നോട്ട് പ്രതിസന്ധി തുടരുന്നതോടെ പലയിടത്തും സേവനപ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരും പ്രതിസന്ധിയില്‍.

നോട്ട് പ്രതിസന്ധി തുടരുന്നതോടെ പലയിടത്തും സേവനപ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരും പ്രതിസന്ധിയില്‍. ആശുപത്രികളിലും മറ്റും രോഗികള്‍ക്ക് ഭക്ഷണമെത്തിക്കുന്നവര്‍, കിടപ്പുരോഗികള്‍ക്ക് ഭക്ഷണവും മരുന്നു എത്തിക്കുന്നവര്‍ എന്നിവരാണ് ഏറെയും പ്രതിസന്ധിയിലായിരിക്കുന്നത്.
ആര്‍പ്പൂക്കര നവജീവന്‍ ട്രസ്റ്റിന്റെ പ്രവര്‍ത്തനവും ഇതോടെ ദുരിതത്തിലായി. ട്രസ്റ്റിനെ ആശ്രയിക്കുന്ന അന്തേവാസികളും മെഡിക്കല്‍ കോളജ് ആശുപത്രിയിലെ രോഗികളും ഒരുപോലെ ദുരിതത്തിലായി. മെഡിക്കല്‍ കോളജ്, കുട്ടികളുടെ ആശുപത്രി, ജനറല്‍ ആശുപത്രി എന്നിവിടങ്ങളിലെ രോഗികള്‍, കൂട്ടിരിപ്പുകാര്‍ തുടങ്ങി 5000 പേര്‍ക്കാണ് നവജീവന്‍ ട്രസ്റ്റ് എല്ലാ ദിവസവും മുടങ്ങാതെ ഉച്ചഭക്ഷണം വിതരണം ചെയ്യുന്നത്.
ഇതോടൊപ്പം അശരണരും മാനസിക ദൗര്‍ബല്യം ബാധിച്ചവരുമായ 260 പേരെ നവജീവനില്‍ പാര്‍പ്പിച്ചു സംരക്ഷിക്കുന്നുമുണ്ട്. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്കു മരുന്നുകള്‍ വാങ്ങാനും നവജീവന്‍ ട്രസ്റ്റ് പണം നല്‍കിയിരുന്നു. ഇത്തരത്തില്‍ സേവനം ചെയ്യുന്നതിനു നവജീവന്‍ ട്രസ്റ്റിനു പ്രതിദിനം ചെലവായിരുന്നത് 1.30 ലക്ഷം രൂപയാണ്. ഈ പണം മുഴുവന്‍ സഹായമനസ്സുള്ളവര്‍ സംഭാവനയായി നല്‍കുന്നതായിരുന്നു. എന്നാല്‍, കഴിഞ്ഞ എട്ടിനു നോട്ട് പ്രതിസന്ധി ഉണ്ടായതുമുതല്‍ ഇവിടേക്കുള്ള സംഭാവനകള്‍ കുറഞ്ഞു. ഓരോ ദിവസവും ലക്ഷങ്ങള്‍ സംഭാവന ലഭിച്ച സ്ഥാനത്ത് ഒരു രൂപപോലും ലഭിക്കാത്ത ദിവസങ്ങളുണ്ടായി. നോട്ട് പ്രതിസന്ധി ഒരു മാസം പിന്നിട്ടതോടെ ഇവിടെ നിത്യച്ചെലവിനുപോലും കഴിയാതെ കടമായി. ഇപ്പോള്‍ ഒന്‍പതു ലക്ഷം രൂപയാണ് ആശുപത്രിയില്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഭക്ഷണം നല്‍കിയതിനു മാത്രം പലചരക്കു സാധനങ്ങള്‍ വാങ്ങിയ കടകളില്‍ നല്‍കാനുള്ളത്. ഇപ്പോള്‍ പലചരക്കു സാധനങ്ങള്‍ കടം വാങ്ങിയാണ് ഓരോ ദിവസവും തള്ളിനീക്കുന്നത്. നോട്ട് പ്രതിസന്ധി ഉണ്ടായതോടെ ഓരോ ദിവസവും ഭക്ഷണം വാങ്ങാന്‍ 6000 പേരിലധികം എത്തുന്നുണ്ട്. ആഴ്ചകളായി സഹായം അഭ്യര്‍ഥിച്ചു വരുന്നവരുടെ എണ്ണവും വന്‍തോതില്‍ വര്‍ധിച്ചതായി പി യു തോമസ് പറഞ്ഞു.

Facebook Comments

 

Leave a Reply

Your email address will not be published. Required fields are marked *