ടോം ഉഴുന്നാലിന്റെ മോചനം: സാധ്യമായതെല്ലാം ചെയ്യുമെന്ന് സുഷമ,ജോസ് കെ മാണിയ്ക്ക് ഉറപ്പു നല്കി

ന്യൂദല്‍ഹി: യെമനില്‍ ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഫാദര്‍ ടോം ഉഴുന്നാലിന്റെ മോചനത്തിനായി ഇടപെടുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. മോചനത്തിനായി കേന്ദ്രസര്‍ക്കാര്‍ സാധ്യമായ വഴികളെല്ലാം തേടുന്നുണ്ടെന്നും സുഷമ സ്വരാജ് ജോസ് കെ മാണി എം പിയോട് വ്യക്തമാക്കി.
അടിയന്തിര നടപടി ആവശ്യപ്പെട്ടുകൊണ്ട് അദ്ദേഹം വിദേശകാര്യമന്ത്രാലയത്തിനും മന്ത്രിയ്ക്കും നിവേദനം നല്‍കിയിരുന്നു.
ഫാദറിന്റെ വീഡിയോ കണ്ടുവെന്നും ഫാദര്‍ ഇന്ത്യന്‍ പൗരനാണെന്നും എല്ലാ ഇന്ത്യാക്കാരുടെയും ജീവന്‍ സര്‍ക്കാരിന് പ്രധാനപ്പെട്ടതാണെന്നും സുഷമ പറഞ്ഞു
കഴിഞ്ഞ ദിവസമാണ് വൈദികന്‍ ഫാ. ടോം ഉഴുന്നാലിന്റെ വീഡിയോ സന്ദേശം പുറത്തുവന്നത്. മോചനത്തിനായുള്ള നടപടികള്‍ വാര്‍ത്തകളില്‍ മാത്രം ഒതുങ്ങുകയാണെന്നും പ്രധാനമന്ത്രിയും രാഷ്ര്ടപതിയും കേന്ദ്രസര്‍ക്കാരും തന്റെ മോചനത്തിന് വേണ്ട നടപടികള്‍ എത്രയും വേഗം സ്വീകരിക്കണമെന്നും സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്ന സന്ദേശത്തില്‍ ഫാ. ടോം അഭ്യര്‍ഥിച്ചു.

മോചനത്തിനായി പ്രാര്‍ഥനകള്‍ യാചിക്കുന്ന സന്ദേശത്തില്‍, ഫ്രാന്‍സിസ് മാര്‍പാപ്പയുടെയും മെത്രാന്മാരുടെയും അടക്കം സഭാധികൃതരുടെ ഇടപെടലുകളും ഫാ. ടോം അഭ്യര്‍ഥിക്കുന്നുണ്ട്.

കഴിഞ്ഞ ജൂലൈയില്‍ പുറത്തുവന്ന വീഡിയോയിലേതുപോലെ താടിരോമങ്ങള്‍ വളര്‍ത്തിയ നിലയില്‍ അവശനായ ഫാ. ടോമിന്റെ മുഖമാണു പുതിയ വീഡിയോയിലുമുള്ളത്. ആറു മാസത്തിനുശേഷം പുറത്തുവന്ന വീഡിയോയിലും ഫാ. ടോമിന്റെ മുഖത്തിനോ താടിരോമങ്ങള്‍ക്കോ കാര്യമായ വ്യത്യാസമില്ല. അവശനെങ്കിലും പിന്നില്‍ ഒരു കര്‍ട്ടനുള്ള വീഡിയോയിലെ ചിത്രത്തിനും ശബ്ദത്തിനും കൂടുതല്‍ വ്യക്തതയുണ്ട്.

Facebook Comments

 

Leave a Reply

Your email address will not be published. Required fields are marked *