യു ഡി എഫിനെ ഇന്നത്തെ നിലയിൽ എത്തിച്ചതാര്?സുധീരനും ഐ ഗ്രൂപ്പും…

യു ഡി എഫിനെ ഇന്നത്തെ നിലയിൽ എത്തിച്ചതാര്?
സുധീരനും ഐ ഗ്രൂപ്പും…

(സണ്ണി ജോസഫ്‌ കുരിശുംമൂട്ടില്‍, പ്രവാസികാര്യ ലേഖകന്‍)

2011 ൽ 72 സീറ്റുകളുമായി അധികാരത്തിൽ എത്തിയ യു ഡി എഫ് സർക്കാരിന് ഭൂരിപക്ഷം നന്നേ കുറവായിരുന്നു. ഏതു സമയത്തും ആ സർക്കാർ താഴെ വീഴും എന്നാണ് പല രാഷ്ട്രീയ നിരീക്ഷകരും കരുതിയിരുന്നത്. എന്നാൽ വളരെ തന്ത്രശാലിയായ ഉമ്മൻ ചാണ്ടി, തൻ്റെ സർക്കാരിനെ 5 വർഷക്കാലവും ഒരു വിധത്തിൽ കൊണ്ടു നടന്നു. ഈ അഞ്ച് വർഷത്തിനിടെ എന്തെല്ലാമാണ് സംഭവിച്ചത് എന്നു നോക്കാം.
വളരെ കുറച്ചു ഭൂരിപക്ഷത്തോടുകൂടി ഭരണം തുടങ്ങിയ ഉമ്മൻ ചാണ്ടി സർക്കാർ വളരെ നല്ല രീതിയിലുള്ള പ്രവർത്തനമാണ് നടത്തിയിരുന്നത്. ജനസമ്പർക്ക പരിപാടിയിലൂടെ ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിച്ചെന്നുള്ള പ്രവർത്തനങ്ങളാണ് നടത്തിയിരുന്നത്. ഇത് സാധാരണക്കാരുടെയും പാവപ്പെട്ട ജനവിഭാഗങ്ങളുടെയും ഇടയിൽ വളരെ അധികം മതിപ്പുളവാക്കി. ഈ ജനസമ്പർക്ക പരിപാടിയിലൂടെ പതിനായിരക്കണക്കിന് ജനങ്ങൾക്ക് കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക സഹായങ്ങൾ ചെയ്തു കൊടുക്കുകയും, പൊതുജനങ്ങളുടെ പരിഹാരം കാണാതെ കിടന്ന പല പരാതികൾക്കും പരിഹാരം കാണുകയും, ചിലതിന് പരിഹാര മാർഗ്ഗങ്ങൾ നിർദ്ദേശിക്കുകയും ചെയ്തു. ഇവിടെയാണ് ഉമ്മൻ ചാണ്ടി എന്ന ഒരു മുഖ്യമന്ത്രി ജനകീയനായത്.

ഉമ്മൻ ചാണ്ടി സർക്കാരിൻ്റെ കാലത്തെ എന്തെങ്കിലും ഒരു നല്ലകാര്യത്തെ കുറിച്ച് ചോദിച്ചാൽ എല്ലാവരുടെയും മനസ്സിൽ ആദ്യം ഓർമ്മ വരുന്നത്, ധനകാര്യ മന്ത്രി ആയിരുന്ന കെ എം മാണി കൊണ്ടുവന്നു നടപ്പിലാക്കിയ കാരുണ്യാ ചികിത്സാ പദ്ധതിയാണ്. ലക്ഷക്കണക്കിന് പാവപ്പെട്ട രോഗികൾക്കാണ് കാരുണ്യാ ചികിത്സാ പദ്ധതിയുടെ പ്രയോജനം കിട്ടിയത്. വളരെ അധികം നല്ലകാര്യങ്ങൾ യു ഡി എഫ് സർക്കാർ ചെയ്തിരുന്നു എങ്കിലും, ജനങ്ങൾ ആദ്യമേ ഓർക്കുന്നത് കാരുണ്യാ പദ്ധതിയും പിന്നെ ജനസമ്പർക്ക പരിപാടിയുമാണ്. ഇവിടെ നമുക്ക് ഒരു വ്യത്യാസം കാണുവാൻ സാധിക്കുന്നുണ്ട്. ഉമ്മൻ ചാണ്ടി ലക്ഷക്കണക്കിന് പൈസാ ചിലവഴിച്ച്, കോടികളുടെ സഹായം ജനങ്ങൾക്കു ചെയ്തു എങ്കിൽ, കെ എം മാണി ഒരു പൈസാ ചിലവാക്കാതെ സ്വന്തം ഓഫീസിൽ ഇരുന്ന് ലക്ഷക്കണക്കിന് ആൾക്കാർക്ക്, കോടിക്കണക്കിന് രൂപയുടെ സഹായം ചെയ്തു.

കേരളത്തിലെ യു ഡി എഫ് സർക്കാർ അങ്ങനെ വളരെ നല്ല രീതിയിൽ ഭരിച്ചുകൊണ്ടിരുന്ന സമയത്താണ്, കെ പി സി സി ക്ക് ഒരു പുതിയ പ്രസിഡൻ്റിനെ, കോൺഗ്രസ് ഹൈക്കമാൻ്റ് ഡൽഹിയിൽ നിന്ന് രാഹുൽ ഗാന്ധിയുടെ പ്രതിനിധിയായി കൊണ്ടുവന്ന് കേരളത്തിൽ കെട്ടിയിറക്കിയത്. അതുവരെ കേരളത്തിൽ തുടർഭരണം ഉറപ്പായിരുന്നു. ആ ഒരു പുതിയ ആവതാരമായ വി എം സുധീരൻ്റെ വരവാണ് കേരളത്തിൽ കോൺഗ്രസിനെയും യു ഡി എഫിനെയും ഈ ഒരവസ്ഥയിൽ എത്തിച്ചത്.
സർക്കാരിൻ്റെ അബ്ക്കാരി നയത്തിൽ സുധീരൻ കൈ കടത്തിയതോടു കൂടി പ്രശ്നങ്ങൾ ആരംഭിച്ചു. യു ഡി എഫ് ഒറ്റക്കെട്ടായി എടുക്കേണ്ട തീരുമാനം ആയിരുന്നു. അത് പിന്നീട് സുധീരൻ്റെ കടംപിടുത്തത്തിലേക്ക് നീങ്ങുകയും, ഉമ്മൻ ചാണ്ടിയും സുധീരനും തമ്മിൽ പരസ്പര വിട്ടുവീഴ്ച ഇല്ലാത്ത നിലയിലേക്ക് എത്തുകയും ചെയ്തു. നിലവാരമില്ലാത്ത ബാറുകൾ പൂട്ടുക എന്ന ഒരു തീരുമാനം എടുത്തിരുന്നു എങ്കിൽ യു ഡി എഫി ന് ഇന്നത്തെ ഈ അവസ്ഥ വരുകയില്ലായിരുന്നു. ഈ അവസരം എങ്ങനെ മുതലെടുക്കാം എന്നാണ് മറ്റു ചിലർ നോക്കിയത്. ഇതുപോലെ നല്ല നിലയിൽ ഉമ്മൻ ചാണ്ടിയുടെ ഭരണം തുടർന്നാൽ, വീണ്ടും തുടർ ഭരണം ഉണ്ടാവുകയും, അപ്പോൾ തനിക്ക് ഒന്ന് മുഖ്യമന്ത്രി ആകുവാൻ സാധിക്കുകയില്ലാ എന്ന് രമേശ് ചെന്നിത്തലയും കണക്കു കൂട്ടി. അപ്പോൾ പിന്നെ എങ്ങനെ കലക്ക വെള്ളത്തിൽ മീൻ പിടിക്കാം എന്ന് ചെന്നിത്തലയും ഐ ഗ്രൂപ്പും ആലോചനതുടങ്ങി. അതിൻ്റെ ബാക്കിയാണ് പിന്നീടുണ്ടായ സരിതാ കേസും ബാർ കോഴ ആരോപണങ്ങളും എല്ലാം. ചുരുക്കം പറഞ്ഞാൽ അബ്ക്കാരി വിഷയത്തിൽ കെ പി സി സി പ്രസിഡൻ്റ് ഈ രീതിയിൽ ഇടപെട്ടില്ലായിരുന്നു എങ്കിൽ ബാർ കേസും ഉണ്ടാുകയില്ല, സരിതാ കേസും ഇത്രയും വഷളാവുകയും ഇല്ലായിരുന്നു. സുധീരൻ കെ പി സി സി പ്രസിഡൻ്റായതാണ് ഇതിനെല്ലാം കാരണം. മറ്റാരെങ്കിലുമായിരുന്നു കെ പി സിസി പ്രസിഡൻ്റ് എങ്കിൽ, ഇപ്പോഴും യു ഡി എഫ് തന്നെ കേരളം ഭരിക്കുമായിരുന്നു.

Facebook Comments

 

Leave a Reply

Your email address will not be published. Required fields are marked *