അഖിലേന്ത്യ അന്തര്‍സര്‍വകലാശാല മീറ്റിന് കോയമ്പത്തൂരിലെ നെഹ്റു സ്റ്റേഡിയത്തില്‍ ഇന്ന് തുടക്കമാകും.

അഖിലേന്ത്യ അന്തര്‍സര്‍വകലാശാല മീറ്റിന് കോയമ്പത്തൂരിലെ നെഹ്റു സ്റ്റേഡിയത്തില്‍ ഇന്ന് തുടക്കമാകും. ഇന്ത്യയിലെ 170 ഓളം സര്‍വകലാശാലകളില്‍നിന്ന് മൂവായിരത്തോളം കായികതാരങ്ങള്‍ അഞ്ചുനാള്‍ നീളുന്ന മേളയില്‍ മാറ്റുരയ്ക്കും. പുരുഷവിഭാഗം 5000 മീറ്ററോടെ മത്സരങ്ങള്‍ തുടങ്ങും. 100 മീറ്റര്‍, ലോങ്ജമ്പ്, ഹൈജമ്പ്, ട്രിപ്പിള്‍ജമ്പ് ഉള്‍പ്പെടെ 12 ഇനങ്ങളുടെ ഹീറ്റ്സ് ആദ്യദിനം അരങ്ങേറും. വനിതകളുടെ പോള്‍വോള്‍ട്ട് മാത്രമാണ് ആദ്യദിനത്തിലെ ഫൈനല്‍. കേരളത്തില്‍നിന്നുള്ള ടീമുകള്‍ ചൊവാഴ്ച രാവിലെ സ്റ്റേഡിയത്തില്‍ പരിശീലനം നടത്തി. കലിക്കറ്റ്, എംജി ടീമുകള്‍ കരുത്തുറ്റ നിരയുമായാണ് എത്തിയിരിക്കുന്നത്. കേരളാ ടീമുകളുടെ പ്രധാന എതിരാളികള്‍ നിലവിലെ ഒന്നും രണ്ടും സ്ഥാനക്കാരായ പഞ്ചാബിയും മംഗളൂരുവുമാണ്. എന്നാല്‍, മികച്ച 14 താരങ്ങള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാനാകാത്തത് പഞ്ചാബിന് തിരിച്ചടിയാണ്.

കലിക്കറ്റിന്റെ പി യു ചിത്ര ആദ്യദിനം ട്രാക്കിലിറങ്ങും. 5000 മീറ്റര്‍ ഹീറ്റ്സില്‍ ചിത്ര മത്സരിക്കും. കലിക്കറ്റിന്റെ സ്പ്രിന്റ് പ്രതീക്ഷയായ എം സുഗിന, ജിജിന്‍, രഗില്‍ എന്നിവരും ആദ്യനാള്‍ ട്രാക്കിലിറങ്ങും. വനിതാ കിരീടം ഇത്തവണ ആര്‍ക്കും വിട്ടുകൊടുക്കില്ലെന്ന വാശിയിലാണ് എംജി സര്‍വകലാശാല. 100ല്‍ രമ്യ രാജന്‍, കെ മഞ്ജു എന്നിവര്‍ ഇന്നിറങ്ങും. പോള്‍വോള്‍ട്ടില്‍ രേഷ്മ രവീന്ദ്രന്‍, സിഞ്ജു പ്രകാശ് എന്നിവര്‍ മെഡല്‍പ്രതീക്ഷകളാണ്. ട്രിപ്പിളില്‍ അഞ്ജലി ജോസ് മത്സരിക്കുന്നു.
ഒളിമ്പ്യന്‍ എ ധരുണാണ് മംഗളൂരുവിന്റെ പ്രധാന താരം. പട്യാലയില്‍ കഴിഞ്ഞവര്‍ഷം 400, 400 ഹര്‍ഡില്‍സ് സ്വര്‍ണം നേടിയ ധരുണ്‍ പരിക്കുകാരണം 400 ഹര്‍ഡില്‍സില്‍ മാത്രമാണ് മത്സരിക്കുന്നത്. ഒളിമ്പിക്സ് ടീമില്‍നിന്നു പുറത്താക്കപ്പെട്ട മലയാളി താരം അനു രാഘവന്‍ 400, 400 ഹര്‍ഡില്‍സ് ഇനങ്ങളില്‍ മംഗളൂരുവിനായി ട്രാക്കിലിറങ്ങും. മലയാളിതാരങ്ങളായ ശ്രീനിത് മോഹന്‍ (ഹൈജമ്പ്), ശ്രീജിത് (ട്രിപ്പിള്‍), ശില്‍പ്പ ചാക്കോ (ട്രിപ്പിള്‍) എന്നിവരും മംഗളൂരുവിനായി ഇറങ്ങുന്നു.

നിലവിലെ ഓവറോള്‍ ചാമ്പ്യന്‍മാരായ പഞ്ചാബി പ്രധാന താരങ്ങളുടെ അഭാവത്തിലും നേട്ടം ആവര്‍ത്തിക്കാനുള്ള ഒരുക്കത്തിലാണ്. പഞ്ചാബ് പൊലീസിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ അഭിമുഖം 12ന് നടക്കുന്നതിനാലാണ് ഇവര്‍ക്ക് താരങ്ങളെ നഷ്ടമായത്. കഴിഞ്ഞതവണ മെഡല്‍ നേടിയ 10 പുരുഷതാരങ്ങളും നാല് വനിതകളുമാണ് ടീമിനൊപ്പമില്ലാത്തത്. സര്‍ക്കാരിന്റെ പ്രത്യേക അനുമതിയോടെ ഇവര്‍ അവസാനനിമിഷം എത്തുമെന്ന നേരിയ പ്രതീക്ഷയിലാണ് ടീം.
അണ്ണാ സര്‍വകലാശാല ആതിഥേയരാകുന്ന ചാമ്പ്യന്‍ഷിപ്പിന്റെ തുടക്കംമുതല്‍ പരാതിപ്രവാഹമാണ്. സംഘാടകരുടെ ഭാഗത്തുനിന്ന് കാര്യമായ സഹകരണമില്ലാത്തത് ടീമുകളെ വലയ്ക്കുന്നു. സ്റ്റേഡിയത്തിന് 30 കിലോമീറ്ററിലധികം ദൂരെയാണ് താമസത്തിന് സൌകര്യം ഒരുക്കിയത്. അതിനാല്‍ പ്രമുഖ ടീമുകളെല്ലാം സ്വന്തം ചെലവില്‍ സ്റ്റേഡിയത്തിന്റെ പരിസരത്താണ് തങ്ങുന്നത്.

Facebook Comments

 

Leave a Reply

Your email address will not be published. Required fields are marked *