൽവാസികൾ സദാചാര പൊലീസ് ചമഞ്ഞതു സംബന്ധിച്ച് രാജേഷ് പരാതി നൽകിയിട്ടില്ലെന്ന് ഇരവിപുരം സി.ഐ. ബി.പങ്കജാക്ഷൻ പറഞ്ഞു.

Facebook Comments

 

Leave a Reply

Your email address will not be published. Required fields are marked *