കോണ്‍ഗ്രസ് ഒതുക്കുകയാണെന്നും ഇനി യുഡിഎഫില്‍ തുടരുന്നതില്‍ കാര്യമില്ലെന്നും ജനതാദള്‍-യുണൈറ്റഡ്

തൃശൂര്‍ : കോണ്‍ഗ്രസ് ഒതുക്കുകയാണെന്നും ഇനി യുഡിഎഫില്‍ തുടരുന്നതില്‍ കാര്യമില്ലെന്നും ജനതാദള്‍-യുണൈറ്റഡ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു 14 ജില്ലാ കമ്മിറ്റികളില്‍ പന്ത്രണ്ടും  പാര്‍ടി യുഡിഎഫ് വിട്ട് എല്‍ഡിഎഫുമായി സഹകരിക്കണമെന്ന് ആവശ്യപ്പെട്ടതാണ്. എന്നാല്‍, യുഡിഎഫില്‍ തുടരാന്‍ നിര്‍ബന്ധിതമായി. തെരഞ്ഞെടുപ്പില്‍ ഒരു   നേട്ടവുമുണ്ടായില്ല. ഈ പശ്ചാത്തലത്തില്‍ രാഷ്ട്രീയ  തീരുമാനങ്ങളെടുക്കാന്‍  സംസ്ഥാന നേതൃത്വം തയ്യാറാവണമെന്ന് ജനതാദള്‍-യു തൃശൂര്‍ ജില്ലാകമ്മിറ്റി അതിരപ്പിള്ളിയില്‍ സംഘടിപ്പിച്ച ക്യാമ്പില്‍ അംഗീകരിച്ച രാഷ്ട്രീയ  പ്രമേയത്തില്‍ പറഞ്ഞു.

കോണ്‍ഗ്രസിനെയും കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിനെയും രൂക്ഷമായി വിമര്‍ശിക്കുന്നതാണ് പ്രമേയം. ജെഡിയു പ്രസിദ്ധീകരണമായ ‘ഇന്ത്യന്‍ സോഷ്യലിസ്റ്റി’ല്‍ പ്രമേയത്തിന്റെ പൂര്‍ണ രൂപം പ്രസിദ്ധീകരിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ ജില്ലയിലടക്കം പലയിടത്തും അര്‍ഹതയുണ്ടായിട്ടും  യുഡിഎഫ് സീറ്റ് നല്‍കിയില്ല. തൃശൂര്‍ മണ്ഡലത്തില്‍ ഒരു പ്രാവശ്യവും ചാലക്കുടിയില്‍ മൂന്നു തവണയും പാര്‍ടിക്ക് എംഎല്‍എമാര്‍ ഉണ്ടായിരുന്നു. തൃശൂരിലെ പഴയ നഗരസഭയും ഇരിങ്ങാലക്കുട നഗരസഭയും പാര്‍ടി നേതൃത്വം ഭരിച്ചിട്ടുണ്ട്. പഞ്ചായത്തുകളിലും ബ്ളോക് പഞ്ചായത്തുകളിലും ജില്ലാ പഞ്ചായത്തുകളിലും മെച്ചപ്പെട്ട പ്രാതിനിധ്യവുമുണ്ടായിരുന്നു. എന്നാല്‍ഗ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ജെഡിയുവിനോട് കോണ്‍ഗ്രസും യുഡിഎഫും കടുത്ത വിവേചനമാണ്  കാട്ടിയത്. പാര്‍ടിയെ തകര്‍ക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചു. കോണ്‍ഗ്രസിലെ ഗ്രൂപ്പുപോരും ജെഡിയുവിനെ അവഗണിക്കാന്‍ കാരണമായി.

കേരള കോണ്‍ഗ്രസ് മാണി  വിഭാഗം യുഡിഎഫ് വിട്ടപ്പോള്‍ ഒഴിവു വന്ന നേതൃസ്ഥാനങ്ങള്‍ ജെഡിയുവിന് ലഭിച്ചില്ല. സഹകരണ സംഘങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലും    അവഗണിച്ചു. യുഡിഎഫ് തോല്‍ക്കുമെന്ന് ഉറപ്പുള്ള സംഘങ്ങളില്‍ പോലും സീറ്റ് നല്‍കാതെ ജെഡിയുവിനെ അസാധുവാക്കാനാണ് കോണ്‍ഗ്രസ് ശ്രമിച്ചത്. യുഡിഎഫ് നടത്തിയ എല്ലാ സമരങ്ങളിലും കോണ്‍ഗ്രസ് കഴിഞ്ഞാല്‍ കൂടുതല്‍ പ്രവര്‍ത്തകരെ പങ്കെടുപ്പിക്കുന്നത് ജെഡിയുവാണ്. എന്നിട്ടും  തെരഞ്ഞെടുപ്പുകളില്‍ പാര്‍ടിക്ക് അര്‍ഹതപ്പെട്ട സീറ്റ് ലഭിക്കുന്നില്ല.
സഹകരണമേഖലയെ തകര്‍ക്കാനുള്ള മോഡി സര്‍ക്കാരിന്റെ നീക്കം അപലപനീയമാണ്. ഇതിനെതിരെ നടക്കുന്ന ജനകീയ സമരങ്ങളില്‍ യോജിക്കാവുന്ന മുഴുവന്‍ ജനാധിപത്യ ശക്തികളുമായും സഹകരിക്കുമെന്നും പ്രമേയത്തില്‍ പറഞ്ഞു.

 

Facebook Comments

 

Leave a Reply

Your email address will not be published. Required fields are marked *