കേന്ദ്രസര്‍ക്കാര്‍ 500, 1000 രൂപ നോട്ട് അസാധുവാക്കിയിട്ട് രണ്ടുമാസം .തീരാദുരിതം

ന്യൂഡല്‍ഹി : കേന്ദ്രസര്‍ക്കാര്‍ 500, 1000 രൂപ നോട്ട് അസാധുവാക്കിയിട്ട് രണ്ടുമാസം പിന്നിട്ടിട്ടും കറന്‍സിക്ഷാമത്തിനും ഇടപാടുകളുടെ നിയന്ത്രണത്തിനും അയവില്ല. കേന്ദ്രസര്‍ക്കാരിന്റെ പ്രഖ്യാപിതലക്ഷ്യങ്ങളെ സാധൂകരിക്കുന്ന കണക്കുകള്‍ അവതരിപ്പിക്കാതെ നോട്ട് അസാധുവാക്കലുമായി പ്രത്യക്ഷബന്ധമില്ലാത്ത വാദങ്ങള്‍ ഉന്നയിച്ച് തടിതപ്പാനാണ് പ്രധാനമന്ത്രിയുടെയും കേന്ദ്രസര്‍ക്കാരിന്റെയും ശ്രമം. കേന്ദ്രധനമന്ത്രി ഔദ്യോഗിക ബ്ളോഗില്‍ എഴുതിയ വിലയിരുത്തല്‍ കുറിപ്പിലും പഴയ വാദങ്ങള്‍ ആവര്‍ത്തിക്കുകയാണ്. ഇന്ത്യയുടെയും ഇന്ത്യക്കാരുടെയും സാമ്പത്തിക ഇടപാടുകളുടെ പരമ്പരാഗതരീതികള്‍ പൊളിച്ചെഴുതിയെന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം.

ബാങ്കുകളില്‍നിന്ന് പിന്‍വലിക്കാവുന്ന പരമാവധി തുകയുടെ കാര്യത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്ക് ഇനിയും ഇളവുകള്‍ അനുവദിക്കാന്‍ സാധിച്ചിട്ടില്ല. എടിഎമ്മുകളില്‍നിന്ന് പ്രതിദിനം 4500 രൂപ പിന്‍വലിക്കാമെന്ന ഇളവ് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഡല്‍ഹി ഉള്‍പ്പെടെയുള്ള പ്രധാന നഗരങ്ങളില്‍ ഇത് പ്രഖ്യാപനം മാത്രമായി ഒതുങ്ങി. ഭൂരിഭാഗം എടിഎമ്മുകളിലും പണമില്ല. ബാങ്കിങ് ഇടപാടുകള്‍ എന്നുമുതല്‍ സാധാരണ നിലയിലാകുമെന്ന ചോദ്യത്തിനും ഉത്തരമില്ല. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ഗ്രാമങ്ങളിലും സാഹചര്യം മോശമായി തുടരുന്നു. കര്‍ഷകരുടെയും ചെറുകിട, ഇടത്തരം കച്ചവടക്കാരുടെയും ബുദ്ധിമുട്ടുകള്‍ക്കും പരിഹാരമുണ്ടായിട്ടില്ല. ജിഡിപിയുടെ കാര്യത്തില്‍ കണക്കുകൂട്ടലുകളെല്ലാം പാളുമെന്ന് കേന്ദ്ര സ്ഥിതിവിവരക്കണക്ക് കാര്യാലയം റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മറിച്ചുള്ള അവകാശവാദങ്ങള്‍ കണ്ണില്‍പൊടിയിടല്‍ മാത്രമാണെന്നാണ് സാമ്പത്തിക വിദഗ്ധരുടെ പ്രതികരണം.

 

Facebook Comments

 

Leave a Reply

Your email address will not be published. Required fields are marked *