ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഇന്ത്യാസന്ദര്‍ശനം അടുത്തവര്‍ഷം .

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഇന്ത്യാസന്ദര്‍ശനം അടുത്തവര്‍ഷം ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായി വരാപ്പുഴ അതിരൂപതയുടെ നിയുക്ത മെത്രാപോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ അറിയിച്ചു.
വത്തിക്കാനില്‍നിന്നു മടങ്ങിയെത്തിയ ബിഷപ് കളത്തിപ്പറമ്പിലിന് വരാപ്പുഴ ആര്‍ച്ച് ബിഷപ്സ് ഹൌസില്‍ നല്‍കിയ സ്വീകരണത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പോരുംമുമ്പ് പാപ്പയെ സന്ദര്‍ശിച്ചുവെന്നും ഇന്ത്യ സന്ദര്‍ശിക്കാന്‍ പാപ്പയ്ക്ക് ആഗ്രഹമുണ്ടെന്നാണു മനസ്സിലായത്. ഇന്ത്യയില്‍ വരുമ്പോള്‍ കേരളവും വരാപ്പുഴ അതിരൂപതയും സന്ദര്‍ശിക്കണമെന്ന് പാപ്പയോട് അഭ്യര്‍ഥിച്ചുവെന്നും നിയുക്ത ആര്‍ച്ച് ബിഷപ് പറഞ്ഞു.
ബിഷപ് ഡോ. കളത്തിപ്പറമ്പിലിന് ആര്‍ച്ച് ബിഷപ്സ് ഹൌസില്‍ ഹൃദ്യമായ സ്വീകരണമാണ് നല്‍കിയത്. സ്ഥാനമൊഴിഞ്ഞ ആര്‍ച്ച് ബിഷപ് ഡോ. ഫ്രാന്‍സിസ് കല്ലറയ്ക്കലിന്റെ നേതൃത്വത്തില്‍ അതിരൂപതയിലെ വൈദികരും സന്യസ്തരും രാഷ്ട്രീയ, സാമൂഹ്യ രംഗങ്ങളിലെ പ്രമുഖരും നിയുക്ത മെത്രാപോലീത്തയെ സ്വീകരിച്ചു. സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രല്‍ പള്ളിയിലും മുന്‍ മെത്രാപോലീത്തമാരുടെ കബറിടത്തിലും അദ്ദേഹം പ്രാര്‍ഥന നടത്തി.
രാവിലെ 8.45ഓടെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ നിയുക്ത മെത്രാപോലീത്തയെ എറണാകുളം-അങ്കമാലി അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസ് പുത്തന്‍വീട്ടില്‍, വരാപ്പുഴ അതിരൂപത വികാരി ജനറാള്‍മാരായ മോണ്‍. ജോസഫ് പടിയാരംപറമ്പില്‍, മോണ്‍. മാത്യു ഇലഞ്ഞിമറ്റം എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.
വത്തിക്കാനില്‍ പ്രവാസികള്‍ക്കുവേണ്ടിയുള്ള പൊന്തിഫിക്കല്‍ കൌണ്‍സിലിന്റെ സെക്രട്ടറിയായും സുവിശേഷപ്രഘോഷണ തിരുസംഘത്തിലെ അംഗമായും സേവനമനുഷ്ഠിച്ചുവരികയായിരുന്നു ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍. ഡിസംബര്‍ 18ന് ദേശീയ തീര്‍ഥാടനകേന്ദ്രമായ വല്ലാര്‍പാടം ബസിലിക്കയിലാണ് അതിരൂപതയുടെ മെത്രാപോലീത്തയായി സ്ഥാനാരോഹണം. അതിരൂപതയിലെ വടുതല സെന്റ് ആന്റണീസ് ഇടവകാംഗമാണ്.

Facebook Comments

 

Leave a Reply

Your email address will not be published. Required fields are marked *