നട അടച്ചു; ശബരിമല തീര്‍ത്ഥാടനത്തിന് സമാപനം

പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടനത്തിന് സമാപനം. തിരുവാഭരണം പന്തളം കൊട്ടാര പ്രതിനിധിക്ക് കൈമാറിയതിനു ശേഷം നട അടച്ചു. പന്തളംകൊട്ടാരത്തിലെ പ്രതിനിധിക്ക് മാത്രമാണ് ഇന്ന് ശബരിമല സന്നിധാനത്ത് ദര്‍ശനത്തിന് അവസരം ഉണ്ടായിരുന്നത്. ഒന്നരക്കോടിയോളം തീര്‍ത്ഥാടകര്‍ ഈ സീസണില്‍ എത്തിയെന്നാണ് ദേവസ്വം ബോര്‍ഡിന്‍റെ കണക്ക്.

തീര്‍ത്ഥാടനം അവസാനിക്കുന്ന അവസാന ദിവസമായി ഇന്ന് രാവിലെ അഞ്ചിനു നടതുറന്നു. തീര്‍ത്ഥാടന കാലത്തിന് സമാപനം കുറിച്ചു കൊണ്ടുള്ള ചടങ്ങുകളാണ് തുടര്‍ന്ന് നടന്നത്. രാവിലെ ആറരയോടെ രാജപ്രതിനിധി മൂലം തിരുനാള്‍ പി.രാഘവര്‍മ്മരാജ ദര്‍ശനം നടത്തിയശേഷം ഉഷപൂജയും ഉച്ചപൂജയും നടത്തി അയ്യപ്പസ്വാമിയെ ഭസ്മാഭിഷിക്തനാക്കി യോഗദണ്ഡും ജപമാലയും അണിയിച്ച്‌ ഹരിവരാസനം ചൊല്ലി നടയടച്ചു.

താക്കോല്‍ മേല്‍ശാന്തി വി.എന്‍.വാസുദേവന്‍ നമ്ബൂതിരി രാജപ്രതിനിധിക്ക് കൈമാറി. പണക്കിഴി മേല്‍ശാന്തിക്കും താക്കോല്‍ ദേവസ്വം മാനേജര്‍ക്കും നല്‍കി തിരുവാഭരണ പേടകങ്ങളുമായി രാജപ്രതിനിധിയും സംഘവും മലയിറങ്ങുന്നതോടെ തീര്‍ത്ഥാടനത്തിന് സമാപനമാകും. ഇന്നലെ രാത്രിയില്‍ നടയടച്ചശേഷം രാജപ്രതിനിധിയുടെ സാന്നിദ്ധ്യത്തില്‍ മാളികപ്പുറത്ത് ഗുരുതി നടത്തിയതോടെയാണ് മകരവിളക്ക് അടിയന്തര ചടങ്ങുകള്‍ അവസാനിച്ചത്. തീര്‍ത്ഥാടനകാലത്തിനു സമാപനംകുറിച്ച്‌ ഇന്നലെ ശബരിമല മാളികപ്പുറത്ത് ഗുരുതി നടന്നു. മലദൈവങ്ങള്‍ക്കും ഭൂതഗണങ്ങള്‍ക്കുമുള്ള സമര്‍പ്പണമാണ് ഗുരുതി. അത്താഴപൂജ കഴിഞ്ഞ് നടയടച്ചശേഷം ചടങ്ങുകള്‍ക്ക് തുടക്കമായി. മണിമണ്ഡപത്തിനുമുന്നില്‍ പ്രത്യേകമൊരുക്കിയ സ്ഥലത്ത് കളമെഴുതിയായിരുന്നു ഗുരുതി

Facebook Comments

 

Did you enjoy the blog?
Like me!

Get the latest.

Shares