റേഷന്‍ വിതരണത്തിന് സംസ്ഥാനം ആവശ്യപ്പെട്ട ഭക്ഷ്യധാന്യങ്ങള്‍ കൃത്യമായി നല്‍കിയിട്ടും റേഷന്‍ വിതരണം താളം തെറ്റി.

 

 

തിരുവനന്തപുരം: റേഷന്‍ വിതരണത്തിന് സംസ്ഥാനം ആവശ്യപ്പെട്ട ഭക്ഷ്യധാന്യങ്ങള്‍ കൃത്യമായി നല്‍കിയിട്ടും കുറ്റം കേന്ദ്ര സര്‍ക്കാരിന്. അതാത് മാസത്തിനു മുമ്പേ എഫ്‌സിഐ ഗോഡൗണുകളില്‍ റേഷന്‍ എത്തിച്ചെങ്കിലും സ്വന്തം പാര്‍ട്ടിയിലെ യൂണിയന്‍ തൊഴിലാളികള്‍ അട്ടിക്കൂലി ചോദിച്ചതോടെ റേഷന്‍ വിതരണം താളം തെറ്റി. ഒരു മാസം പൂര്‍ത്തിയാകുമ്പോഴാണ് ആ മാസത്തെ റേഷന്‍ എടുത്ത് മാറ്റുന്നത്. ഇത്തരത്തില്‍ നീങ്ങിയാല്‍ റേഷന്‍ വിതരണം പാടെ താളം തെറ്റി രണ്ട് മാസത്തിലൊരിക്കലാകും.

ജനുവരില്‍ അനുവദിക്കേണ്ട 33294 മെട്രിക് ടണ്‍ റേഷനും സംസ്ഥാനത്തിന് നല്‍കിക്കഴിഞ്ഞു. മൊത്ത വിതരണക്കാര്‍ ലോഡൊന്നിന് അഞ്ഞൂറ് രൂപ മുതല്‍ 1700 രൂപ വരെ അട്ടിക്കൂലി നല്‍കിയായിരുന്നു റേഷന്‍ ഉല്‍പ്പന്നങ്ങള്‍ നീക്കം ചെയ്തിരുന്നത്. എഫ്‌സിഐയില്‍ നിന്നും നല്‍കുന്ന വേതനത്തിനു പുറമെയാണ് ഈ അനധികൃത അട്ടിക്കൂലി. ഇത്തരത്തില്‍ ഒരു ദിവസം ഒരു ഗോഡൗണില്‍ നിന്ന് 50000 രൂപവരെ വേതനത്തിനു പുറമെ അധികം ലഭിച്ചിരുന്നു. ഭക്ഷ്യ ഭദ്രതാ നിയമത്തില്‍ ഇടനിലക്കാരില്ലാതെ എഫ്‌സിഐയില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ സാധനങ്ങള്‍ വാങ്ങി റേഷന്‍ വ്യാപാരികള്‍ക്ക് നല്‍കണമെന്നാണ് വ്യവസ്ഥ.
അട്ടിക്കൂലി നല്‍കാന്‍ സര്‍ക്കാരിന് പറ്റില്ല. മുമ്പ് അട്ടിക്കൂലി തുക വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് തൊഴിലാളികള്‍ സമരം ചെയ്തപ്പോള്‍ കൂലി കൂടുതല്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് ഇടനിലക്കാരായവരാണ് ഇപ്പോള്‍ ഭരണത്തില്‍. ചര്‍ച്ചക്കുപോയ കളക്ടര്‍ ഉള്‍പ്പെടെയുള്ളവരെ മുമ്പ് തടഞ്ഞു വച്ചിട്ടുണ്ട്. അതിനാല്‍ അട്ടിക്കൂലി നല്‍കാനാവില്ലെന്ന് സംസ്ഥാന സര്‍ക്കാരിന് പറയാനും സാധിക്കുന്നില്ല.

അട്ടിക്കൂലി നല്‍കാം എന്ന നിബന്ധനയോടെയാണ് ഇപ്പോള്‍ റേഷന്‍ നീക്കം നാമമാത്രമായി നടന്നുവരുന്നത്. ഓരോ ഗോഡൗണുകളില്‍ നിന്നും 100 ലോഡ് അരി നീക്കം ചെയ്യേണ്ടിടത്ത് 30 ലോഡ് അരിയാണ് നീക്കം ചെയ്യുന്നത്. അട്ടിക്കൂലി നല്‍കേണ്ടിവന്നാല്‍ സര്‍ക്കാരിന്റെ ഏകദേശ കണക്കെടുപ്പില്‍ 50 ലക്ഷം രൂപ പ്രതിമാസം നീക്കി വയ്‌ക്കേണ്ടതായി വരും. നിയമം ലംഘിച്ച് തങ്ങളുടെ പാര്‍ട്ടിക്കാര്‍ക്ക് അട്ടിക്കൂലി നില്‍കാനാവുമോ എന്നത് ധനകാര്യ വകുപ്പിന്റെ പരിശോധനയിലാണ്.

ഭക്ഷ്യഭദ്രതാനിയമം നടപ്പിലായതോടെ കേരളത്തിന് 14.25 ലക്ഷം മെട്രിക്ടണ്‍ റേഷന്‍ വിഹിതമാണ് ലഭിക്കുന്നത്. നിയമം നടപ്പാകുന്നതിന് മുമ്പ് ലഭിച്ചിരുന്നത് 15.91 ലക്ഷം മെട്രിക് ടണ്‍ആയിരുന്നു. അധികം ലഭിച്ചിരുന്ന റേഷന്‍ അരി അനര്‍ഹരുടെ കൈകളിലാണ് എത്തിയിരുന്നത്. അനര്‍ഹരെ ഒഴിവാക്കാന്‍ നടത്തിയ പരിശോധനയില്‍ സൗജന്യ നിരക്കില്‍ അരി ലഭിക്കേണ്ട 94 ലക്ഷം ഗുണഭോക്താക്കള്‍ ഉണ്ടായിരുന്നിടത്ത് 1.54 ലക്ഷം ആയി. പട്ടികയില്‍ അറുപത് ശതാമാനത്തിന്റെ വര്‍ദ്ധനവ് ഉണ്ടായിട്ടും പരിശോധന കൂടാതെ കേന്ദ്ര സര്‍ക്കാര്‍ യഥാസമയം അരി നല്‍കി.

ഇതിന്പുറമെ അധികമായി ലഭിച്ചുകൊണ്ടിരുന്ന 20000 മെട്രിക് ടണ്‍ റേഷന്‍ വിഹിതം വെട്ടിക്കുറച്ചു എന്നാണ് ഭരണപക്ഷത്തിന്റെ പരാതി. അരി, ഗോതമ്പ് എന്നിവയുടെ ഉല്‍പ്പാദനമുള്ള സംസ്ഥാനങ്ങള്‍ കേന്ദ്രം നല്‍കുന്ന റേഷന്‍ വിഹിതം പൂര്‍ണ്ണമായും എടുക്കാറില്ല. ഈ വിവരം അര്‍ദ്ധ വാര്‍ഷിക കണക്കെടുപ്പിന് മുമ്പ് സംസ്ഥാനങ്ങള്‍ കേന്ദ്രത്തെ അറിയിക്കും. ഇത്തരത്തിലുള്ള അരി കേരളം പോലുള്ള ഉല്‍പ്പാദനം കുറഞ്ഞ സംസ്ഥാനങ്ങള്‍ക്ക് നല്‍കും.
ഭക്ഷ്യ ഭദ്രതാനിയമം നടപ്പാക്കാന്‍ സംസ്ഥാനം കാലതാമസം വരുത്തിയതിനാല്‍ ഇത്തരത്തില്‍ ലഭിക്കുന്ന അരിയുടെ വിഹിതം യഥാസമയം ആവശ്യപ്പെടാന്‍ സംസ്ഥാനത്തിന് കഴിഞ്ഞില്ല.

നിയമം നടപ്പാക്കി കേന്ദ്രത്തിന് അപേക്ഷ സമര്‍പ്പിച്ചപ്പോള്‍ മറ്റ് സംസ്ഥാനങ്ങള്‍ക്ക് വിഹിതം പങ്കുവച്ച് കഴിഞ്ഞു. ഈ ഇനത്തില്‍ കിട്ടിയിരുന്ന റേഷന്‍ ഉല്‍പ്പന്നങ്ങളായിരുന്നു തെരഞ്ഞെടുത്ത വിദ്യാലയങ്ങള്‍, മറ്റ് സന്നദ്ധ സേവാ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലേക്ക് നല്‍കിയിരുന്നത്. അധികമായി ലഭിച്ചിരുന്ന റേഷന്‍ കിട്ടാതായതോടെ ഇത്തരം സ്ഥാപനങ്ങള്‍ക്ക് അരി നല്‍കാന്‍ സാധിക്കുന്നില്ല.

Facebook Comments

 

Leave a Reply

Your email address will not be published. Required fields are marked *