പ്രവാസി ഭാരതീയരുടെ സുരക്ഷയ്ക്ക് പ്രഥമ പരിഗണന: പ്രധാനമന്ത്രി

 

ബെംഗളൂരു: വിദേശത്തു ജീവിക്കുന്ന എല്ലാ ഇന്ത്യക്കാരുടെയും സുരക്ഷയ്ക്കാണ് തന്റെ സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിനു പുറത്തുള്ള ഇന്ത്യന്‍ സമൂഹത്തിന്റെ ആവശ്യങ്ങളും പ്രശ്‌നങ്ങളും പരിഹരിക്കുന്നതിന് സജീവമായി ഇടപെടാന്‍ ഇന്ത്യന്‍ എംബസികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും 14ാ പ്രവാസി ഭാരതീയ ദിവസ് ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി വ്യക്തമാക്കി.

പ്രവാസികളുടെ ക്ഷേമത്തിനുവേണ്ടിയുള്ള എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നുണ്ട്. സാമൂഹ്യ മാധ്യമങ്ങളുടെ സഹായത്തോടെ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് വളരെ സജീവമായി പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് പ്രവര്‍ത്തിക്കുന്നുണ്ട്. രാജ്യത്തിന്റെ വികസനത്തില്‍ പ്രവാസി ഇന്ത്യക്കാര്‍ വലിയ പങ്കാണ് വഹിക്കുന്നത്. 61 ബില്യണ്‍ ഡോളറാണ് വാര്‍ഷികമായി പ്രവാസി ഇന്ത്യക്കാര്‍ ഇന്ത്യന്‍ സമ്പദ്‌വ്യസ്ഥയ്ക്കു നല്‍കുന്നത്. ഇതു സമ്പദ് വ്യവസ്ഥയില്‍ പ്രധാനമാണ്. ഭാരതത്തിന്റെ സംസ്‌കാരം, മൂല്യങ്ങള്‍, ധര്‍മ ചിന്ത എന്നിവയിലെ ഏറ്റവും മികച്ചവയാണ് പ്രവാസി സമൂഹം വിദേശത്ത് പ്രതിനിധീക്കുന്നത്.

ബ്രെയിന്‍ ഡ്രെയിന്‍ (സ്വന്തം രാജ്യത്തുനിന്ന് അന്യരാജ്യങ്ങളിലേക്കുള്ള ബുദ്ധിയുള്ളവരുടെ കുടിയേറ്റം) എന്നതില്‍ നിന്ന് ബ്രെയിന്‍ ഗെയിന്‍ എന്നതിലേക്കു നാം മാറ്റണം എന്നു പറഞ്ഞ പ്രധാനമന്ത്രി പിഐഒ (പഴ്‌സണ്‍സ് ഓഫ് ഇന്ത്യന്‍ ഒറിജിന്‍) കാര്‍ഡ് ഉള്ള എല്ലാവരും അത് ഒസിഐ (ഓവര്‍സീസ് സിറ്റിസണ്‍സ് ഓഫ് ഇന്ത്യ) കാര്‍ഡ് ആക്കി മാറ്റണമെന്നും ആവശ്യപ്പെട്ടു. ഇതിനായുള്ള കാലാവധി ഈ വര്‍ഷം ജൂണ്‍ 30 വരെ നീട്ടി. ഇതിനു പിഴ ഈടാക്കില്ല. ഇന്ത്യയില്‍ നിക്ഷേപിക്കാന്‍ പ്രധാനമന്തി ഇന്ത്യന്‍ സമൂഹത്തോട് ആവശ്യപ്പെട്ടു.

അനധികൃത റിക്രൂട്ടിങ് ഏജന്‍സികളെ തടയുമെന്നും പ്രവാസി കൗശല്‍ വികാസ് യോജന എന്ന പേരില്‍ വിദേശത്തു ജോലി തേടുന്ന യുവജനങ്ങള്‍ക്കായി നൈപുണ്യ വികസന പദ്ധതി നടപ്പാക്കുമെന്നും അറിയിച്ച നരേന്ദ്ര മോദി 21ാം നൂറ്റാണ്ട് ഇന്ത്യയുടേതായിരിക്കുമെന്ന് ആത്മവിശ്വാസത്തോടെ താന്‍ പറയുന്നതായും പ്രഖ്യാപിച്ചപ്പോള്‍ നീണ്ട കരഘോഷമാണുണ്ടായത്. കള്ളപ്പണത്തിനും അഴിമതിക്കുമെതിരായ പോരാട്ടത്തില്‍ പിന്തുണ നല്‍കിയ ഇന്ത്യന്‍ സമൂഹത്തിനു പ്രധാനമന്ത്രി നന്ദിയും പറഞ്ഞു.

പോര്‍ച്ചുഗീസ് പ്രധാനമന്ത്രി അന്റോണിയോ കോസ്റ്റ ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. സുരിനാം വൈസ് പ്രസിഡന്റ് മൈക്കില്‍ അസ്വന്‍ അദിന്‍, കേന്ദ്രമന്ത്രിമാരായ വിജയ് ഗോയല്‍, വി.കെ സിങ് എന്നിവരും പങ്കെടുത്തു.

 

Facebook Comments

 

Leave a Reply

Your email address will not be published. Required fields are marked *