വി.എസ് കേന്ദ്രക്കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാതെ വസതിയിലേക്ക് മടങ്ങി.

മുതിർന്ന സി.പി.എം നേതാവ് വി.എസ് അച്യുതാനന്ദൻ അഖിലേന്ത്യ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി കൂടിക്കാഴ്ച നടത്തി. വി.എസ് അചുതാനന്ദനെ പാര്‍ട്ടിയുടെ ഏത് ഘടകത്തിൽ ഉൾപ്പെടുത്തണമെന്നത് സംബന്ധിച്ച് കേന്ദ്ര കമ്മിറ്റിയിൽ ഭിന്നത രൂക്ഷമായ സാഹചര്യത്തിൽ കൂടിയാണ് കൂടിക്കാഴ്ച എന്നതും ശ്രദ്ധേയമാണ്. വി.എസിന് സംസ്ഥാന സെക്രട്ടേറിയറ്റില്‍ അംഗത്വം നല്‍കാനാവില്ലെന്ന നിലപാടില്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വം ഉറച്ചു നില്‍ക്കുകയാണ്. മുമ്പ് പലതവണ പാര്‍ട്ടി അച്ചടക്കം ലംഘിച്ച ആളാണെന്നും അതിനാൽ സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടുത്തുന്നത് അംഗീകരിക്കാനാവില്ലെന്നുമാണ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്.

ഈ നിലപാട് യെച്ചൂരി വി.എസിനെ അറിയിച്ചതായാണ് സൂചന. തുടര്‍ന്ന് വി.എസ് കേന്ദ്രക്കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാതെ വസതിയിലേക്ക് മടങ്ങിയിരുന്നു. പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടുത്തണമെന്നാണ് വി എസിന്‍റെ ആവശ്യം. അതേസമയം, വി.എസ് അച്യുതാനന്ദന്റെ അച്ചടക്ക ലംഘനം സംബന്ധിച്ച് പോളിറ്റ് ബ്യൂറോ കമ്മീഷന്‍ റിപ്പോര്‍ട്ട് ഇന്ന് കേന്ദ്രക്കമ്മിറ്റി പരിഗണിക്കും. സംഘടനാ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോഴായിരിക്കും വി. എസിനെതിരായ പി.ബി കമ്മീഷന്‍ റിപ്പോര്‍ട്ട് കേന്ദ്ര കമ്മിറ്റി പരിഗണിക്കുക. എന്നാൽ വി.എസിനെതിരെ കമ്മീഷന്‍ നടപടിക്ക് ശുപാര്‍ശ ചെയ്തിട്ടില്ല. എന്ത് നടപടി സ്വീകരിക്കണമെന്ന കാര്യത്തില്‍ കേന്ദ്ര കമ്മിറ്റിയാണ് അന്തിമ തീരുമാനമെടുക്കുന്നത്. വി.എസിനെതിരെ കടുത്ത നടപടികള്‍ ഉണ്ടാകില്ലെന്നാണ് സൂചന.

Facebook Comments

 

Leave a Reply

Your email address will not be published. Required fields are marked *