ജന്‍ ധന്‍ അക്കൌണ്ടുകളിലേക്ക് 10000 രൂപ വീതം നിക്ഷേപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു.

ന്യൂഡല്‍ഹി: പഴയ 500, 1000 രൂപ നോട്ടുകള്‍ നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ തീരുമാനം രാജ്യത്തെ സാധാരണക്കാരെ ദുരിതത്തിലേക്കു തള്ളിവിട്ടതോടെ നഷ്ടപ്പെട്ട പ്രതിച്ഛായ വീണ്ടെടുക്കാന്‍ ബിജെപി കുറുക്കുവഴി തേടുന്നു. സീറോ ബാലന്‍സില്‍ തന്നെ തുടരുന്ന ജന്‍ ധന്‍ അക്കൌണ്ടുകളിലേക്ക് 10000 രൂപ വീതം നിക്ഷേപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നതായാണ് വിവരം.
വരുന്ന തിരഞ്ഞെടുപ്പുകള്‍ വിജയിക്കാന്‍ ഇത്തരത്തില്‍ ചില രാഷ്ട്രീയ ചൂതാട്ടങ്ങള്‍ ആവശ്യമാണെന്ന ബിജെപി നയതന്ത്രജ്ഞരുടെ ഉപദേശമാണ് നീക്കത്തിന് പിന്നില്‍. ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഗോവ തെരഞ്ഞെടുപ്പുകള്‍ അടുക്കവെ കേന്ദ്ര സര്‍ക്കാരിന്റെ ഈ നീക്കം സാധാരണ ജനങ്ങള്‍ക്ക് കോഴ കൊടുക്കുന്നതിന് തുല്യമാണെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു.
സീറോ ബാലന്‍സില്‍ തന്നെ തുടരുന്ന ജന്‍ ധന്‍ അക്കൌണ്ടുകളിലാണ് പതിനായിരം രൂപ നിക്ഷേപിക്കാന്‍ പരിഗണിക്കുക. ഇന്ത്യയില്‍ മൊത്തം 25 കോടിയോളം ജന്‍ ധന്‍ അക്കൌണ്ടുകളുള്ളതായാണ് കണക്കുകള്‍. ഇതില്‍ 5.8 കോടിയോളം അക്കൌണ്ടുകള്‍ സീറോ ബാലന്‍സായി തന്നെ തുടരുകയാണ്. ഈ അക്കൌണ്ടുകളില്‍ പതിനായിരം രൂപ വീതം നിക്ഷേപിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് 58,000 കോടി രൂപയാണ് വേണ്ടി വരിക. നോട്ട് അസാധുവാക്കലിലൂടെ ആര്‍ബിഐക്ക് മൂന്നു ലക്ഷം കോടി രൂപയോളം ‘ലാഭം കിട്ടുമെന്നാണ് അവകാശവാദം. ഇതില്‍ നിന്നു ജന്‍ ധന്‍ അക്കൌണ്ടുകളിലേക്ക് 58,000 കോടി രൂപ നിക്ഷേപിച്ചാലും കേന്ദ്രത്തിന് നഷ്ടമില്ല.

ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഗോവ തെരഞ്ഞെടുപ്പുകള്‍ ഉന്നംവെച്ചുള്ള നീക്കം സാധാരണ ജനങ്ങള്‍ക്ക് കോഴ കൊടുക്കുന്നതിന് തുല്യമായിരിക്കുമെന്ന ആക്ഷേപം ഇതിനോടകം ഉയര്‍ന്നു കഴിഞ്ഞു. രാജ്യത്ത് ബിപിഎല്‍ പട്ടികയില്‍ ഉള്‍പ്പെടുന്ന സാധാരണക്കാര്‍ക്ക് ബാങ്ക് അക്കൌണ്ടുകള്‍ ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ മുന്‍കൈ എടുത്ത് അവതരിപ്പിച്ചതാണ് ജന്‍ ധന്‍ യോജന. ഇതുവഴി പണം ആളുകളിലേക്ക് എത്തിക്കുന്നത് നിയമസഭാ തെരഞ്ഞെടുപ്പില്‍ വലിയൊരു ശതമാനം വോട്ട് ബാങ്ക് ഉറപ്പാക്കുമെന്നാണ് ബിജെപികണക്കുകൂട്ടുന്നത്.

അപ്രതീക്ഷിതമായി പ്രഖ്യാപിച്ച നോട്ട് നിരോധനം വ്യാപാരികളും മധ്യവര്‍ഗക്കാരും ഉള്‍പ്പെടുന്ന ബിജെപി അനുഭാവികളെ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്. ഇത് അവരുള്‍പ്പെടുന്ന വോട്ടു ബാങ്കില്‍ വിള്ളല്‍വീഴ്തുമെന്ന് ബിജെപി കരുതുന്നു. മാത്രമല്ല, മധ്യവര്‍ഗത്തിന്റെ പിന്തുണകൊണ്ട് ഒരു തെരഞ്ഞെടുപ്പ് ജയിക്കാം, വിജയം ആവര്‍ത്തിക്കാന്‍ സാധാരണക്കാരന്റെയും കര്‍ഷകന്റെയും പിന്തുണ അനിവാര്യമാണെന്ന് സംഘപരിവാര്‍ കേന്ദ്രങ്ങള്‍ വിലയിരുത്തുന്നു.

‘വരുന്ന തെരഞ്ഞെടുപ്പുകള്‍ വിജയിക്കാന്‍ സാധാരണക്കാരിലേക്കും കര്‍ഷകരിലേക്കും എത്തേണ്ടതുണ്ട്.’- എന്ന് ബിജെപിയുടെ മുതിര്‍ന്ന നയതന്ത്ര വിദഗ്ധന്‍ പറഞ്ഞതായി ഡെക്കാന്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Facebook Comments

 

Leave a Reply

Your email address will not be published. Required fields are marked *