എസ്എൻ ട്രസ്റ്റിനെ കോർപറേറ്റ് സ്‌ഥാപനമാക്കാൻ വെള്ളാപ്പള്ളി ശ്രമിക്കുന്നു : വിദ്യാസാഗർ

കൊച്ചി: വെള്ളാപ്പള്ളി നടേശൻ എസ്എൻ ട്രസ്റ്റിനെ സ്വന്തം കോർപറേറ്റ് സ്‌ഥാപനമാക്കാൻ ശ്രമിക്കുകയാണെന്ന് എസ്എൻഡിപി യോഗം ഏകോപനസമിതി രക്ഷാധികാരി സി.കെ. വിദ്യാസാഗർ പത്രസമ്മേളനത്തിൽ ആരോപിച്ചു. ട്രസ്റ്റ് അതിന്റെ ലക്ഷ്യബോധത്തിൽനിന്ന് അകന്നുകൊണ്ടിരിക്കുകയാണ്. ഇതിന് ആക്കം കൂട്ടുന്ന ബൈലോ ഭേദഗതിയാണ് നിലവിലെ ട്രസ്റ്റ് ഭരണാധികാരികൾ ഹൈക്കോടതി അനുമതിക്കായി സമർപ്പിച്ചിരിക്കുന്നത്. പണം കൊടുത്താൽ ആർക്കും ട്രസ്റ്റിന്റെ തലപ്പത്തെത്താം എന്ന നിലയാണ് ഇതുവഴി വന്നുചേരുകയെന്നും അദ്ദേഹം പറയുന്നു.

നിലവിൽ രണ്ടു ലക്ഷം രൂപയ്ക്ക് ട്രസ്റ്റ് ബോർഡിൽ പിന്തുടർച്ചാവകാശത്തോടെ അംഗത്വം ലഭിക്കും. ഇത് അഞ്ചു ലക്ഷം രൂപയായി വർധിപ്പിക്കാനാണ് വെള്ളാപ്പള്ളി നടേശനും കൂട്ടരും ശ്രമിക്കുന്നത്. ഇതോടെ ഒരു സംഘം ആളുകൾ വിചാരിച്ചാൽ കുറച്ചു പണം മുടക്കി കോടികൾ ആസ്തിയുള്ള ട്രസ്റ്റ് തന്നിഷ്‌ടത്തിനു ഭരിക്കാമെന്ന നിലയിലെത്തും. 100 രൂപ മുതൽ രണ്ടു ലക്ഷം രൂപ വരെ സംഭാവന നൽകിയാണ് ഇപ്പോൾ അംഗത്വം എടുക്കാവുന്നത്. ഒരു ലക്ഷം രൂപയ്ക്ക് ആജീവനാന്ത അംഗത്വം ലഭിക്കും. ഇതാണ് രണ്ടു ലക്ഷമായി ഉയർത്താൻ ശ്രമിക്കുന്നത്. ഇതോടെ പൂർണമായും കോർപറേറ്റ് സ്വഭാവത്തിലേക്ക് ട്രസ്റ്റ് മാറും. നിലവിലുള്ള ഭരണഘടനാപ്രകാരം സാധാരണക്കാരുടെ പ്രതിനിധികളായ 100 രൂപ അംഗങ്ങളെ പത്തു മേഖലകളിൽ നിന്നാണ് ബോർഡംഗങ്ങളായി തെരഞ്ഞെടുക്കുന്നത്. 100 രൂപ അംഗങ്ങൾക്ക് 624 പ്രതിനിധികളുണ്ട്. പുതിയ ഭേദഗതി വരുന്നതോടെ ഇത് 156 അംഗങ്ങളായി ചുരുങ്ങും. സാധാരണക്കാരായ മെംബർമാരെ ഒഴിവാക്കുകയെന്നതാണ് ഈ ഭേദഗതിയുടെ ലക്ഷ്യമെന്നും വിദ്യാസാഗർ പറഞ്ഞു.

ട്രസ്റ്റിലേക്ക് ആർക്കൊക്കെ സംഭാവന നൽകാമെന്ന് നിശ്ചയിക്കുന്ന ചുമതല ബോർഡിനെ ഏൽപ്പിക്കുന്ന ഭേദഗതിയും വെള്ളാപ്പള്ളിയുടെ വ്യക്‌തിതാത്പര്യങ്ങൾ സംരക്ഷിക്കാനാണ്. സംഭാവന നൽകുന്നവർക്ക് ട്രസ്റ്റ് തെരഞ്ഞെടുപ്പിൽ വോട്ടവകാശമുണ്ട്. ഈ നിയമം നടപ്പിലായാൽ സ്‌ഥാപിത താത്പര്യക്കാരുടെ ഇഷ്‌ടക്കാർക്കുമാത്രം വോട്ടവകാശം ലഭിക്കുമെന്ന നിലയെത്തും. ഇത് ട്രസ്റ്റിന്റെ ജനാധിപത്യസ്വഭാവത്തെ ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജനാധിപത്യവിരുദ്ധമായ ഭേദഗതിക്കെതിരെ എസ്എൻഡിപി യോഗം ഏകോപനസമിതി ഭാരവാഹിയായ ജഗ്ദേവ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്നും സമിതി ഭാരവാഹികൾ അറിയിച്ചു. ട്രസ്റ്റികളുടെ അംഗസംഖ്യ 550 ആയി ചുരുക്കുക, ഇതിൽ 300 അംഗങ്ങളെ സാധാരണക്കാരെ പ്രതിനിധീകരിക്കുന്ന 100 രൂപ സംഭാവനക്കാരിൽ നിന്നു തെരഞ്ഞെടുക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഹർജിയിൽ ഉന്നയിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പത്രസമ്മേളനത്തിൽ എസ്എൻഡിപി യോഗം ഏകോപനസമിതി ചെയർമാൻ കെ.ഗോപിനാഥൻ, ജനറൽ കൺവീനർ ജെ. ചിത്രാംഗദൻ, തലശേരി രത്നാകരൻ, ബി. പുരുഷോത്തമൻ തുടങ്ങിയവരും പങ്കെടുത്തു.

Facebook Comments

 

Leave a Reply

Your email address will not be published. Required fields are marked *