വെനസ്വേലയില്‍ ജനക്കൂട്ടം വ്യാപാരകേന്ദ്രങ്ങള്‍ കൊള്ളയടിക്കുന്നു.

നോട്ട് അസാധുവാക്കല്‍ നടപ്പിലാക്കിയ വെനസ്വേലയില്‍ അവശ്യ വസ്തുക്കള്‍ക്കായി ജനങ്ങള്‍ വ്യാപാര കേന്ദ്രങ്ങള്‍ കൊള്ളയടിക്കുന്നു. നോട്ട് അസാധുവാക്കിയ നടപടി മരവിപ്പിച്ചെങ്കിലും വെനസ്വേലയില്‍ സ്ഥിതി സങ്കീര്‍ണമായി തുടരുകയാണ്. അതിനിടെ 8 ദിവസത്തിന് ശേഷം വെനസ്വേല- കൊളംബിയ അതിര്‍ത്തി തുറന്നു.
രാജ്യത്ത് ഏറെ പ്രചാരമുണ്ടായിരുന്ന 100 ബൊളിവര്‍ ബില്ല് പിന്‍വലിച്ച നടപടി മരവിപ്പിച്ചതിന് ശേഷവും നോട്ട് ക്ഷാമമാണ് വെനസ്വേലയില്‍ കാര്യങ്ങള്‍ പ്രതിസന്ധിയിലാക്കിയത്. വ്യാപാര കേന്ദ്രങ്ങള്‍ വ്യാപകമായി കൊള്ളയടിക്കപ്പെട്ടു. കൊള്ളയടി ചെറുക്കുന്നതിന് തദ്ദേശീയര്‍ ആയുധങ്ങളുമായി വിവിധ കെട്ടിടങ്ങള്‍ക്ക് കാവല്‍‌ നില്‍ക്കുകയാണ്. ചിലയിടങ്ങളില്‍ ബാരിക്കേഡുകളും തീര്‍ത്തിട്ടുണ്ട്. വിവിധ ഇടങ്ങളില്‍ സൈന്യം ചെക്ക് പോസ്റ്റുകളും സ്ഥാപിച്ചിട്ടുണ്ട്. അതേസമയം, നിലവിലെ പ്രശ്നങ്ങള്‍ക്ക് പിന്നില്‍ പ്രതിപക്ഷത്തിന്റെ പ്രേരണയാണെന്ന് ഭരണപക്ഷം ആരോപിച്ചു.

അതിനിടെ വിവിധ ഭാഗങ്ങളില്‍ തുടരുന്ന പ്രതിഷേധങ്ങള്‍ക്കെതിരായ പൊലീസ് നടപടിയില്‍ മൂന്ന് പേര്‍ മരിക്കുകയും 400 ല്‍ ഏറെ പേര്‍‍ അറസ്റ്റിലായെന്നുമാണ് ഔദ്യോഗിക സ്ഥിരീകരണം. ക്രിസ്മസിനായുള്ള ആവശ്യങ്ങള്‍ക്കും മറ്റും പണം ഉപയോഗിക്കാന്‍ ലഭിക്കാത്തതും പ്രതിഷേധങ്ങള്‍ രൂക്ഷമാക്കുന്നുണ്ട്. നോട്ട് പിന്‍വലിക്കലിനോടനുബന്ധിച്ച് അടച്ച വെനസ്വേല – കൊളംബിയ അതിര്‍ത്തി തുറന്നു. ആയിരക്കണക്കിന് പേര്‍ കൊളംബിയയിലെത്തി അവശ്യ വസ്തുക്കള്‍ വാങ്ങി. കൊളംബിയന്‍ അതിര്‍ത്തിയിലെ മാഫിയ സംഘങ്ങള്‍ 100 ബൊളിവര്‍ ബില്ലുകള്‍ മാഫിയ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്നെന്ന് ആരോപിച്ചാണ് പ്രസിഡന്റ് നിക്കോളാസ് മദുറോ നോട്ട് പിന്‍വലിക്കല്‍ പ്രഖ്യാപിച്ചത്.
Photo from Reuters

Facebook Comments

 

Leave a Reply

Your email address will not be published. Required fields are marked *